ഉപ്പളയില്‍ വീടിന് നേരെ വെടിവെപ്പ് നടത്തിയ സംഭവത്തില്‍ പൊലീസ് നട്ടം തിരിഞ്ഞത് 15മണിക്കൂര്‍; ഒടുവില്‍ കുടുങ്ങിയത് 15കാരന്‍
വീട്ടില്‍ സൂക്ഷിച്ചിരുന്ന എയര്‍ഗണ്‍ എടുത്ത് ഗ്ലാസിലേക്ക് വെടിവച്ചത് 15 കാരന്‍;
ഉപ്പള : ഉപ്പളയില്‍ വീടിന് നേരെ വെടിവെപ്പ് നടത്തിയ സംഭവത്തില്‍ പ്രതികള്‍ക്ക് വേണ്ടി പൊലീസ് നട്ടം തിരിഞ്ഞത് 15 മണിക്കൂര്‍. അവസാനം കുടുങ്ങിയത് 15 കാരന്‍. ഉപ്പള ഹിദായത്ത് ബസാറില്‍ ശനിയാഴ്ച രാത്രി 10 മണിയോടെ വീടിന് നേരെ ആരോ വെടിവെച്ചുവെന്നാണ് മഞ്ചേശ്വരം പൊലീസിന് വിവരം കിട്ടിയത്. സംഭവം അറിഞ്ഞ ഉടനെ മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ അജിത്ത് കുമാറും സംഘവും കുതിച്ചെത്തി പരിശോധനക്കെത്തുമ്പോള്‍ സംഭവം അറിഞ്ഞ് നാട്ടുകാര്‍ വീട്ടിലെത്തിയിരുന്നു.
പ്രധാന ഗേറ്റ് അടച്ചതിന് ശേഷം പൊലീസ് അകത്ത് കയറി പരിശോധിച്ചപ്പോള്‍ വീടിന്റെ രണ്ടാം നിലയിലെ ഗ്ലാസ് തകര്‍ന്ന നിലയില്‍ കണ്ടെത്തി. ഗൃഹനാഥനെ രാത്രി തന്നെ പൊലീസ് വീട്ടില്‍ വെച്ച് ചോദ്യം ചെയ്തപ്പോള്‍ രാവിലെ ഞങ്ങള്‍ ഒരു വിവാഹ പരിപാടിക്ക് പോയതായിരുന്നുവെന്നും രാത്രി എട്ടു മണിയോടെ തിരിച്ചെത്തിയെന്നും വീട്ടില്‍ എന്റെ 15 വയസുകാരനായ മകന്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നും വെളിപ്പെടുത്തി. 15 കാരനോട് പൊലീസ് സംഭവത്തെക്കുറിച്ച് ആരാഞ്ഞപ്പോള്‍ വൈകിട്ട് 5 മണിയോടെ വെള്ള നിറത്തിലുള്ള ഒരു ഷിഫ്റ്റ് കാറില്‍ എത്തിയ സംഘം വെടിയുതിര്‍ത്തുവെന്നാണ് കുട്ടി പൊലീസിനോട് പറഞ്ഞത്.
പൊലീസ് രാത്രി തന്നെ പ്രതികള്‍ക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കി. ഇതിനിടെ വീട്ടുടമയുടെ മകന്‍ ഒന്നരയാഴ്ച മുമ്പ് വിദേശത്ത് നിന്ന് നാട്ടിലെത്തിയിരുന്നുവെന്നും മകന്‍ വിദേശത്ത് സ്വര്‍ണ്ണ ഇടപാടുകള്‍ നടത്തുന്നുണ്ടെന്നും വെടിവെപ്പിന് പിന്നില്‍ സ്വര്‍ണ്ണക്കടത്ത് സംഘമാണെന്നുമുള്ള വ്യാജ പ്രചാരണം നടന്നു. പൊലീസ് മറ്റൊരു വഴിയില്‍ അന്വേഷണം നടത്തി. കാര്‍ കണ്ടെത്താന്‍ ഞായറാഴ്ച രാവിലെ സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ കുട്ടി പറഞ്ഞത് പോലെ ഒരു കാര്‍ നാല് മണിക്കും അഞ്ചര മണിക്കുമിടയില്‍ കടന്നു പോയതായി കണ്ടെത്താന്‍ കഴിഞ്ഞില്ല.
ഇത് പൊലീസിന് തല വേദന സ്യഷ്ടിച്ചു. ഉച്ചയോടെ ഫോറന്‍സിക് വിദഗ്ധര്‍ വീട്ടിലെത്തി പരിശോധന നടത്തി. കൂടുതല്‍ തെളിവ് കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ വൈകിട്ട് 5 മണിയോടെ കുട്ടിയടക്കം പൊലീസ് സ്റ്റേഷനിലെത്താന്‍ വീട്ടുകാരോട് ആവശ്യപ്പെട്ടു. കുട്ടിയെ പൊലീസ് കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന എയര്‍ഗണ്‍ എടുത്ത് ഞാന്‍ തന്നെയാണ് ഗ്ലാസിലേക്ക് വെടിവെച്ചതെന്ന് വെളിപ്പെടുത്തി. വീട്ടുകാരെ പേടിച്ചാണ് സംഭവം പുറത്ത് പറയാത്തതെന്നായിരുന്നു കുട്ടിയുടെ മറുപടി. ഇതോടെയാണ് പൊലീസിനും വീട്ടുകാര്‍ക്കും ശ്വാസം തിരിച്ചു കിട്ടിയത്. പിന്നീട് കുട്ടിയെ ബന്ധുകളുടെ കൂടെ വിട്ടയക്കുകയും ചെയ്തു.