പ്രമുഖ യക്ഷഗാന പണ്ഡിതന്‍ ഗണേഷ് കൊലേകാടി അന്തരിച്ചു

യക്ഷഗാനത്തിന് നല്‍കിയ വിവിധ സംഭാവനകള്‍ പരിഗണിച്ച് പാര്‍ത്തിസുബ്ബ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്;

Update: 2025-11-08 08:02 GMT

മംഗളൂരു: പ്രമുഖ യക്ഷഗാന പണ്ഡിതന്‍ ഗണേഷ് കൊലേകാടി(53) അന്തരിച്ചു. അതികാരിബെട്ടു ഗ്രാമത്തിലെ വസതിയില്‍ വെള്ളിയാഴ്ചയായിരുന്നു മരണം സംഭവിച്ചത്. ദീര്‍ഘകാലമായി അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കൃഷ്ണപ്പ പൂജാരിയുടെയും പത്മാവതിയുടെയും ഏക മകനായിരുന്നു. യക്ഷഗാനത്തിന് നല്‍കിയ വിവിധ സംഭാവനകള്‍ പരിഗണിച്ച് പാര്‍ത്തിസുബ്ബ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.

പി.യു.സി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം, പ്രശസ്ത ചന്ദസ്സുകര (മെട്രിക് കമ്പോസര്‍) പരേതനായ നാരായണ ഷെട്ടിയുടെ കീഴില്‍ ഉന്നത പരിശീലനം നേടുകയും പിന്നീട് അദ്ദേഹത്തിന്റെ വിശിഷ്ട ശിഷ്യനായി അറിയപ്പെടുകയും ചെയ്തു. ഏകദേശം 18 വര്‍ഷങ്ങള്‍ക്ക് മുമ്പ്, മുംബൈയിലെ ഒരു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുമ്പോള്‍, കൊള്ളക്കാരുടെ ആക്രമണത്തിന് ഇരയാവുകയുണ്ടായി. അതിനുശേഷം വിവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ അദ്ദേഹത്തിന് അനുഭവപ്പെട്ടു.

തുടര്‍ന്ന് നിരവധി ആശുപത്രികളില്‍ ചികിത്സ തേടിയെങ്കിലും പൂര്‍ണമായും അസുഖം ഭേദമായിട്ടില്ല. അടുത്തിടെ അദ്ദേഹത്തിന്റെ ചികിത്സാ ചെലവുകള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. അതിനിടെയാണ് മരണം സംഭവിച്ചത്. അന്ത്യകര്‍മ്മങ്ങള്‍ അതികാരിബെട്ടുവിലെ വസതിയില്‍ നടന്നു.

യക്ഷഗാന കവി, അര്‍ത്ഥധാരി (നടന്‍), മദ്ദളക്കാരന്‍, വേഷധാരി (അവതാരകന്‍), യക്ഷഗാന ഗുരു, നാടകകൃത്ത്, കീര്‍ത്തനകരന്‍ (ഭക്തിഗാനങ്ങളുടെ രചയിതാവ്), എഴുത്തുകാരന്‍, സാമൂഹിക പ്രവര്‍ത്തകന്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ ഗണേഷ് കോലേക്കാടി പ്രവര്‍ത്തിച്ചിരുന്നു.

യക്ഷഗാന സാഹിത്യത്തിലെ ഉന്നത വ്യക്തിത്വമായ അദ്ദേഹം കലാരൂപത്തിന് ഏകദേശം 60 പ്രസംഗങ്ങള്‍ (എപ്പിസോഡുകള്‍) സംഭാവന ചെയ്തു. അദ്ദേഹത്തിന്റെ എല്ലാ പ്രകടനങ്ങള്‍ക്കും വലിയ അംഗീകാരമാണ് ലഭിച്ചത്. അദ്ദേഹത്തിന്റെ ശ്രീധാമ പ്രസംഗം എടനീര്‍, കടീല്‍ ട്രൂപ്പുകള്‍ വിജയകരമായി അവതരിപ്പിച്ചു, സമര സൗഗന്ധികേ രണ്ട് തിട്ടുകളുടെയും (യക്ഷഗാന വിദ്യാലയങ്ങള്‍) നൂറുകണക്കിന് പ്രകടനങ്ങളാണ് ആരാധകര്‍ ഇതിനോടകം കണ്ടുകഴിഞ്ഞത്.

അദ്ദേഹത്തിന്റെ രാജകഥീയ, നാഗവൃജ ക്ഷേത്ര മഹാത്മേ പ്രസംഗങ്ങള്‍ പാവഞ്ചെ ട്രൂപ്പ് നിരവധി തവണ അവതരിപ്പിച്ചു. ഇതിന് നിരൂപക പ്രശംസയും ശാശ്വതമായ പ്രശസ്തിയും നേടിയിരുന്നു.

Similar News