അബുദാബി: വിശുദ്ധ റമദാന്‍ മാസത്തിനായുള്ള കാത്തിരിപ്പിലാണ് ലോകമെമ്പാടുമുള്ള ഇസ്ലാം മത വിശ്വാസികള്‍. ഈ വര്‍ഷത്തെ റമദാന്‍ മാര്‍ച്ച് 1 ന് ആരംഭിച്ചേക്കും. യുഎഇ രാജ്യാന്തര ജ്യോതിശാസ്ത്ര കേന്ദ്രം (ഐഎസി) ആണ് ഇക്കാര്യം അറിയിച്ചത്. ലോകത്തെ മിക്ക മുസ്ലിം രാജ്യങ്ങളിലും റമദാന്‍ മാര്‍ച്ച് 1 ന് തന്നെ ആരംഭിച്ചേക്കും. റമദാന്‍ ചന്ദ്രക്കല തലേദിവസം രാത്രി ആകാശത്ത് ദൃശ്യമാകുമെന്നും അറിയിപ്പില്‍ പറയുന്നു.
ലോകത്തിന്റെ പല ഭാഗങ്ങളിലും ദൂരദര്‍ശിനി ഉപയോഗിച്ചും അമേരിക്കയുടെ വിശാലമായ ഭാഗങ്ങളില്‍ നഗ്‌നനേത്രങ്ങള്‍ കൊണ്ടും ചന്ദ്രക്കല കാണാനാകുമെന്നും സെന്റര്‍ ഡയറക്ടര്‍ മുഹമ്മദ് ഷൗക്കത്ത് ഒദെ പറഞ്ഞു.
ചന്ദ്രക്കല കാണുന്നതിനെ ആശ്രയിച്ചാണ് ഇസ്ലാമിക മാസങ്ങള്‍ 29 അല്ലെങ്കില്‍ 30 ദിവസം നീണ്ടുനില്‍ക്കുന്നത്. ഷഅബാന്റെ 29-ാം ദിവസം (ഫെബ്രുവരി 28) റമദാന്‍ ഔദ്യോഗികമായി എപ്പോള്‍ ആരംഭിക്കുമെന്ന് നിര്‍ണയിക്കാന്‍ ഔദ്യോഗിക ചാന്ദ്രദര്‍ശന സമിതികള്‍ യോഗം ചേരും. ഈ ദിവസം കണ്ടാല്‍ അടുത്ത ദിവസമാണ് പുണ്യമാസം ആരംഭിക്കുന്നത്.
വിശുദ്ധ മാസത്തിന്റെ ആത്മീയ പ്രാധാന്യത്തിനും അനുഗ്രഹത്തിനും വേണ്ടി തയ്യാറെടുക്കുകയാണ് ലോകമെമ്പാടുമുള്ള മതവിശ്വാസികള്‍. ജിസിസി രാജ്യങ്ങളില്‍ റമദാനിനെ വരവേല്‍ക്കുന്നതിനായുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു. യുഎഇയില്‍ റമദാന്‍ സൂഖ് പ്രവര്‍ത്തനം ആരംഭിച്ചു. റമാദന്‍ മാസത്തിലെ ജോലി സമയവും സ്‌കൂള്‍ പ്രവര്‍ത്തന സമയവും ഉള്‍പ്പെടെ നിരവധി ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് തുടങ്ങിയിട്ടുണ്ട്.