കുവൈത്തില്‍ ജീവപര്യന്തം തടവ് ശിക്ഷ 20 വര്‍ഷമായി കുറച്ചു

Update: 2025-03-08 07:31 GMT

കുവൈത്ത് സിറ്റി: ജീവപര്യന്തം തടവ് ശിക്ഷ 20 വര്‍ഷമാക്കി കുറച്ച് ഭരണകൂടം. കുവൈത്തിലെ ശിക്ഷാ വ്യവസ്ഥ പരിഷ്‌കരിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പാണ് ഇത്. അമീര്‍ ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിന്റെ നിര്‍ദ്ദേശപ്രകാരം ആക്ടിങ് പ്രധാനമന്ത്രിയും ആഭ്യന്തര വകുപ്പ് മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അല്‍ യൂസഫ് അല്‍ സബാഹാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

വെള്ളിയാഴ്ച സെന്‍ട്രല്‍ ജയിലിലെത്തിയ മന്ത്രി തടവുകാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഒപ്പം പ്രഭാതഭക്ഷണം കഴിച്ച ശേഷമാണ് ഇതുസംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചത്. തടവുകാര്‍ക്ക് അവരുടെ ജീവിതം പുനര്‍നിര്‍മിക്കാനും ശിക്ഷക്ക് ശേഷം സമൂഹത്തില്‍ ജീവിക്കാനും അവസരം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. തടവുകാരുടെ പരിഷ്‌കരണത്തിനും പുനരധിവാസത്തിനും സഹായകരമാകുന്ന നടപടികളാണ് സ്വീകരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

പ്രസ്തുത നിയമത്തില്‍ കാതലായ മാറ്റത്തിനൊപ്പം, ഒരു പ്രത്യേക സമിതി രൂപീകരിക്കാനും മന്ത്രി ഉത്തരവിട്ടിട്ടുണ്ട്. സമിതിയുടെ മേല്‍നോട്ടത്തില്‍ തടവ് ശിക്ഷ 20 വര്‍ഷം പൂര്‍ത്തിയാക്കാന്‍ മൂന്നു മാസം വരെയുള്ളവരുടെ പട്ടിക തയ്യാറാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

മുന്‍പ്, ജീവപര്യന്തം ശിക്ഷ എന്നത് ജീവിതാവസാനം വരെയുള്ള കഠിന തടവായിരുന്നു. പുതിയ തീരുമാനം പ്രഖ്യാപിച്ചതോടെ 20 വര്‍ഷത്തിനുശേഷം കുറ്റവാളികള്‍ക്ക് ജയിലില്‍ നിന്നും പറത്തിറങ്ങാം. ശേഷിച്ച കാലം കുടുംബത്തിനും സമൂഹത്തിനുമൊപ്പം കഴിയുകയും ചെയ്യാം.

ഡയറക്ടര്‍ ജനറല്‍ ഓഫ് കറക്ഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് ബ്രിഗേഡിയര്‍ ജനറല്‍ ഫഹദ് അല്‍ ഉബൈദും മറ്റ് ഉയര്‍ന്ന ഉദ്യോഗസ്ഥരും മന്ത്രിയെ സ്വീകരിച്ചു.

Similar News