മേഘ കമ്പനിയുടെ ക്യാമ്പില്‍ തൊഴിലാളിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലെ 3 പ്രതികള്‍ മഹാരാഷ്ട്രയില്‍ പിടിയില്‍

കപൂര്‍ത്തല സ്വദേശികളായ ഹര്‍ഷിമ്രാന്‍ ജിത്ത് സിംഗ്, പിതാവ് രഞ്ജിത് സിംഗ് ഒപ്പമുണ്ടായിരുന്ന മണി സിംഗ് എന്നിവരാണ് പിടിയിലായത്;

Update: 2025-09-18 04:59 GMT

പൊയിനാച്ചി: ദേശീയപാത നിര്‍മാണ കരാര്‍ കമ്പനിയായ മേഘയുടെ ക്യാമ്പില്‍ തൊഴിലാളിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലെ മൂന്നുപ്രതികള്‍ മഹാരാഷ്ട്രയില്‍ പിടിയിലായി. കപൂര്‍ത്തല സ്വദേശികളായ ഹര്‍ഷിമ്രാന്‍ ജിത്ത് സിംഗ്, പിതാവ് രഞ്ജിത് സിംഗ് ഒപ്പമുണ്ടായിരുന്ന മണി സിംഗ് എന്നിവരാണ് പിടിയിലായത്. പഞ്ചാബ് തരണിലെ ലോഹര്‍ സ്വദേശി ഗുര്‍ഭോജ് സിംഗിനാണ് കഴിഞ്ഞദിവസം രാത്രി മൈലാട്ടിയിലെ മേഘാ കമ്പനിയുടെ ക്യാമ്പില്‍ വച്ച് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ ഗുര്‍ഭോജ് സിംഗ് മംഗളൂരു ആസ്പത്രിയില്‍ ചികിത്സയിലാണ്.

അക്രമത്തിനുശേഷം രക്ഷപ്പെട്ട പ്രതികള്‍ക്കെതിരെ ബേക്കല്‍ പൊലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു. തുടര്‍ന്ന് ബേക്കല്‍ ഡി.വൈ.എസ്.പി വിവി മനോജ്, ഇന്‍സ്‌പെക്ടര്‍ എംവി ശ്രീദാസ് എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.

ലുക്കൗട്ട് നോട്ടീസിറക്കി പ്രതികളെ കണ്ടെത്താന്‍ പൊലീസ് റെയില്‍വേയുടെ സഹായം തേടി. അതിനിടെ ഗാന്ധി ധാം വീക്കിലി എക്‌സ്പ്രസ്സില്‍ പ്രതികള്‍ നാട്ടിലേക്ക് പോകുകയാണെന്ന വിവരം രഹസ്യാേേന്വഷണ വിഭാഗത്തിന് ലഭിച്ചു. ആര്‍.പി.എഫ് എസ്.ഐ സുനില്‍, ഹെഡ് കോണ്‍സ്റ്റബിള്‍ സത്താര്‍, കോഴിക്കോട് ഐ.ആര്‍. പി സ്‌ക്വാഡിലെ ബിപിന്‍ മാത്യു എന്നിവര്‍ വിവരം ഗോവ ആര്‍.പി.എഫിന് കൈമാറി.

അപ്പോഴേക്കും ട്രെയിന്‍ മഹാരാഷ്ട്രയിലെ രത്‌നഗിരി റെയില്‍വേസ്റ്റേഷന്‍ പിന്നിട്ടിരുന്നു. പിന്നീട് സമീപമുള്ള ചിപ്‌ളുന്‍ റെയില്‍വേ സ്റ്റേഷനില്‍ ഗാന്ധി ധാം എക്‌സ്പ്രസ്സ് നിര്‍ത്തിച്ചാണ് പ്രതികളെ പിടികൂടിയത്. വിവരമറിഞ്ഞ് ബേക്കല്‍ പൊലീസ് മഹാരാഷ്ട്രയിലേക്ക് പോയി.

Similar News