അനന്തപുരത്ത് 110 കെ.വി സബ്‌സറ്റേഷന്‍ ആലോചനയില്‍; എസ്റ്റിമേറ്റ് സമര്‍പ്പിക്കാന്‍ മന്ത്രിയുടെ നിര്‍ദേശം
കാസര്‍കോട്: ജില്ലയുടെ വ്യവസായ വികസനത്തിന് ഏറെ സംഭാവനകള്‍ നല്‍കുന്ന അനന്തപുരം വ്യവസായ എസ്റ്റേറ്റിലെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ 110 കെ.വി സബ്‌സ്‌റ്റേഷന്‍ സ്ഥാപിക്കുന്നത് ആലോചനയില്‍. അനന്തപുരത്ത് 110 കെ.വി സബ് സ്റ്റേഷന്‍ സ്ഥാപിക്കുന്നതിനുള്ള സ്ഥലം നല്‍കാമെന്ന് വ്യവസായ വകുപ്പ് അറിയിച്ചതായി വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍ കുട്ടി പറഞ്ഞു. പദ്ധതിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി അടിയന്തിരമായി സമര്‍പ്പിക്കാന്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
വൈദ്യുതി വിതരണം കാര്യക്ഷമമല്ലാത്തതിനാല്‍ വലിയ നഷ്ടം സംഭവിക്കുന്നുവെന്നും അതുകൊണ്ട് അനന്തപുരം വ്യവസായ മേഖലയില്‍ 110 കെ.വി സബ്‌സറ്റേഷന്‍ സ്ഥാപിക്കണമെന്നും നേരത്തെ തന്നെ വ്യവസായികള്‍ ആവശ്യം ഉന്നയിച്ചിരുന്നു. ആവശ്യമായ വൈദ്യുതി ലഭ്യമാകാത്തത് വ്യവസായ മേഖലയുടെ നിലനില്‍പ്പിനും പുതിയ വ്യവസായങ്ങള്‍ കടന്നുവരുന്നതിനും പ്രതിസന്ധി സൃഷ്ടിക്കുകയാണ്. അന്തപുരത്തെ നിലവിലെ 33 കെ.വി സബ്‌സ്റ്റേഷന്‍ 110 കെ.വി ആയി ഉയര്‍ത്തണമെന്നും ആവശ്യമുയര്‍ന്നു. തുടര്‍ന്ന് വൈദ്യുതി മേഖലയിലെ തടസ്സങ്ങള്‍ ജില്ലയിലെ വ്യാവസായിക മേഖലയുടെ വികസനത്തിനു പ്രതിസന്ധിയായി തുടരുന്നുവെന്നും ജില്ലയില്‍ സോളാര്‍ പാര്‍ക്ക് സ്ഥാപിക്കണമെന്നും കാണിച്ച് കഴിഞ്ഞ മാസം നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് വ്യവസായ മന്ത്രി പി രാജീവിന് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് വൈദ്യുതി വകുപ്പ് മന്ത്രിയുടെ ഇടപെടല്‍. വ്യാഴാഴ്ച ജില്ലയിലെത്തിയ മന്ത്രി ഉദ്യോഗസ്ഥരുമായി വിഷയം ചര്‍ച്ച ചെയ്തു. കേരള ചെറുകിട വ്യവസായ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി, ജില്ലയിലെ വൈദ്യുതി പ്രശ്നങ്ങള്‍ മന്ത്രിയെ ധരിപ്പിച്ചു.