പ്ലാസ്റ്റിക്കിന് തടയിടാന്‍ യു.എ.ഇ; 2025 മുതല്‍ പ്ലാസ്റ്റിക് നിരോധനം

Update: 2024-12-27 05:03 GMT

ദുബായ്: പ്ലാസ്റ്റിക് വസ്തുക്കള്‍ക്ക് , പ്രത്യേകിച്ച് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകളെ വിപണികളില്‍ നിന്ന് നീക്കാനുള്ള നടപടികള്‍ ദുബായ് 2023ല്‍ തുടങ്ങിയതാണ്. ഘട്ടം ഘട്ടമായി പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ ഒഴിവാക്കി പകരം പരിസ്ഥിതി സൗഹാര്‍ദ്ദ ഉല്‍പ്പന്നങ്ങള്‍ സജീവമാക്കാനുള്ള ഒരുക്കത്തിലാണ് മന്ത്രാലയം. ഇതിന്റെ അടുത്ത ഘട്ടമെന്ന നിലയില്‍ ദുബായില്‍ 2025 മുതല്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തും. പ്ലാസ്റ്റിക് തവികള്‍, സ്പൂണുകള്‍, പ്ലാസ്റ്റിക് കപ്പുകള്‍, ഫുഡ് കണ്ടെയ്‌നേഴ്‌സ്, പ്ലാസ്റ്റിക് കോട്ടണ്‍ സ്വാബ്‌സ്, പ്ലാസ്റ്റിക് സ്‌ട്രോ തുടങ്ങി ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളെല്ലാം ജനുവരി ഒന്നു മുതല്‍ വിപണിയില്‍ നിന്ന് നീക്കാനുള്ള നടപടികള്‍ സ്വീകരിക്കും. 57 മൈക്രോ മീറ്ററില്‍ താഴെ കനമുള്ള ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകള്‍ കഴിഞ്ഞ വേനല്‍ക്കാലത്ത് തന്നെ നിരോധിച്ചിരുന്നു. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളെ നിരോധിക്കാന്‍ മൂന്ന് ഘട്ടമാണ് മന്ത്രാലയം സ്വീകരിച്ചത്. 2023ല്‍ ആണ് ആദ്യ പ്രഖ്യാപനമുണ്ടായത്. 2026ന്റെ തുടക്കമാവുമ്പോഴേക്കും കാര്യമായ മാറ്റം കൊണ്ടുവരികയാണ് ലക്ഷ്യം. സുസ്ഥിര വികസനത്തിനും പരിസ്ഥിതി സൗഹാര്‍ദ്ദ ജീവിത്തതിനും പ്രാധ്യാന്യം നല്‍കുകയാണ് ലക്ഷ്യം.

Similar News