വീട്ടുമുറ്റത്ത് നിന്ന് 11 ലക്ഷം രൂപ വിലയുള്ള ടൊയോട്ട കാര്‍ മോഷ്ടിച്ച് കടത്തിയ കേസില്‍ കാസര്‍കോട് സ്വദേശി ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍
അറസ്റ്റിലായ പ്രതികള്‍
കാസര്‍കോട്: വീട്ടുമുറ്റത്ത് നിന്ന് 11 ലക്ഷം രൂപ വിലയുള്ള ടൊയോട്ട കാര്‍ മോഷ്ടിച്ചുകടത്തിയ കേസില്‍ മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. മേല്‍പ്പറമ്പ് സ്വദേശിയും കളനാട്ടെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസക്കാരനുമായ റംസാന്‍ സുല്‍ത്താന്‍ ബഷീര്‍(25), തളങ്കര തെരുവത്ത് സ്വദേശിയും മേല്‍പ്പറമ്പിലെ ക്വാര്‍ട്ടേഴ്സില്‍ താമസക്കാരനുമായ ടി.എച്ച് ഹംനാസ്(24), പാലക്കാട് മണ്ണാര്‍ക്കാട് പുതുക്കുളത്തെ പി. അസറുദ്ദീന്‍(25) എന്നിവരെയാണ് വിദ്യാനഗര്‍ ഇന്‍സ്പെക്ടര്‍ കെ.പി ഷൈനിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഉളിയത്തടുക്ക ഇസത്ത് നഗറിലെ മുഹമ്മദ് മുസ്തഫയുടെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ ഡിസംബര്‍ ഒന്നിന് രാത്രിയാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ കാര്‍ പാലക്കാട് ഭാഗത്തേക്ക് കടത്തിക്കൊണ്ടുപോയതായി വിവരം ലഭിച്ചു. തുടര്‍ന്ന് മണ്ണാര്‍ക്കാട് പൊലീസിന്റെ സഹായത്തോടെ കാര്‍ കണ്ടെത്തി. ഈ കേസില്‍ അസറുദ്ദീന്‍ എന്നയാളെ ആദ്യം പൊലീസ് അറസ്റ്റ് ചെയ്തു. അസറുദ്ദീനെ ചോദ്യം ചെയ്തപ്പോള്‍ ഇയാളില്‍ നിന്ന് കാര്‍ മോഷ്ടിച്ച് മണ്ണാര്‍ക്കാട്ടെത്തിച്ചത് റംസാനും ഹംനാസുമാണെന്ന് പൊലീസിന് വിവരം ലഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇരുവരും പിടിയിലായത്.