മേഘ ജ്യോതിസിന്റെ ക്ഷണിക ജീവിതം

Update: 2025-11-17 10:03 GMT
ലങ്കാ ദഹനം, പാദുക പട്ടാഭിഷേകം, പാക്കനാര്‍ ചരിതം, ശ്രീകൃഷ്ണ ലീല അഥവാ ജനാര്‍ദ്ദന ദാസ ചരിതം, നാലു നാടകങ്ങള്‍, കൂടാതെ ധ്രുവചരിതം, കബീര്‍ദാസ ചരിതം, വിവേകോദയം അഥവാ ജാനകി പരിണയം എന്നീ കൃതികളും കൂടിയുണ്ട്.

'സ്മരിപ്പിന്‍ ഭാരതീയരെ

നമിപ്പിന്‍ മാതൃഭൂമിയെ!

മുലപ്പാല്‍ തന്നൊരമ്മയെ

എന്നാളും ഹാ! മറക്കാമോ?

ത്യജിപ്പിന്‍ ജാത്യഭിമാനം

ഭജിപ്പിന്‍ ഐക്യസോപാനം

ധരിപ്പിന്‍ ശുദ്ധമാം ഖാദി

ഇതൊന്നേ ദുഃസ്ഥിതിഭേദി!

തിരിപ്പിന്‍ കൈമരറാട്ടെ

ഇപ്പഞ്ഞം തീരുമാറാട്ടെ!

ഇതെല്ലാതെന്‍ സഹജരേ

നമുക്കു വേറെ ഗതിയില്ല...'

(വിദ്വാന്‍ പി. കേളു നായരുടെ 'പാദുക പട്ടാഭിഷേകം' സംഗീത നാടകത്തിലെ അവതരണ ഗാനം).

വാത്മീകി രാമായണത്തിലെ ഭരതന്റെ സഹോദര സ്‌നേഹവും സത്യനിഷ്ഠയും ആണ് ഇതിവൃത്തം. പിതാവിന്റെ വാക്കുപാലിക്കാനായി സിംഹാസനം ഉപേക്ഷിച്ച് വനവാസത്തിന് പോയ ശ്രീരാമന് പകരം 'രാമപാദുക'ങ്ങളെ (മെതിയടി) അഭിഷേകം ചെയ്ത ഭരതന്റെ കഥ. അതില്‍ ഇതുപോലെ ഒരു ഗാനാലാപനത്തിന് എന്ത് പ്രസക്തി? കവിയുടെ ദേശാഭിമാന പ്രകടനം -സന്ദര്‍ഭം നോക്കാതെ. നാടക രചനകൊല്ലവര്‍ഷം 1094 മിഥുനം (ക്രിസ്തുവര്‍ഷം 1924). കാഞ്ഞങ്ങാടിന് കിഴക്ക് ബേളൂര്‍ പഞ്ചായത്തില്‍ പനങ്ങാട്ട്, നായരച്ചന്‍ വീട്ടില്‍ കുഞ്ഞമ്പു നായരുടെയും പയനി വീട്ടില്‍ മാണിയമ്മയുടെയും മകന്‍ കുഞ്ഞിക്കേളു.

അക്കാലത്ത് തൊട്ടടുത്ത പ്രദേശങ്ങളില്‍ പ്രാഥമിക വിദ്യാലയങ്ങള്‍ ഉണ്ടായിരുന്നില്ല. നാട്ടെഴുത്തച്ഛന്മാരുടെ കീഴില്‍ എഴുത്തും വായനയും അഭ്യസിച്ചു. കുഞ്ഞിക്കേളു കുഞ്ഞായിരിക്കുമ്പോള്‍ തന്നെ മാതാവ് കാലഗതിയടഞ്ഞു. മരുമക്കത്തായ കുടുംബം. പിതാവുമായി ബന്ധ കുറവ്. വെള്ളിക്കോത്തിനടുത്ത്, പെരളം എന്ന സ്ഥലത്ത് അമ്മാവന്റെ വീട്ടിലേക്ക് മാറി താമസിക്കേണ്ടി വന്നു. 'പുല്ലൂര് മധുരക്കോട്ട' മഠത്തില്‍ നാരായണന്‍ നമ്പീശന്റെ കീഴില്‍ സംസ്‌കൃതം പഠിച്ചു. പട്ടാമ്പി സംസ്‌കൃത വിദ്യാലയത്തില്‍ പഠിച്ച് വിദ്വാന്‍ പരീക്ഷ പാസായി. പട്ടാളത്തില്‍ ചേര്‍ന്നു. ഒന്നര കൊല്ലത്തോളം പട്ടാള ജോലി. ചിക്കന്‍പോക്‌സ് പിടിപെട്ടതിനാല്‍ പിരിച്ചുവിട്ടു.

വെള്ളിക്കോത്ത് തിരിച്ചെത്തി. തന്റെ അറിവ് നാട്ടുകാര്‍ക്ക് പകര്‍ന്നു കൊടുക്കണം എന്ന സദുദ്ദേശത്തോടെ ഒരു വിദ്യാലയം ആരംഭിച്ചു -'വിജ്ഞാന ദായിനി.'

മഹാത്മാഗാന്ധി നിസ്സഹരണ പ്രസ്ഥാനവും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ആരംഭിച്ച കാലം. കേളു നായര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായി. അയിത്തോച്ഛാടനം, ഖാദി പ്രസ്ഥാനം -'ഖാദി ഈസ് നോട്ട് എ ക്ലോത്ത്; ബട്ട് എ തോട്ട്' -ഗാന്ധിജിയുടെ സന്ദേശം കേളു നായര്‍ ജീവിതത്തില്‍ പകര്‍ത്തി. കുടയും ചെരുപ്പുമില്ലാതെ മുട്ടുമറയാത്ത മുണ്ടും മുറിക്കയ്യന്‍ ഷര്‍ട്ടും ധരിച്ചു. മഴയത്ത് ഓലക്കുരമ്പ ചൂടി നടന്നു. സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിക്കുന്ന സമത്വ സുന്ദരമായ നവഭാരതം കെട്ടിപ്പടുക്കുക. ഇതായിരുന്നു കേളു നായരുടെ ദൗത്യം. സംഗീത നാടക രചയിതാവും അവതാരകനും - എന്നീ നിലക്കാണ് അദ്ദേഹം അറിയപ്പെടുന്നത്. ലങ്കാ ദഹനം, പാദുക പട്ടാഭിഷേകം, പാക്കനാര്‍ ചരിതം, ശ്രീകൃഷ്ണ ലീല അഥവാ ജനാര്‍ദ്ദന ദാസ ചരിതം, നാലു നാടകങ്ങള്‍, കൂടാതെ ധ്രുവചരിതം, കബീര്‍ദാസ ചരിതം, വിവേകോദയം അഥവാ ജാനകി പരിണയം എന്നീ കൃതികളും കൂടിയുണ്ട്. പക്ഷേ അച്ചടിച്ചിട്ടില്ല; കൈയ്യെഴുത്തു കോപ്പികളും കിട്ടാനില്ല. പരിതാപകരമായ ഈ ദുരവസ്ഥയ്ക്ക് കാരണമായി ജീവചരിത്രക്കാരന്‍ - (കെ. ബാലകൃഷ്ണന്‍ നമ്പ്യാര്‍) പറയുന്നത്, 'സ്വസമുദായത്തിലെ ഒരു പ്രബല വിഭാഗം കേളു നായരുടെ പുരോഗമന വിചാരധാരക്കെതിരായിരുന്നു' എന്നാണ്. 'നാട്ടിലെ യാഥാസ്ഥിതികരുമായി അദ്ദേഹത്തിന് നിരന്തരം ഏറ്റുമുട്ടേണ്ടി വന്നിട്ടുണ്ട്. ഗാര്‍ഹിക സ്വസ്ഥത കിട്ടിയിട്ടേയില്ല' -എന്ന് കേളു നായരുടെ ശിഷ്യനും സഹപ്രവര്‍ത്തകനുമായിരുന്ന കെ. മാധവന്‍ തന്റെ ആത്മകഥയില്‍ എഴുതിയിട്ടുണ്ട്.

ഇരുപത്തിയേഴാമത്തെ വയസ്സില്‍ (27 കൊല്ലം 9 മാസം 22 ദിവസം) പി. കേളു നായര്‍ എന്ന 'മേഘ ജ്യോതിസി'ന്റെ ക്ഷണിക ജീവിതം അവസാനിച്ചു. അല്ല സ്വയം ഊതിക്കെടുതി കാരണം...?

Similar News