പടന്ന പഞ്ചായത്ത് 9-ാം വാര്‍ഡില്‍ മികച്ച ശുചിത്വ നിലവാരമുള്ള വീടിന് പുരസ്‌കാരം നല്‍കുന്നു; മത്സരത്തിന് തയാറെടുത്ത് ഗ്രാമവാസികള്‍

വാര്‍ഡ് മെമ്പര്‍ പി.പി കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ ആണ് നേതൃത്വം നല്‍കുന്നത്;

Update: 2025-06-13 11:25 GMT

കാസര്‍കോട്: മാലിന്യ സംസ്‌കരണം യഥാവിധി നടത്തുക, കൊതുകുകള്‍ വളരാനുള്ള സാഹചര്യം ഒഴിവാക്കുക, ജൈവ മാലിന്യങ്ങള്‍ കമ്പോസ്റ്റാക്കി മാറ്റുക, അജൈവ മാലിന്യങ്ങള്‍ കൃത്യമായി ഹരിത കര്‍മ സേനക്ക് നല്‍കുക, വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക, ജലജന്യ രോഗങ്ങളെയും പകര്‍ച്ചവ്യാധിയും ദൂരീകരിക്കുക എന്ന ലക്ഷ്യത്തോടെ പടന്ന പഞ്ചായത്ത് 9-ാം വാര്‍ഡില്‍ കഴിഞ്ഞ നാലു വര്‍ഷമായി നടത്തിവരുന്ന ശുചിത്വപ്പോരിന് തയ്യാറാവുകയാണ് വാര്‍ഡിലെ 270 വീടുകളും.

ആരോഗ്യ പ്രവര്‍ത്തകരും വളണ്ടിയര്‍മാരും കുടുംബശ്രീ സന്നദ്ധ പ്രവര്‍ത്തകരും വീടുകള്‍ സന്ദര്‍ശിച്ച് ശുചിത്വ നിലവാരം പരിശോധിക്കും. ആദ്യ ഘട്ടത്തില്‍ കണ്ടെത്തിയ വീടുകളെ ഉള്‍പ്പെടുത്തി രണ്ടാം ഘട്ട മത്സരവും സംഘടിപ്പിക്കും. മികച്ച നിലവാരം പുലര്‍ത്തുന്ന വീട്ടിന്റെ ഗൃഹനാഥയ്ക്ക് ഗ്രാമസഭയില്‍ ശുചിത്വ പുരസ്‌കാരം നല്‍കി ആദരിക്കും.

വാര്‍ഡ് മെമ്പര്‍ പി.പി കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ ആണ് നേതൃത്വം നല്‍കുന്നത്. ബോധവല്‍ക്കരണത്തിനായി വീടുകള്‍തോറും ആദ്യ ഘട്ടത്തില്‍ നോട്ടീസുകള്‍ വിതരണം ചെയ്തു. പി.വി.ദേവരാജന്‍, കെ. ബാലചന്ദ്രന്‍, എം.കെ ഹരിദാസ് ഗൃഹസന്ദര്‍ശനത്തിന് നേതൃത്വം നല്‍കും.

Similar News