വിലക്കിയിട്ടും നദിയിലേക്ക് മാലിന്യം തള്ളി; വിനോദസഞ്ചാരിക്ക് പിഴ ചുമത്തി പഞ്ചായത്ത്
ബെംഗളൂരുവില്‍ നിന്നുള്ള ശശി കിരണ്‍ എന്ന വ്യക്തിക്കാണ് ഗ്രാമപഞ്ചായത്ത് 1,500 രൂപ പിഴ ചുമത്തിയത്;
സുള്ള്യ: കുമാരധാര നദിയിലേക്ക് മാലിന്യം തള്ളിയതിന് വിനോദസഞ്ചാരിക്ക് പിഴ ചുമത്തി പഞ്ചായത്ത്. തീരദേശ മേഖലയില്‍ പരിസ്ഥിതി അവബോധം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍, നിരുത്തരവാദപരമായി മാലിന്യം തള്ളുന്ന സന്ദര്‍ശകരെ കണ്ടെത്തി ശിക്ഷിക്കാനുള്ള ശ്രമങ്ങള്‍ ശക്തമാക്കിയതിന്റെ ഭാഗമായാണ് പഞ്ചായത്തിന്റെ നടപടി. തിങ്കളാഴ്ചയാണ് പിഴ ചുമത്താന്‍ ആസ്പദമായ സംഭവം നടന്നത്. കുമാരധാര നദിയിലേക്ക് മാലിന്യം വലിച്ചെറിഞ്ഞതിന് സുബ്രഹ്‌മണ്യ ഗ്രാമപഞ്ചായത്താണ് വിനോദസഞ്ചാരിക്ക് പിഴ ചുമത്തിയത്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, കുക്കെ സുബ്രഹ്‌മണ്യയില്‍ നിന്ന് മടങ്ങുന്ന ഒരു കൂട്ടം വിനോദസഞ്ചാരികള്‍ സുബ്രഹ്‌മണ്യത്തിനടുത്തുള്ള കുമാരധാര പാലത്തില്‍ കാര്‍ നിര്‍ത്തി പ്ലാസ്റ്റിക്, തുണി, മറ്റ് മാലിന്യങ്ങള്‍ എന്നിവയുടെ ഒരു കെട്ട് നദിയിലേക്ക് എറിയാന്‍ ശ്രമിച്ചു. ഇത് കണ്ട നാട്ടുകാര്‍ പ്രദേശം മലിനമാക്കരുതെന്ന് മുന്നറിയിപ്പ് നല്‍കി. എന്നാല്‍ ഇത് അവഗണിക്കുകയും, മോശമായി പെരുമാറുകയും, മാലിന്യം വലിച്ചെറിയാന്‍ ശ്രമിക്കുകയും ചെയ്തു. സംഭവം വീഡിയോയില്‍ പകര്‍ത്തിയ നാട്ടുകാര്‍ അത് ഗ്രാമപഞ്ചായത്തിന് കൈമാറി.
തുടര്‍ന്ന് പൊലീസിന്റെ സഹായത്തോടെ, ബെംഗളൂരുവില്‍ നിന്നുള്ള ശശി കിരണ്‍ എന്ന വ്യക്തിയെ ഗ്രാമപഞ്ചായത്ത് കണ്ടെത്തി 1,500 രൂപ പിഴ ചുമത്തി. ഇത്തരം സംഭവങ്ങള്‍ തടയുന്നതിനായി പാലത്തില്‍ ഇതിനകം സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നിരവധി നിയമലംഘകരെ തിരിച്ചറിഞ്ഞ് പിഴ ചുമത്തിയിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. മാലിന്യം ശരിയായ രീതിയില്‍ സംസ്‌കരിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി പാലത്തിന് സമീപം ഒരു ബോട്ടില്‍ ബൂത്തും സ്ഥാപിച്ചിട്ടുണ്ട്.
കുക്കെ സുബ്രഹ്‌മണ്യ ദര്‍ശനം നടത്തുന്ന ഭക്തര്‍ ക്ഷേത്ര പരിസരത്തിന്റെ ശുചിത്വവും പവിത്രതയും നിലനിര്‍ത്തുന്നതില്‍ സഹകരിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.