മഴക്കെടുതി: കറന്തക്കാട് മരം വൈദ്യുതി ലൈനിലേക്ക് വീണു; ഗതാഗതം തടസ്സപ്പെട്ടു

മരവും വൈദ്യുതി കമ്പികളും റോഡില്‍ വീണതോടെ ദേശീയപാതയില്‍ വാഹനഗതാഗതം തടസപ്പെട്ടു.;

Update: 2025-05-20 06:29 GMT

കാസര്‍കോട്: ശക്തമായ കാറ്റിലും മഴയിലും കറന്തക്കാട്  സര്‍വീസ് റോഡരികിലെ വലിയ മരം വൈദ്യുതി ലൈനിലേക്ക് വീണു. മരവും വൈദ്യുതി കമ്പികളും റോഡില്‍ വീണതോടെ ദേശീയപാതയില്‍ വാഹനഗതാഗതം തടസപ്പെട്ടു. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ പെയ്ത മഴയിലും കാറ്റിലുമാണ് മരം വീണത്.


ഇതോടെ ദേശീയപാതയില്‍ രാവിലെ മുതല്‍ ഗതാഗതം തടസ്സപ്പെട്ടു. നാട്ടുകാര്‍ അഗ്നിരക്ഷാസേനയെ വിവരമറിയിച്ചതിനെ തുടര്‍ന്ന് സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ വി എന്‍ വേണുഗോപാലിന്റെ നേതൃത്വത്തില്‍ സേനയും നാട്ടുകാരും ചേര്‍ന്ന് മരം മുറിച്ചു മാറ്റുകയായിരുന്നു.

മരം വീണ് എല്‍.ടി ലൈന്‍, മറ്റ് കേബിളുകള്‍, ഇലക്ട്രിക് പോസ്റ്റ് മുതലായവ പൊട്ടി റോഡിലേക്ക് വീണുകിടക്കുകയായിരുന്നു. കെ.എസ്.ഇ.ബി ജീവനക്കാരെത്തി ലൈന്‍ ഓഫ് ആക്കി കേബിളുകളും കമ്പികളും മറ്റും മുറിച്ചുമാറ്റിയതിനുശേഷമാണ് അഗ്‌നിരക്ഷാസേനയ്ക്ക് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത്.


ചെര്‍ക്കള- ബദിയടുക്ക സ്റ്റേറ്റ് ഹൈവേയില്‍ വലിയ അക്ക്വേഷ്യ മരം വീണ് റോഡ് ഗതാഗതം തടസ്സപ്പെട്ടു. അഗ്‌നിരക്ഷാസനയെത്തി മരം മുറിച്ചു നീക്കി ഗതാഗതം പുനഃസ്ഥാപിക്കുകയായിരുന്നു. സേനാംഗങ്ങളായ എം രമേശ്, ജീവന്‍ പി ജി, എച്ച് ഉമേശന്‍, പി രാജേഷ്, അഖില്‍, അശോകന്‍, ടി അമല്‍രാജ് , ഹോം ഗാര്‍ഡ് പി വി രഞ്ജിത്ത് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

Similar News