22 കാരിയെ വീട്ടിലെ ജനല്‍പ്പടിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി
ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നാകാം ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍;
പുത്തൂര്‍: 22 കാരിയെ വീട്ടിലെ ജനല്‍പ്പടിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂര്‍ കെയ്യൂര്‍ ഗ്രാമത്തിലെ നീതയാണ് മരിച്ചത്. കഴിഞ്ഞദിവസമാണ് സംഭവം നടന്നത്. ദീര്‍ഘകാലമായി പലതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ നീതയെ അലട്ടിയിരുന്നുവെന്നും ഇതാകാം അവരെ മരിക്കാന്‍ പ്രേരിപ്പിച്ചതെന്നുമാണ് ബന്ധുക്കള്‍ നല്‍കുന്ന സൂചന. സംഭവത്തില്‍ നീതയുടെ മൂത്ത സഹോദരി ഗീത സുള്ള്യ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
കുടുംബ കലഹങ്ങളെത്തുടര്‍ന്ന് ഏകദേശം 20 വര്‍ഷം മുമ്പ് പിതാവ് ഗുഡപ്പ വീട്ടില്‍ നിന്നും മാറിത്താമസിക്കുകയാണ്. അതിനുശേഷം സഹോദരിമാരും അമ്മയും ഒരുമിച്ച് താമസിക്കുകയായിരുന്നു. സംഭവദിവസം രാവിലെ, ഗീത ജോലിക്കും ഇളയ സഹോദരിക്ക് മരുന്ന് വാങ്ങുന്നതിനുമായി മംഗളൂരുവിലേക്ക് പോയിരുന്നു. ഈ സമയത്താകാം നീത മരിച്ചതെന്നാണ് പറയുന്നത്. വൈകുന്നേരം ഗീത വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് സാരിയുടെ ഒരറ്റം ഉപയോഗിച്ച് നീതയെ ജനല്‍പ്പടിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്.
മംഗളൂരുവില്‍ ജോലി ചെയ്തിരുന്ന നീതയ്ക്ക് 2016 മുതല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. തുടക്കത്തില്‍ കടുത്ത തലവേദന അനുഭവപ്പെടുകയായിരുന്നു. പിന്നീട് 2020 മുതല്‍ കഴുത്ത്, നട്ടെല്ല്, തല എന്നിവയില്‍ നാഡി സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടായി. തുടര്‍ന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നു. ഭേദമാകാതിരുന്നതോടെ മണിപ്പാല്‍ കെഎംസിയിലും ആയുര്‍വേദ ആശുപത്രികളിലും തുടര്‍ ചികിത്സ നടത്തി.
നീതയെ നിരാശയിലേക്ക് തള്ളിവിട്ടതും ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചതും ദീര്‍ഘകാല ആരോഗ്യപ്രശ്‌നങ്ങളാണെന്ന് സഹോദരി പറയുന്നു. നീതയുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.