മഹേഷ് ഷെട്ടി തിമറോഡിക്ക് ജില്ലയില്‍ പ്രവേശിക്കുന്നതിന് ഒരു വര്‍ഷത്തെ വിലക്ക്
റായ്ച്ചൂര്‍ ജില്ലയിലെ മാന്‍വി താലൂക്കിലേക്കാണ് നാടുകടത്തിയത്;
മംഗലാപുരം: വിവാദങ്ങള്‍ക്ക് പിന്നാലെ ധര്‍മ്മസ്ഥല ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് മഹേഷ് ഷെട്ടി തിമറോഡിയെ നാടുകടത്താന്‍ ഉത്തരവ്. മഹേഷ് ഷെട്ടി തിമറോഡിയെ റായ്ച്ചൂര്‍ ജില്ലയിലെ മാന്‍വി താലൂക്കിലേക്കാണ് നാടുകടത്തിയത്. പുത്തൂര്‍ സബ് ഡിവിഷന്‍ അസിസ്റ്റന്റ് കമ്മീഷണര്‍ സ്റ്റെല്ല വര്‍ഗീസ് ആണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവനുസരിച്ച് തിമറോഡിയെ ദക്ഷിണ കന്നഡ ജില്ലയില്‍ നിന്ന് ഒരു വര്‍ഷത്തേക്ക് പുറത്താക്കി. ക്രമസമാധാന പാലനത്തിനായി, 32 ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തിലാണ് നടപടി.
നിയമലംഘനങ്ങള്‍, അസ്വസ്ഥത സൃഷ്ടിക്കല്‍, സാമൂഹിക സ്ഥിരതയെ തകര്‍ക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട 32 ലധികം കേസുകളില്‍ തിമറോഡി ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. ധര്‍മ്മസ്ഥല 'ബുരുഡെ കേസ്', 'മൃതദേഹം സംസ്‌കരിച്ച കേസ്' എന്നിവയില്‍ പ്രതിയായ ചിന്നയ്യക്ക് അഭയം നല്‍കിയതിനും ഇയാള്‍ക്കെതിരെ കേസുണ്ട്.
അതേസമയം, ധര്‍മ്മസ്ഥല വ്യാജ വെളിപ്പെടുത്തല്‍ കേസില്‍ അന്വേഷണം വീണ്ടും ഊര്‍ജ്ജിതമാക്കുകയാണ് പ്രത്യേക അന്വേഷണസംഘം. ബംഗലെഗുഡെ വനത്തില്‍ കഴിഞ്ഞാഴ്ച നടത്തിയ തെരച്ചിലില്‍ 7 തലയോട്ടികള്‍ ലഭിച്ചിരുന്നു. ഇത് എഫ്.എസ്.എല്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിനിടയില്‍ തന്നെയാണ് വ്യാജ വെളിപ്പെടുത്തല്‍ കേസിലെ അന്വേഷണം വീണ്ടും സജീവമാക്കുന്നത്.
പ്രത്യേക സംഘം നടത്തിയ അന്വേഷണത്തില്‍ ധര്‍മസ്ഥലയില്‍ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ശുചീകരണ തൊഴിലാളി ചിന്നയ്യയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ആറ് മാസങ്ങള്‍ക്ക് മുമ്പ് 3 ലക്ഷം രൂപ എത്തിയതായും ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്. തിമറോഡിയുമായും മട്ടന്നവരുമായും ബന്ധമുള്ളവരില്‍ നിന്നാണ് ഈ പണം ലഭിച്ചിരിക്കുന്നത്. യുപിഐ പെയ്‌മെന്റുകള്‍ വഴി പണം കൈമാറിയ 11 പേര്‍ക്ക് എസ് ഐ ടി കഴിഞ്ഞദിവസം നോട്ടീസ് നല്‍കിയിട്ടുണ്ട്. ആറുപേരെ ഇതിനോടകം തന്നെ ചോദ്യം ചെയ്തു. എന്തിന് പണം കൈമാറി എന്ന ചോദ്യത്തിന് ഉത്തരം ലഭിച്ചാല്‍ ആരോപണങ്ങള്‍ക്ക് പിന്നിലെ ഗൂഢാലോചന കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് എസ്‌ഐടി.