സന്ദര്‍ശന വിസകള്‍ക്കുള്ള അംഗീകാരം കൂടി: യു.എ.ഇയില്‍ വിനോദ സഞ്ചാരത്തിന് പ്രിയമേറുന്നു
ദുബായ്: യു.എ.ഇയിലേക്കുള്ള സന്ദര്‍ശന വിസകള്‍ക്കുള്ള അംഗീകാരം നല്‍കുന്നതില്‍ വന്‍ വര്‍ധനവ്. യാത്രാ എക്‌സിക്യൂട്ടീവുകളുടെ അഭിപ്രായത്തില്‍ വിസാ നടപടികള്‍ക്കാവശ്യമായ എല്ലാ രേഖകളും കൃത്യമായി അപേക്ഷകര്‍ നല്‍കുന്നുവെന്നാണ്. സന്ദര്‍ശന വിസയില്‍ യു.എ.ഇയിലേക്ക് വരുന്നവര്‍ മടക്കയാത്രയ്ക്കുള്ള വിമാന ടിക്കറ്റ്, താമസത്തിന്റെ തെളിവ്, നിശ്ചിത തുക എന്നിവയാണ് പ്രധാനമായും ഉറപ്പാക്കേണ്ടത്.നേരത്തെ നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കാത്തതിനാല്‍ നിരധി അപേക്ഷകള്‍ തള്ളിയിരുന്നു. തുടര്‍ന്ന് അധികാരികളുടെയും ട്രാവല്‍ ഏജന്‍സികളുടെയും ബോധവല്‍ക്കരണ കാമ്പെയ്നുകളാണ് സന്ദര്‍ശകരെ നിയമപരമായ വശങ്ങള്‍ പാലിക്കാന്‍ നിര്‍ബന്ധിതരാക്കിയെന്നാണ് ട്രാവല്‍ ഏജന്റുമാരുടെ അഭിപ്രായം.
യു.എ.ഇ, പ്രത്യേകിച്ച് ദുബായില്‍, ഓരോ വര്‍ഷവും ദശലക്ഷക്കണക്കിന് വിനോദസഞ്ചാരികളാണ് എത്തുന്നത്. സമ്പന്ന രാജ്യങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 2024ലെ ആദ്യ 11 മാസങ്ങളില്‍ 16.79 ദശലക്ഷം വിനോദസഞ്ചാരികളാണ് ദുബായില്‍ എത്തിയത്. അതായത് 9 ശതമാനം വര്‍ധന. മൊത്തം സന്ദര്‍ശകരുടെ എണ്ണത്തിന്റെ 20 ശതമാനം യൂറോപ്പില്‍ നിന്നാണ്.