കാസര്‍കോട് ജില്ലയില്‍ അടക്കം നിരവധി കവര്‍ച്ചാ കേസുകളില്‍ പ്രതികളായ 2 പേര്‍ കര്‍ണാടകയില്‍ പിടിയില്‍
മുറത്തണ സ്വദേശി ശിഹാബ്, ദേര്‍ലക്കട്ടയിലെ അബ്ദുല്‍ മുദസിര്‍ എന്നിവരെയാണ് കാസര്‍കോട് എ.എസ്.പി നന്ദഗോപന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്;
കാസര്‍കോട്: കാസര്‍കോട് ജില്ലയിയിലും കര്‍ണാടകയിലും ഉള്‍പ്പെടെ നിരവധി കവര്‍ച്ചാ കേസുകളില്‍ പ്രതികളായ രണ്ടു പേര്‍ കര്‍ണാടകയില്‍ പൊലീസ് പിടിയിലായി. കര്‍ണാടക അതിര്‍ത്തിയിലെ മുറത്തണ സ്വദേശി ശിഹാബ്(38), ദേര്‍ലക്കട്ടയിലെ അബ്ദുല്‍ മുദസിര്‍(28) എന്നിവരെയാണ് കാസര്‍കോട് എ.എസ്.പി നന്ദഗോപന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച പുലര്‍ച്ചെ 3.30 മണിയോടെയാണ് രണ്ടുപേരെയും അന്വേഷണ സംഘം പിടികൂടിയത്. ശിഹാബിനെ മുറത്തണ ബട്ടിപ്പടവിലെ വീടുവളഞ്ഞ് പിടികൂടുകയായിരുന്നു. പൊലീസ് എത്തിയപ്പോള്‍ മാരകായുധം കയ്യില്‍ വച്ച് ശിഹാബ് ആത്മഹത്യാ ഭീഷണി മുഴക്കി. ശിഹാബിനെ പൊലീസ് ബലമായി കസ്റ്റഡിയിലെടുക്കുകയായിരുന്നു. മുദസീറിനെ ദേര്‍ലക്കട്ടയിലെ വീട്ടില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.
ബദിയഡുക്ക സ്റ്റേഷനിലെ എ.എസ്.ഐ പി.കെ പ്രസാദ് പുല്ലൂര്‍, സിവില്‍ പൊലീസ് ഓഫീസര്‍ മുഹമ്മദ് ആരിഫ് ആരിക്കാടി, കാസര്‍കോട് പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ പിപി ഷൈജു, വിദ്യാനഗര്‍ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ ബി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ഉള്‍പ്പെടുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
ആഗസ്ത് 25 ന് രാത്രി പുല്ലൂരിലെ പ്രവാസി പി പത്മനാഭന്റെ വീട്ടില്‍ കവര്‍ച്ചാശ്രമം നടത്തിയ കേസിലും ശിഹാബും അബ്ദുല്‍ മുദസീറും പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.