വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കി സൗദി അറേബ്യ: ഉംറ തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കും ബാധകം

Update: 2025-01-18 05:32 GMT

റിയാദ്: ഉംറ നിര്‍വഹിക്കാനോ രാജ്യം സന്ദര്‍ശിക്കാനോ ആഗ്രഹിക്കുന്ന വ്യക്തികള്‍, വിസ തരം പരിഗണിക്കാതെ, നെയ്‌സേറിയ മെനിഞ്ചൈറ്റിസ് വാക്‌സിന്‍ ഉള്‍പ്പെടെയുള്ള ആവശ്യമായ പ്രതിരോധ കുത്തിവയ്പ്പുകള്‍ സ്വീകരിക്കണമെന്ന് സൗദി അറേബ്യ അറിയിച്ചു.സ്വകാര്യ എയര്‍ലൈനുകള്‍ ഉള്‍പ്പെടെ രാജ്യത്തെ വിമാനത്താവളങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിമാനക്കമ്പനികള്‍ക്കും ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ (ജി.എ.സി.എ) പുറപ്പെടുവിച്ച സര്‍ക്കുലറിലാണ് ഇക്കാര്യം അറിയിച്ചത്.ഫെബ്രുവരി 10 മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും.

ആരോഗ്യ സംരക്ഷണത്തിനാവശ്യമായ കരുതലുകള്‍ സ്വീകരിക്കുന്നത് സംബന്ധിച്ച് സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ വ്യക്തമാക്കിയിട്ടുള്ള കാര്യങ്ങള്‍ യാത്രക്കാരെ, പ്രത്യേകിച്ച് ഉംറ വിസയുള്ളവരെ വിമാനക്കമ്പനികള്‍ അറിയിക്കണമെന്ന് അതോറിറ്റി വ്യക്തമാക്കി.

ജി.എ.സി.എ നിശ്ചയിച്ചിട്ടുള്ള നിര്‍ബന്ധിത വാക്‌സിനേഷന്‍ നടപടികള്‍ പാലിക്കുന്നില്ലെങ്കില്‍ സൗദി അധികൃതര്‍ ഉംറ തീര്‍ത്ഥാടനം നടത്താന്‍ അനുവദിക്കില്ലെന്ന് ചേംബര്‍ ഓഫ് ട്രാവല്‍ ആന്‍ഡ് ടൂറിസം കമ്പനികളില്‍ നിന്നും ഏജന്‍സികളില്‍ നിന്നുമുള്ള വൃത്തങ്ങള്‍ പറഞ്ഞു.വാക്സിനേഷന്‍ നടത്തിയില്ലെങ്കില്‍ ഉംറ നിര്‍വഹിക്കാന്‍ രാജ്യത്തേക്ക് പ്രവേശിക്കാനാവില്ല.

യാത്രക്കാര്‍ക്ക് ക്വാഡ്രിവാലന്റ് മെനിഞ്ചൈറ്റിസ് വാക്‌സിന്‍ (പോളിസാക്കറൈഡ് അല്ലെങ്കില്‍ കണ്‍ജഗേറ്റ്) ലഭിക്കുന്നുണ്ടെന്ന് എയര്‍ലൈനുകള്‍ ഉറപ്പാക്കണമെന്ന് അതോറിറ്റി നിര്‍ബന്ധമാക്കിയിട്ടുണ്ട്.

നിബന്ധനകള്‍

സൗദി അറേബ്യയില്‍ എത്തുന്നതിന് 10 ദിവസം മുമ്പെങ്കിലും വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കണം.
സര്‍ട്ടിഫിക്കറ്റ,് പോളിസാക്രറൈഡ് ടൈപ്പിന്് 3 വര്‍ഷം കവിയരുത് അല്ലെങ്കില്‍ കോണ്‍ജുഗേറ്റ് ടൈപ്പിന് 5 വര്‍ഷത്തില്‍ കൂടരുത്.
ഒരു വയസ്സിന് താഴെയുള്ള കുട്ടികളെ ഈ വാക്‌സിനില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
കര്‍ശനമായ നിര്‍വ്വഹണ നടപടികള്‍
ട്രാന്‍സിറ്റ്, ഡെസ്റ്റിനേഷന്‍ എന്നീ രാജ്യങ്ങള്‍ക്ക് ആവശ്യമായ ഡോക്യുമെന്റേഷന്‍ യാത്രക്കാര്‍ക്ക് ഉണ്ടെന്ന് ഉറപ്പാക്കാന്‍ എയര്‍ലൈനുകള്‍ എംബാര്‍ക്കേഷന്‍ സമയത്ത് ആവശ്യമായ എല്ലാ മുന്‍കരുതലുകളും എടുക്കേണ്ടതുണ്ട്.
ജി.എ.സി.എയുടെ സര്‍ക്കുലറുകള്‍ പാലിക്കാത്തത് ഗവണ്‍മെന്റിന്റെ ഉത്തരവുകളുടെ ലംഘനമായി കണക്കാക്കും, നിയമലംഘകര്‍ നിയമപരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും.

Similar News