സൗദി ബാലനെ കൊലപ്പെടുത്തിയ കേസ്: അബ്ദുല്‍ റഹീമിന്റെ മോചനം ഇനിയും നീളും; കേസ് വീണ്ടും മാറ്റിവെച്ചു

Update: 2025-03-18 09:56 GMT

റിയാദ്: സൗദി ബാലനെ കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മോചനം ഇനിയും നീളും. കേസ് പരിഗണിക്കുന്നത് വീണ്ടും മാറ്റിവെച്ചതോടെയാണ് ഇതെന്ന് നിയമ സഹായ സമിതി അറിയിച്ചു. ഇത് പത്താം തവണയാണ് റിയാദ് കോടതി കേസ് മാറ്റുന്നത്. വിവിധ കാരണങ്ങളാലാണ് കേസ് പരിഗണിക്കുന്നത് കോടതി ഇതിന് മുമ്പ് മാറ്റിവച്ചത്.

ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ആരംഭിച്ച സിറ്റിങ്ങില്‍ പതിവുപോലെ ജയിലില്‍നിന്ന് അബ്ദുല്‍ റഹീമും പ്രതിഭാഗം അഭിഭാഷകരും ഇന്ത്യന്‍ എംബസി പ്രതിനിധി സവാദും കുടുംബപ്രതിനിധി സിദ്ദിഖ് തുവ്വൂരും പങ്കെടുത്തു.

ഒന്നര കോടി സൗദി റിയാല്‍ (34 കോടിയിലേറെ ഇന്ത്യന്‍ രൂപ) ദയാധനം നല്‍കുകയും കോടതി വധശിക്ഷ ഒഴിവാക്കുകയും ചെയ്‌തെങ്കിലും പബ്ലിക് റൈറ്റ് പ്രകാരമുള്ള കേസില്‍ തീര്‍പ്പുണ്ടാവാത്തതിനാല്‍ മോചന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയായിരുന്നു. ഇതിനുവേണ്ടിയുള്ള ആദ്യ സിറ്റിങ് ഒക്ടോബര്‍ 21നാണ് നടന്നത്. എന്നാല്‍ ബെഞ്ച് മാറിയെന്നും വധശിക്ഷ ഒഴിവാക്കിയ ബെഞ്ച് തന്നെയാണ് മോചന കാര്യത്തിലും തീരുമാനമെടുക്കേണ്ടതെന്നും അറിയിച്ച് കോടതി കേസ് മാറ്റിവെക്കുകയായിരുന്നു.

തുടര്‍ന്ന് കഴിഞ്ഞ നവംബര്‍ 17 ന് വധശിക്ഷ ഒഴിവാക്കിയ അതേ ബെഞ്ച് തന്നെ കേസ് പരിഗണിച്ചു. എന്നാല്‍ വിഷയം സൂക്ഷ്മമായി പരിശോധിക്കേണ്ടതുള്ളതിനാല്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് കോടതി ഡിസംബര്‍ എട്ടിലേക്ക് മാറ്റി. ആ തീയതിയില്‍ നടന്ന സിറ്റിങ്ങിലും തീരുമാനമായില്ല. പല തവണ ഇത്തരത്തില്‍ കേസ് മാറ്റിവെക്കേണ്ടി വന്നു.

മാര്‍ച്ച് മൂന്നിനായിരുന്നു കഴിഞ്ഞ സിറ്റിങ്. അന്ന് കോടതി റിയാദ് ഗവര്‍ണറേറ്റിനോട് കേസിന്റെ ഒറിജിനല്‍ ഫയല്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരുന്നു. വിശദമായ പരിശോധനകള്‍ക്ക് വേണ്ടിയായിരുന്നു പലതവണ കോടതി കേസ് മാറ്റിയത്. കേസില്‍ കഴിഞ്ഞ 18 വര്‍ഷമായി ജയിലില്‍ കഴിയുകയാണ് കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുല്‍ റഹീം. റഹീമിന്റെ മടക്കയാത്രക്കുള്ള രേഖകള്‍ എംബസി തയ്യാറാക്കിയിട്ടുണ്ട്.

മോചനക്കേസ് മാറ്റിവെച്ചതില്‍ പ്രതികരണവുമായി നേരത്തെ റഹീമിന്റെ മാതാവ് ഫാത്തിമ രംഗത്തെത്തിയിരുന്നു. മകനെ എത്രയും പെട്ടെന്ന് നാട്ടില്‍ എത്തിക്കണമെന്നും ഇനിയും കാത്തിരിക്കാന്‍ വയ്യെന്നുമായിരുന്നു മാതാവ് മാധ്യമങ്ങളോട് പറഞ്ഞത്.

'മകനുമായി ഒരുമിച്ച് വരാമെന്ന് കരുതിയാണ് പോയത്. എത്രയും പെട്ടെന്ന് എന്റെ കുട്ടിയെ എത്തിച്ച് തരണം. കാണാന്‍ എത്രയോ കാലമായി നീറിക്കഴിയുകയാണ് ഞാന്‍. കണ്ടപ്പോള്‍ കുറേ കരഞ്ഞു. എന്തൊക്കെയോ പറഞ്ഞു. എത്രയോ കാലമായി കാണുകയല്ലേ. അവന് ചായ കൊടുത്തു. എനിക്കും ചായ തന്നു. ഉമ്മച്ചി പൊയ്‌ക്കോളിന്‍, ഞാന്‍ അടുത്തയാഴ്ച്ച വരുമെന്നും പറഞ്ഞു'. നാളെയോ മറ്റന്നാളോ എത്തുമെന്ന് കാക്കുമ്പോഴും ഇങ്ങനെയുള്ള വാര്‍ത്തകളാണ് കേള്‍ക്കുന്നതെന്നും മാതാവ് പറഞ്ഞിരുന്നു.

സൗദി പൗരന്‍ അനസ് അല്‍ ശഹ്‌റിയുടെ മരണവുമായി ബന്ധപ്പെട്ടാണ് റഹീമിന് സൗദിയിലെ കോടതി വധശിക്ഷ വിധിച്ചത്. 2006 ഡിസംബര്‍ 25നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സൗദി പൗരനായ അനസ് ബിന്‍ ഫായിസ് അബ്ദുല്ല അല്‍ ശഹ്‌റിയുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ ഹൗസ് ഡ്രൈവറായാണ് റഹീം സൗദിയില്‍ എത്തിയത്.

വാഹനാപകടത്തെ തുടര്‍ന്ന് ഇരിക്കാനും നടക്കാനും കഴിയാതെ തളര്‍ന്ന അനസ് അല്‍ ശഹ്‌റി എന്ന 18കാരനെ പരിചരിക്കലായിരുന്നു റഹീമിന്റെ ജോലി. കഴുത്തിന് താഴെ ചലനശേഷി നഷ്ടമായ അനസ് ബിന്‍ ഫായിസ് ജീവന്‍ നിലനിര്‍ത്തിയത് വൈദ്യോപകരണങ്ങളുടെ സഹായത്തോടെയായിരുന്നു. യാത്രക്കിടെ സിഗ്‌നലില്‍ കാര്‍ നിര്‍ത്തിയതുമായി ബന്ധപ്പെട്ട് അനസും റഹീമും തമ്മില്‍ തര്‍ക്കമുണ്ടാകുകയും ഇതിനിടെ റഹീമിന്റെ കൈ തട്ടി അനസിന്റെ ദേഹത്ത് ഘടിപ്പിച്ച വയര്‍ ബന്ധം വിച്ഛേദിക്കപ്പെടുകയും ചെയ്തു. ഇതാണ് അനസിന്റെ മരണത്തില്‍ കലാശിച്ചത്.

Similar News