16കാരനെ പീഡിപ്പിച്ച കേസില്‍ അധ്യാപകന്‍ ഉള്‍പ്പെടെ 2 പേര്‍ കൂടി അറസ്റ്റില്‍; ഇതുവരെ പിടിയിലായത് 15 പ്രതികള്‍

അധ്യാപകനായ കോട്ടയം പൊയില്‍ പുളിയുള്ള പറമ്പില്‍ ജിതിന്‍ ദാസ്, ചെങ്ങന്നൂര്‍ സ്വദേശി അബ്ദുള്‍ കലാം ആസാദ് എന്നിവരാണ് പിടിയിലായത്;

Update: 2025-09-20 04:55 GMT

കാഞ്ഞങ്ങാട്: ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. അധ്യാപകനായ കോട്ടയം പൊയില്‍ പുളിയുള്ള പറമ്പില്‍ ജിതിന്‍ ദാസ്(34), ചെങ്ങന്നൂര്‍ സ്വദേശി അബ്ദുള്‍ കലാം ആസാദ്(67) എന്നിവരാണ് പിടിയിലായത്. ജിതിന്‍ ദാസിനെ തലശ്ശേരി പൊലീസും അബ്ദുള്‍ കലാം ആസാദിനെ കൊച്ചി എളമക്കര പൊലീസുമാണ് അറസ്റ്റുചെയ്തത്.

16കാരനെ ഇടപ്പള്ളിയിലും നോര്‍ത്തിലും വച്ചാണ് അബ്ദുള്‍ കലാം ആസാദ് പീഡിപ്പിച്ചതെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. 16 കാരനുമായി ഓണ്‍ലൈന്‍ ചാറ്റിംഗിലൂടെയാണ് അബ്ദുള്‍ കലാം ആസാദ് അടുപ്പം സ്ഥാപിച്ചത്. തുടര്‍ന്ന് നോര്‍ത്ത് റെയില്‍വെ സ്‌റ്റേഷനില്‍ വന്നിറങ്ങിയ കുട്ടിയെ പ്രതി കാറില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്.

അറസ്റ്റിലായ ജിതിന്‍ ദാസിനേയും അബ്ദുള്‍ കലാം ആസാദിനേയും കോടതി റിമാണ്ട് ചെയ്തു. ഇതോടെ കേസിലെ 16 പ്രതികളില്‍ 15 പേരും റിമാണ്ടിലായിരിക്കുകയാണ്. ഇനി ഒരു പ്രതി കൂടിയാണ് അറസ്റ്റിലാകാനുള്ളത്. തൃക്കരിപ്പൂരിലെ മുസ്ലീം ലീഗ് പ്രാദേശിക നേതാവ് സിറാജുദ്ദീന്‍ വടക്കുമ്പാടാണ് പൊലീസിന് പിടികൊടുക്കാതെ ഒളിവില്‍ കഴിയുന്നത്.

Similar News