കര്‍ണാടകയില്‍ മലയാളി നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ ട്രെയിന്‍ തട്ടി മരിച്ചു; അപകടം പാളം മുറിച്ചുകടക്കുന്നതിനിടെ

തിരുവല്ല സ്വദേശി ജസ്റ്റിന്‍, റാന്നി സ്വദേശി സ്റ്റെറിന്‍ എല്‍സ ഷാജി എന്നിവരാണ് മരിച്ചത്;

Update: 2025-11-23 15:15 GMT

ബെംഗളുരു: കര്‍ണാടകയില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ ട്രെയിന്‍ തട്ടി മരിച്ചു. തിരുവല്ല സ്വദേശി ജസ്റ്റിന്‍(21), റാന്നി സ്വദേശി സ്റ്റെറിന്‍ എല്‍സ ഷാജി (19) എന്നിവരാണ് മരിച്ചത്. കര്‍ണാടകയിലെ ചിക്കബനാവറയില്‍ ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് അപകടം സംഭവിച്ചത്. ഇരുവരും ചിക്കബനാവറ സപ്തഗിരി നഴ്‌സിംഗ് കോളേജിലെ ബി എസ് സി നഴ്‌സിംഗ് രണ്ടാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥികളാണ്.

ബെംഗളുരു ബെലഗാവി വന്ദേഭാരത് എക്‌സ്പ്രസാണ് ഇടിച്ചത്. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച് മടങ്ങുന്നതിനിടെയാണ് മരണം സംഭവിക്കുന്നത് എന്നാണ് വിവരം. പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിന്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ആസ്പത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം നാട്ടിലെത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന വിവരം.

Similar News