ദേശീയപാത: മൊഗ്രാല്‍ പാലത്തില്‍ നടപ്പാതയുണ്ട്; പക്ഷെ വഴിയില്ല
മൊഗ്രാല്‍ പാലത്തില്‍ ഇറങ്ങാനുള്ള വഴിയൊരുക്കാതെ നിര്‍മ്മിച്ച നടപ്പാത
കാസര്‍കോട്: ദേശീയപാതയിലെ ആദ്യറീച്ചായ തലപ്പാടി-ചെങ്കള റീച്ചിലെ നിര്‍മ്മാണ പ്രവൃത്തി പൂര്‍ത്തിയായെങ്കിലും ചിലയിടങ്ങളില്‍ നിലനില്‍ക്കുന്ന ആശങ്ക പരിഹരിച്ചിട്ടില്ല. മൊഗ്രാല്‍ പാലത്തിനോട് ചേര്‍ന്ന് ദേശീയപാതയില്‍ വിശാലമായ നടപ്പാത ഒരുക്കിയിട്ടുണ്ടെങ്കിലും കാല്‍നട യാത്രക്കാര്‍ക്ക് ഇറങ്ങാനുള്ള വഴി ഇല്ല. മൊഗ്രാല്‍ ഭാഗത്ത് നിന്ന് നടപ്പാതയിലേക്ക് കയറാനുള്ള വഴിയുണ്ടെങ്കിലും മൊഗ്രാല്‍ പുത്തൂര്‍ ഭാഗത്ത് നടപ്പാത അവസാനിക്കുന്നിടത്ത് ഇറങ്ങാനുള്ള വഴിയില്ല. ഇതെന്ത് നിര്‍മ്മാണമാണെന്നാണ് കാല്‍നട യാത്രക്കാര്‍ ചോദിക്കുന്നത്. നിരവധി മത്സ്യത്തൊഴിലാളികളടക്കം ദേശീയപാതിയിലെ നടപ്പാത ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഇറങ്ങാനുള്ള സൗകര്യമില്ലാത്തത് ഇവരെ ദുരിതത്തിലാക്കുന്നു. വട്ടിയില്‍ മത്സ്യവുമായി ചുമന്നുപോകുന്നവര്‍ക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാവുന്നത്. ഇറങ്ങാനുള്ള സൗകര്യമില്ലാത്തതിനാല്‍ ദേശീയപാതയിലെ ഇരുമ്പുവേലി ചാടി കടക്കേണ്ട സ്ഥിതിയാണ്. ഇത് അപകടത്തിനിടയാക്കുമെന്ന ആശങ്കയുണ്ട്. നടപ്പാത അവസാനിക്കുന്നിടത്ത് മറുഭാഗത്ത് വലിയ കുഴിയാണ്. അതിനാല്‍ അതുവഴിയും നടന്നുപോവാനാവില്ല.