യു.എ.ഇ റമദാന്‍:സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ ജോലി സമയം കുറച്ചു
അബുദാബി: റമദാന്‍ മാസത്തില്‍ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ജോലി സമയം കുറച്ച് യുഎഇ പ്രഖ്യാപനം.ഹ്യൂമന്‍ റിസോഴ്സ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രാലയ (MoHRE) ത്തിന്റെ തീരുമാന പ്രകാരം യു.എ.ഇയില്‍ ഉടനീളം സ്വകാര്യ മേഖലയിലെ ജോലി സമയം രണ്ട് മണിക്കൂര്‍ ആയി കുറക്കും.സ്വകാര്യ മേഖലയിലെ കമ്പനികള്‍ക്ക് അവരുടെ താല്‍പ്പര്യങ്ങള്‍ക്കും അവരുടെ ജോലിയുടെ സ്വഭാവത്തിനും അനുസൃതമായി, റമദാന്‍ മാസത്തില്‍ പ്രവൃത്തി സമയത്തിന്റെ പരിധിക്കുള്ളില്‍ ജോലിക്ക് ആവശ്യമായ ക്രമീകരണം നടത്താവുന്നതാണ്.
നേരത്തെ, ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്സസ പൊതുമേഖലാ ജീവനക്കാര്‍ക്ക് ജോലി സമയം പ്രഖ്യാപിച്ചിരുന്നു. തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 2.30 വരെയും വെള്ളിയാഴ്ചകളില്‍ രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 12 വരെയും ആണ് പൊതുമേഖലയിലെ ജോലി സമയം.
മാര്‍ച്ച് ഒന്നിന് ലോകമെമ്പാടുമുള്ള മിക്ക മുസ്ലീങ്ങളും നോമ്പ് അനുഷ്ഠിക്കാന്‍ തുടങ്ങുന്ന ദിവസമായിരിക്കുമെന്ന് ഫെബ്രുവരി 13 ന് യുഎഇയുടെ അന്താരാഷ്ട്ര ജ്യോതിശാസ്ത്ര കേന്ദ്രം (ഐഎസി) വ്യക്തമാക്കിയിരുന്നു,അതിനിടെ ഫെബ്രുവരി 28 വെള്ളിയാഴ്ച വൈകുന്നേരം റമദാന്‍ ചന്ദ്രക്കല ദര്‍ശിക്കാന്‍ രാജ്യത്തെ എല്ലാ മുസ്ലീങ്ങളോടും യുഎഇ ആഹ്വാനം ചെയ്തതായി എമിറേറ്റ്‌സ് ഫത്വ കൗണ്‍സില്‍ അറിയിച്ചു.വെള്ളിയാഴ്ച വൈകുന്നേരം മഗ്രിബ് നമസ്‌കാരത്തിന് ശേഷം ചന്ദ്രനെ കണ്ടാല്‍, റമദാന്‍ മാര്‍ച്ച് 1 ന് ആരംഭിക്കും, അതേസമയം, ചന്ദ്രക്കല ദര്‍ശിച്ചില്ലെങ്കില്‍, വിശുദ്ധ മാസം മാര്‍ച്ച് 2 ന് ആരംഭിക്കും.