യുഎഇയിലെ ഉമ്മുല്‍ ഖുവൈന്‍ ഫാക്ടറിയില്‍ തീപിടുത്തം; ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല
തീപിടുത്തത്തെ തുടര്‍ന്ന് ഫാക്ടറിയില്‍ നിന്നും മണിക്കൂറോളം കനത്ത പുക ഉയര്‍ന്നിരുന്നു.;
ഉമ്മുല്‍ ഖുവൈന്‍: യുഎഇയിലെ ഉമ്മുല്‍ ഖുവൈന്‍ ഫാക്ടറിയില്‍ തീപിടുത്തം. വെള്ളിയാഴ്ച വൈകുന്നേരം ഉം അല്‍ തൗബ് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഫാക്ടറിയിലാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തെ തുടര്‍ന്ന് ഫാക്ടറിയില്‍ നിന്നും മണിക്കൂറോളം കനത്ത പുക ഉയര്‍ന്നിരുന്നു.
എമിറേറ്റിലെ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. സംഭവത്തില്‍ ആര്‍ക്കും പരിക്കേല്‍ക്കുകയോ മരണം സംഭവിക്കുകയോ ചെയ്തിട്ടില്ലെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. തീ നിയന്ത്രണവിധേയമാക്കാനും സമീപത്തെ കെട്ടിടങ്ങളിലേക്ക് പടരുന്നത് തടയാനും അടിയന്തര സംഘങ്ങള്‍ ഉടനടി പ്രവര്‍ത്തിച്ചു.
തീപിടുത്തത്തെ തുടര്‍ന്ന് ഈ ഭാഗത്തേക്കുള്ള റോഡ് അടയ്ക്കുകയും വാഹനങ്ങളെ വഴിതിരിച്ചുവിടുകയും ചെയ്തിരുന്നു. തീ പൂര്‍ണ്ണമായും അണയ്ക്കാനുള്ള ശ്രമങ്ങള്‍ രാത്രി വൈകിയും തുടര്‍ന്നു, അതേസമയം നാശനഷ്ടങ്ങളുടെ വിലയിരുത്തല്‍ പുരോഗമിക്കുകയാണെന്ന് ഉം അല്‍ ഖുവൈന്‍ സിവില്‍ ഡിഫന്‍സ് പറഞ്ഞു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
സിവില്‍ ഡിഫന്‍സ് കമാന്‍ഡര്‍-ഇന്‍-ചീഫ് മേജര്‍ ജനറല്‍ ഡോ. ജാസിം മുഹമ്മദ് അല്‍ മര്‍സൗഖിയും ഉം അല്‍ ഖുവൈനിലെ സിവില്‍ ഡിഫന്‍സ് ഡിപ്പാര്‍ട്ട് മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ അഹമ്മദ് സലേം ബിന്‍ ഷാഖ് വിയും സംഭവസ്ഥലത്ത് ഉണ്ടായിരുന്നു.
തീ നിയന്ത്രണ വിധേയമാക്കാന്‍ സഹായിച്ച എല്ലാ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ക്കും മേജര്‍ ജനറല്‍ അല്‍ മര്‍സൂഖി നന്ദിയും അഭിനന്ദനവും അറിയിച്ചു. ഉം അല്‍ ഖുവൈനിലെ സിവില്‍ ഡിഫന്‍സ് വകുപ്പിനും അല്‍ ഖുവൈന്‍ പൊലീസ് ജനറല്‍ ആസ്ഥാനം, ഷാര്‍ജ സിവില്‍ ഡിഫന്‍സ് അതോറിറ്റി, അജ് മാന്‍ സിവില്‍ ഡിഫന്‍സ്, റാസല്‍ ഖൈമ സിവില്‍ ഡിഫന്‍സ്, ഉം അല്‍ ഖുവൈനിലെ എമര്‍ജന്‍സി, ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ് മെന്റ് സെന്റര്‍, ഉം അല്‍ ഖുവൈന്‍ മുനിസിപ്പാലിറ്റി, ഇത്തിഹാദ് വാട്ടര്‍ ആന്‍ഡ് ഇലക്ട്രിസിറ്റി കമ്പനി, നാഷണല്‍ ആംബുലന്‍സ് എന്നിവയുള്‍പ്പെടെ നിരവധി സ്ഥാപനങ്ങളില്‍ നിന്ന് ശക്തമായ പിന്തുണ ലഭിച്ചതായും അദ്ദേഹം പറഞ്ഞു.
വ്യാവസായിക മേഖലകളില്‍ സുരക്ഷാ പ്രോട്ടോക്കോളുകള്‍ പാലിക്കേണ്ടതിന്റെ പ്രാധാന്യം സിവില്‍ ഡിഫന്‍സ് ആവര്‍ത്തിച്ചു പറഞ്ഞു. സമാനമായ സംഭവങ്ങള്‍ ഒഴിവാക്കാന്‍ എല്ലാ ഫാക്ടറികളും തീപിടുത്ത പ്രതിരോധ നടപടികള്‍ പൂര്‍ണ്ണമായും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ ആഴ്ച ഷാര്‍ജയിലെ ഒരു ബഹുനില കെട്ടിടത്തിലും തീപിടിച്ചിരുന്നു. സംഭവത്തില്‍ അഞ്ച് പേര്‍ മരിച്ചിരുന്നു. നിരവധി താമസക്കാര്‍ക്ക് ഇപ്പോഴും വീടുകളിലേക്ക് തിരിച്ചെത്താന്‍ കഴിഞ്ഞിട്ടില്ല.