ഈ വര്‍ഷത്തെ ഹജ്ജിനുള്ള ആദ്യ മലയാളി തീര്‍ഥാടക സംഘം മക്കയിലെത്തി

മലയാളി സന്നദ്ധ പ്രവര്‍ത്തകര്‍ മക്കയില്‍ ഊഷ്മള വരവവേല്‍പാണ് യാത്രക്കാര്‍ക്ക് നല്‍കിയത്.;

Update: 2025-05-05 11:27 GMT

റിയാദ്: ഈ വര്‍ഷത്തെ ഹജ്ജിനുള്ള ആദ്യ മലയാളി തീര്‍ഥാടക സംഘം മക്കയിലെത്തി. ശനിയാഴ്ച രാത്രി 10 മണിക്ക് ഇന്‍ഡിഗോ വിമാനത്തില്‍ കോഴിക്കോട് നിന്ന് പുറപ്പെട്ട 126 തീര്‍ഥാടകരാണ് ഞായറാഴ്ച പുലര്‍ച്ചെ ഒരുമണിക്ക് ജിദ്ദയില്‍ ഇറങ്ങിയത്.

അല്‍ഹിന്ദ് ഹജ്ജ് ഗ്രൂപ്പിന് കീഴില്‍ എത്തിയ തീര്‍ഥാടകരെ ബസ് മാര്‍ഗം ആറുമണിയോടെ മക്കയിലെത്തിച്ചു. മലയാളി സന്നദ്ധ പ്രവര്‍ത്തകര്‍ മക്കയില്‍ ഊഷ്മള വരവവേല്‍പാണ് യാത്രക്കാര്‍ക്ക് നല്‍കിയത്. മക്കയില്‍ ഹാജിമാര്‍ക്ക് വേണ്ട മുഴുവന്‍ ഒരുക്കവും ഇന്ത്യന്‍ ഹജ്ജ് മിഷന് കീഴില്‍ പൂര്‍ത്തിയായിട്ടുണ്ട്.

ആദ്യ സംഘത്തെ സ്വീകരിക്കാന്‍ കെ.എം.സി.സി നാഷനല്‍ ഹജ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ മുജീബ് പൂകോട്ടൂര്‍, സുലൈമാന്‍ മാളിയേക്കല്‍, നാസര്‍ കിന്‍സാറ, മുസ്തഫ മുഞ്ഞക്കുളം, കുഞ്ഞാപ്പ പൂക്കോട്ടൂര്‍, എം.സി. നാസര്‍, സക്കീര്‍ കാഞ്ഞങ്ങാട്, സിദ്ധിഖ് കൂട്ടിലങ്ങാടി, സമീര്‍ കൊട്ടുകര എന്നിവര്‍ നേതൃത്വം നല്‍കി.

മധുരവും സമ്മാനങ്ങളും നല്‍കിയാണ് ഹാജിമാരെ തീര്‍ഥാടകര്‍ക്കൊരുക്കിയ താമസസ്ഥലത്ത് വെച്ച് സ്വീകരിച്ചത്. അപ്രത്രീക്ഷിതമായ സ്വീകരണം ഹാജിമാരെ സംതൃപ്തരാക്കി. ഹോട്ടലില്‍ അല്‍പ്പം വിശ്രമിച്ച ശേഷം സംഘം മസ്ജിദുല്‍ ഹറാമിലെത്തി ഉച്ചയോടെ ഉംറ നിര്‍വഹിച്ചു. വരും ദിനങ്ങളില്‍ ഹാജിമാര്‍ മസ്ജിദുല്‍ ഹറാമില്‍ നമസ്‌കാരവും പ്രാര്‍ഥനയുമായി കഴിയും. മക്കയിലെ വിവിധ ചരിത്ര സ്ഥലങ്ങളും സംഘം സന്ദര്‍ശിക്കും.

സ്വകാര്യ ഗ്രൂപ്പില്‍ എത്തിയ ഹാജിമാരില്‍ ഭൂരിഭാഗവും ഹജ്ജിന് മുമ്പ് മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കും. ഹജ്ജിന് ശേഷം ജിദ്ദ വഴിയാകും ഇവരുടെ മടക്കം. സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിലുള്ള തീര്‍ഥാടകര്‍ ഈ മാസം 10 മുതല്‍ ജിദ്ദ വഴി എത്തും. ഹജ്ജിന് ശേഷം മദീന വഴിയാകും ഇവര്‍ മടങ്ങുക.



 


Similar News