ബസ് യാത്രയ്ക്കിടെ ബാഗില്‍ സൂക്ഷിച്ചിരുന്ന ദമ്പതികളുടെ 14 ലക്ഷം രൂപയുടെ ആഭരണങ്ങള്‍ മോഷണം പോയതായി പരാതി
ഉഡുപ്പിയിലെ വാസുദേവ സൂര്യ, ഭാര്യ ശങ്കരി എന്നിവരുടെ ആഭരണങ്ങളാണ് മോഷണം പോയത്;
മംഗളൂരു: ബസ് യാത്രയ്ക്കിടെ ബാഗില്‍ സൂക്ഷിച്ചിരുന്ന ദമ്പതികളുടെ 14 ലക്ഷം രൂപയുടെ ആഭരണങ്ങള്‍ മോഷണം പോയതായി പരാതി. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. ബെംഗളൂരുവിലേക്ക് പോകുന്ന ബസില്‍ യാത്ര ചെയ്തിരുന്ന ദമ്പതികളുടെ ആഭരണങ്ങളാണ് മോഷണം പോയത്. ഉഡുപ്പി ജില്ലയിലെ ബ്രഹ്‌മാവര്‍ താലൂക്കിലെ ചെര്‍ക്കടി ഗ്രാമത്തില്‍ താമസിക്കുന്ന വാസുദേവ സൂര്യ (69) ഭാര്യ ശങ്കരി എന്നിവരുടെ ആഭരണങ്ങളാണ് മോഷണം പോയത്. ദമ്പതികള്‍ ബെംഗളൂരുവില്‍ ഒരു ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്നുവെന്നാണ് ബണ്ട്വാള്‍ ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.
രാത്രി 9 മണിയോടെ ബ്രഹ്‌മാവറില്‍ നിന്നുള്ള സ്വകാര്യ ബസില്‍ കയറുന്നതിന് മുമ്പ്, സൂര്യ പഴ്സില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ പായ്ക്ക് ചെയ്ത് ബാഗിനുള്ളില്‍ വച്ചിരുന്നു. ബണ്ട്വാള്‍ താലൂക്കിലെ ബാള്‍ട്ടില ഗ്രാമത്തിന് സമീപം, രാത്രി 11:15 ഓടെ ബസ് നിര്‍ത്തിയ സമയത്ത് ഭാര്യ ശങ്കരി ശുചിമുറിയിലേക്ക് പോയി. ഈ സമയത്ത് സ്വര്‍ണ്ണം അടങ്ങിയ ബാഗ് ഭര്‍ത്താവിനെ ഏല്‍പ്പിച്ചു. ഏതാനും മിനിറ്റുകള്‍ക്ക് ശേഷം, ബാഗ് സീറ്റില്‍ വച്ച് സൂര്യയും പുറത്തിറങ്ങി.
രാത്രി 11:20 ഓടെ ബസില്‍ തിരിച്ചെത്തിയപ്പോള്‍ ബാഗിനുള്ളിലെ പഴ്‌സ് സീറ്റില്‍ തുറന്നുകിടക്കുന്നതും സ്വര്‍ണ്ണാഭരണങ്ങളെല്ലാം നഷ്ടപ്പെട്ടതും ശ്രദ്ധയില്‍പ്പെട്ടു. ബസ് നിര്‍ത്തിയിട്ട സമയത്ത് ആരോ അകത്തു കയറി പഴ്‌സില്‍ നിന്ന് ആഭരണങ്ങള്‍ മോഷ്ടിച്ച് പഴ്‌സ് ഉപേക്ഷിച്ച് കടന്നുകളഞ്ഞതാകാമെന്നാണ് സംശയിക്കുന്നത്. മോഷ്ടിക്കപ്പെട്ട ആഭരണങ്ങളുടെ ആകെ ഭാരം ഏകദേശം 134 ഗ്രാം ആണെന്നാണ് കണക്കാക്കുന്നത്. സംഭവത്തില്‍ ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) സെക്ഷന്‍ 303(2) പ്രകാരം ബണ്ട്വാള്‍ ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.