കൈപിടിച്ചുയര്‍ത്താം ലഹരിക്കയത്തില്‍ നിന്ന്..

Update: 2025-03-06 09:35 GMT

കാസര്‍കോട്: ലഹരിയുടെ ഉപയോഗവും പിന്നാലെയുണ്ടാവുന്ന അതിക്രമങ്ങളും കൂടിവരുന്ന പശ്ചാത്തലത്തില്‍ നടപടികള്‍ കര്‍ശനമാക്കുകയാണ് എക്‌സൈസ് വകുപ്പ്. മദ്യവര്‍ജ്ജനത്തിന് ഊന്നല്‍ നല്‍കിയും മയക്കുമരുന്നുകളുടെ ഉപയോഗം പൂര്‍ണ്ണമായും ഇല്ലാതാക്കുവാനും ലക്ഷ്യമിട്ടാണ് എക്സൈസ് വകുപ്പിന് കീഴിൽ   വിമുക്തി എന്ന ബോധവല്‍ക്കരണ മിഷന് സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുളളത്. ലഹരിയുമായി ബന്ധപ്പെട്ട വര്‍ത്തമാനകാല സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ജില്ലയിലെ വിമുക്തി മിഷന്റെ പ്രവര്‍ത്തനങ്ങള്‍ ഉത്തരദേശം ഓണ്‍ലൈനുമായി പങ്കുവെക്കുകയാണ് വിമുക്തി ജില്ലാ മാനേജറും അസി. എക്‌സൈസ് കമ്മീഷ്ണറുമായ പി. അന്‍വര്‍ സാദത്ത്


കുട്ടികളിലെ ലഹരി ഉപയോഗം എങ്ങനെയാണ് തിരിച്ചറിയുന്നത്?

കുട്ടികള്‍ ലഹരി ഉപയോഗിക്കുന്നത് കാണുന്ന ഘട്ടത്തില്‍ വിവരം അറിയിക്കാറുണ്ട്. ചിലപ്പോള്‍ പരാതിയായി ലഭിക്കും. പിന്നെ പരിശോധനകള്‍ നടത്തും. എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഇത് കണ്ടെടുക്കുന്നത്.

സ്‌കൂള്‍ പരിസരങ്ങള്‍ പ്രധാനഘടകമാണല്ലോ?

സ്‌കൂള്‍ സന്ദര്‍ശിക്കുന്ന ഘട്ടത്തില്‍ സ്‌കൂള്‍ അധികൃതരുമായി സംസാരിക്കാറുണ്ട്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കാറുണ്ട്. പിന്നെ പൊതുജനങ്ങളോട് ചോദിച്ച് മനസ്സിലാക്കും. മറ്റുള്ള അന്വേഷണവും സമാന്തരമായി നടത്തും. വിവരങ്ങള്‍ ശേഖരിച്ച് പരിശോധിക്കുന്നത് കൂടാതെ സ്‌കൂളുകളിലേക്ക് പോകുമ്പോള്‍ പരിസരത്തുള്ള കടകളും പരിശോധിക്കാറുണ്ട്.

മയക്കുമരുന്നിന്റെ ഉറവിടങ്ങള്‍ കണ്ടെത്താന്‍ കഴിയാറുണ്ടോ?

മയക്കുമരുന്ന് കണ്ടെത്തിയ ശേഷം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നതിന്റെ ഭാഗമായാണ് ഉറവിടം കണ്ടെത്തുന്നത്. അന്വേഷണത്തിന്റെ ഭാഗമായി പ്രതികളെ ചോദ്യം ചെയ്യാറുണ്ട്. ശിക്ഷകള്‍ നല്‍കാറുണ്ട്. ഓരോ കേസിലും ഓരോ രീതിയാണ്. അന്വേഷണം നടത്താറുണ്ട്. ഉറവിടം തേടിപ്പോകുമ്പോള്‍ ചിലപ്പോള്‍ കണ്ടുകിട്ടാറുണ്ട്. എന്നാല്‍ കിട്ടാത്ത അപൂര്‍വം സാഹചര്യങ്ങളും ഉണ്ടാവാറുണ്ട്.

ഒരു കുട്ടിയില്‍ നിന്ന് ലഹരി കിട്ടിയാല്‍ പിന്നീടുള്ള നടപടികള്‍ ?

ട്രെയിനിംഗ് ലഭിച്ച വിമുക്തി കൗണ്‍സിലര്‍മാരുണ്ട്. മെന്റര്‍മാരുണ്ട്. ഗുരുതരമായ കേസാണെങ്കില്‍ ഡിഅഡിക്ഷന്‍ സെന്ററുകളുണ്ട്. വേണമെങ്കില്‍ മാതാപിതാക്കളോടൊപ്പം അവിടെ പോവാം. ചെറിയ കേസാണെങ്കില്‍ കൗണ്‍സിലിംഗ് നല്‍കും. നിയമ നടപടി സ്വീകരിക്കേണ്ട കേസാണെങ്കില്‍ ആ വഴിക്കും നീങ്ങും.

കാസര്‍കോട് ജില്ലയിലെ സാഹചര്യം എങ്ങനെയാണ്?

ജില്ലയിലെ ലഹരി ഉപയോഗം എങ്ങനെയെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്ന വാര്‍ത്തകളില്‍ സൂചനകളുണ്ട്. സ്‌കൂള്‍ പരിസരത്ത് മാത്രമാവണമെന്നില്ല. കളിസ്ഥലങ്ങള്‍ ബീച്ചുകള്‍, പൊതുജനങ്ങള്‍ കൂടുന്ന കളിസ്ഥലങ്ങള്‍ ഉല്ലാസ സ്ഥലങ്ങള്‍ ഇവിടങ്ങളിലൊക്കെ കുട്ടികള്‍ സംഘടിച്ചെത്താറുണ്ട്. ഇവിടങ്ങളിലൊക്കെ ലഹരി ഉപയോഗത്തിനുള്ള സാധ്യതയുണ്ട്.

ലഹരിക്കെതിരായി വിമുക്തി മിഷന്റെ പദ്ധതികള്‍ ഏതൊക്കെയാണ്?

തൃക്കരിപ്പൂര്‍ ഗുരു ചന്തുപ്പണിക്കര്‍ സ്മാരക ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അഞ്ച് ലക്ഷം രൂപ മുടക്കി ഉണര്‍വ് പദ്ധതിയിലൂടെ കുട്ടികള്‍ക്ക് വേണ്ടി ജിംനേഷ്യവും കായിക ഉപകരണങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.  കുട്ടികളെ കായികമേഖലയിലേക്ക് കൊണ്ടുവരിക, സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുത്തുക, എസ്.പി.സി, എന്‍.എസ്.എസ് പോലുള്ള സന്നദ്ധ സംഘടനകളില്‍ പങ്കാളിയാക്കുക. ഇതൊക്കെ കുട്ടികളെ ലഹരിയില്‍ നിന്ന് അകറ്റിനിര്‍ത്തുന്ന പ്രവണത സൃഷ്ടിക്കുന്നുണ്ട്. ഒപ്പം കലാപരമായ പ്രവര്‍ത്തനങ്ങളും കൂടുതല്‍ ഊര്‍ജ്ജസ്വലരാക്കും

എന്‍ഫോഴ്‌സ്‌മെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെയാണ്

എന്‍ഫോഴ്‌സ്‌മെന്റ് ശക്തമായി ജില്ലയില്‍ പ്രവര്‍ത്തിക്കുന്നു. കുട്ടികള്‍ക്ക് മാത്രമല്ല. പൊതുവായും പ്രവര്‍ത്തിക്കുന്നു. എന്‍ഫോഴ്‌സ്‌മെന്റിന് ഒരു ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഉണ്ട്. ജില്ല മുഴുവന്‍ അധികാരമുള്ള സ്‌ക്വാഡ് ആണ്. കൂടാതെ എക്‌സൈസ് റെയിഞ്ച് ഓഫീസുകളും എക്‌സൈസ് സര്‍ക്കിള്‍ ഓഫീസുകളും ഉണ്ട്. എന്‍ഫോഴ്‌സ്‌മെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് അസി.എക്‌സൈസ് കമ്മീഷ്ണറാണ്. എല്ലാ ദിവസവും എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനം നടത്തിവരുന്നുണ്ട്. പരാതികള്‍ പരിശോധിക്കും, വാഹന പരിശോധന, സ്ഥിരം കുറ്റവാളികളെ നിരീക്ഷിക്കല്‍ അത്തരത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.

നിലവിലെ സാഹചര്യത്തില്‍ കുട്ടികളിലാണോ കൂടുതല്‍ ശ്രദ്ധ?

ഇതില്‍ ജനറലൈസ് ചെയ്യേണ്ട കാര്യമില്ല. രണ്ടായിരം കുട്ടികള്‍ പഠിക്കുന്നിടത്ത് ഒന്നോ രണ്ടോ കുട്ടികള്‍ ലഹരി ഉപയോഗിക്കുമ്പോള്‍ അത് മൊത്തത്തില്‍ സ്‌കൂളിലെ എല്ലാ കുട്ടികളും അങ്ങനെയാണെന്ന കാഴ്ചപ്പാട് ഉണ്ടാവരുത്. തീരദേശ മേഖല, വിദൂരതയിലുള്ള സ്‌കൂളുകളിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാറുണ്ട്. ഇത്തരം സ്‌കൂളുകളിലെ കുട്ടികള്‍ക്കുള്ള ശ്രദ്ധയും പരിചരണവും നല്‍കേണ്ടത് അധ്യാപകരുടെ കൂടി കടമയാണ്. കേസെടുത്താല്‍ മാത്രം നന്നാവില്ല. ഇത്തരം കുട്ടികള്‍ക്ക് മേല്‍ അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ഉത്തരവാദിത്തമുണ്ട്.

കുട്ടികള്‍ കൂടുതല്‍ അക്രമവാസനയിലേക്ക് നീങ്ങുന്ന പ്രവണതയാണ് ഇപ്പോള്‍ കണ്ടുവരുന്നത്. മൊബൈല്‍ ഉപയോഗം, സിനിമ, മൊബൈല്‍ ഗെയിംമുകള്‍ ഇതൊക്കെ അതിന് കാരണമാവുന്നുണ്ട്.

കര്‍ണാടക സംസ്ഥാനവുമായി അതിര്‍ത്തി പങ്കിടുന്നത് ഇതില്‍ ഒരു ഘടകമാണോ?

കര്‍ണാടക അതിര്‍ത്തി പങ്കിടുന്നതിനാല്‍ അവിടുന്നുള്ള മദ്യവും മറ്റ് ലഹരികളും ജില്ലയിലേക്ക് കടത്താനുള്ള ശ്രമം നടന്നുവരുന്നുണ്ട്. പലതും അതിര്‍ത്തിയില്‍ നിന്ന് പിടിച്ചെടുക്കുന്നുണ്ട്. ഇതരസംസ്ഥാനത്ത് നിന്ന് വരുന്ന മദ്യം സംസ്ഥാനത്ത് വില്‍ക്കാന്‍ അനുമതിയില്ല. ഇതില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മഞ്ചേശ്വരം ഉള്‍പ്പെടെയുള്ള ചെക്‌പോസ്റ്റുകളില്‍ വാഹന പരിശോധന കര്‍ശനമാണ്.

പൊതുജനങ്ങളിലേക്കുള്ള ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എങ്ങനെയാണ?

ജില്ലാ ലൈബ്രറി കൗണ്‍സിലുമായി ചേര്‍ന്ന് പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. കുടുംബശ്രീ, അയല്‍ക്കൂട്ടം, എന്‍.എസ്.എസ്, വിവിധ സാംസ്‌കാരിക കേന്ദ്രങ്ങള്‍ എന്നിവയുമായി കൈകോര്‍ത്ത് വിവിധങ്ങളായ പരിപാടികള്‍ നടത്തിവരുന്നുണ്ട്. പെരുങ്കളിയാട്ടം, ബീച്ച് ഫെസ്റ്റിവല്‍ പോലെ ആളുകള്‍ ഏറെ എത്തുന്ന പരിപാടികളില്‍ ബോധവല്‍ക്കരണത്തിനായി സ്റ്റാളുകള്‍ സജ്ജീകരിക്കുന്നുണ്ട്. സ്റ്റാളുകള്‍ക്കൊപ്പം വിവിധ കലാകായിക മത്സരങ്ങളും നടത്തുന്നുണ്ട്.

ലഹരി ഉപയോഗം സംബന്ധിച്ച് വിവരം അറിയിക്കാന്‍ ജില്ലാ അടിസ്ഥാനത്തില്‍ ആരെ ബന്ധപ്പെടണം?

ജില്ലാ അടിസ്ഥാനത്തില്‍ എല്ലാ റെയിഞ്ച് ഓഫീസുകളിലും സര്‍ക്കിള്‍ ഓഫീസുകളിലും അറിയിക്കാം. ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷ്ണര്‍ ഓഫീസില്‍ ഒരു കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ട്. അവിടെ വിളിച്ചറിയിക്കാം. വിമുക്തി മാനേജരെയും അറിയിക്കാം.

Similar News