സിവില്‍-ജുഡീഷ്യല്‍ ജീവനക്കാരാണ് ജുഡീഷ്യറിയുടെ മുഖമുദ്രയെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്‍
കണ്ണൂരിനെയും കാസര്‍കോടിനെയും പേരുദോഷമുള്ള നാടാണെന്ന് പറയുന്നത് വെറുതെയാണെന്നും ജസ്റ്റിസ്;
കാഞ്ഞങ്ങാട്: സിവില്‍-ജുഡീഷ്യല്‍ ജീവനക്കാരാണ് ജുഡീഷ്യറിയുടെ മുഖമുദ്രയെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്‍. കേരള സിവില്‍ ജുഡീഷ്യല്‍ സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന സമ്മേളനം ഗ്രാന്റ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവനക്കാരുടെ ക്ഷമ ജുഡീഷ്യറിയുടെ വിജയം കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂരിനെയും കാസര്‍കോടിനെയും പേരുദോഷമുള്ള നാടാണെന്ന് പറയുന്നത് വെറുതെയാണെന്നും ജസ്റ്റിസ് പറഞ്ഞു. മനോഹരമായ നാടാണിത്, ഒരക്രമവും ഇല്ലാത്ത നല്ല നാട്. നല്ല പരിപാടികള്‍, നല്ല സാംസ്‌കാരിക പരിപാടികള്‍ എന്നിവയുള്ള ഈ പ്രദേശം മതേതരത്വം ഏറ്റവും കൂടുതല്‍ ഊട്ടിയുറപ്പിക്കുന്ന സ്ഥലങ്ങള്‍ കൂടിയാണ്. ഇവിടത്തുകാര്‍ ഒട്ടും കുഴപ്പക്കാരല്ല. താന്‍ ചിരിച്ചുകൊണ്ടാണ് കേസുകള്‍ കൈകാര്യം ചെയ്യുന്നതെന്ന് പലരും പറയാറുണ്ടെന്ന് അദ്ദേഹം സന്ദര്‍ഭവശാല്‍ സൂചിപ്പിച്ചു. കോടതി ജീവനക്കാരും ചിരിച്ചുകൊണ്ട് അഭിഭാഷകരെയും കക്ഷികളെയും സമീപിക്കണമെന്നും അദ്ദേഹം പറഞ്ഞു. സുകുമാര്‍ അഴീക്കോട് പറഞ്ഞ കഥയിലെ അബ്ദുല്ലയുടെ മനസുള്ളവരാണ് നമുക്ക് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന പ്രസിഡണ്ട് ഇ.എ ദിനേശ് കുമാര്‍ അധ്യക്ഷത വഹിച്ചു. രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യപ്രഭാഷണം നടത്തി. എം.എല്‍.എമാരായ ഇ. ചന്ദ്രശേഖരന്‍, എന്‍.എ നെല്ലിക്കുന്ന്, കുടുംബകോടതി ജഡ്ജി സി. ദീപു, പോക്സോ കോടതി ജഡ്ജി രാജു രമേശ്, ചന്ദ്രബാനു, അഡ്വ. പി. നാരായണന്‍, അഡ്വ. എ. ഗോപാലന്‍ നായര്‍, അഡ്വ. കെ. ശ്രീകാന്ത്, എച്ച്.എ നാഗേഷ്, സി.ആര്‍ ജീവേഷ്, എച്ച്.വി ദയാനന്ദ തുടങ്ങിയവര്‍ പ്രസംഗിച്ചു.