2024ല്‍ കുവൈത്ത് നാടുകടത്തിയത് 35000 പ്രവാസികളെ; താമസനിയമം ശക്തമാക്കും

Update: 2025-01-15 05:18 GMT

കുവൈറ്റ് സിറ്റി: റെസിഡന്‍സി നിയമം ലംഘിച്ച് കുവൈത്തില്‍ കഴിഞ്ഞ 35000 പ്രവാസികളെ 2024ല്‍ നാടുകടത്തിയെന്ന് കുവൈത്ത് ഡിപോര്‍ട്ടേഷന്‍ കണക്ക്. റെസിഡന്‍സി നിയമം ലംഘിക്കുന്നവരെ കണ്ടെത്താന്‍ ആഭ്യന്തര മന്ത്രാലയം നടപടികള്‍ തുടരുകയാണ്. ഇതിന്റെ ഭാഗമായാണ് കഴിഞ്ഞ വര്‍ഷ് സ്ത്രീകളും പുരുഷന്‍മാരും ഉള്‍പ്പെടെ 35000 നിയമലംഘകരെ പിടികൂടിയത്. ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് കറക്ഷണല്‍ ഫെസിലിറ്റീസിന് കീഴിലുള്ള ഡിപോര്‍ട്ടേഷന്‍ വകുപ്പാണ് നടപടിക്രമങ്ങള്‍ നടപ്പിലാക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിന്റെ വിവിധ വകുപ്പകളാണ് ഇത് സംബന്ധിച്ച് കണക്കുകള്‍ പുറത്തുവിട്ടത്. നാടുകടത്തുന്നതിനായി നിലവില്‍ കസ്റ്റഡിയിലെടുത്ത പ്രവാസികളുടെ നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ ഡിപ്പോര്‍ട്ടേഷന്‍ വകുപ്പ് ഊര്‍ജിതമായി പ്രവര്‍ത്തിക്കുകയാണ്. തടവിലാക്കപ്പെട്ട പ്രവാസികളെ നാട് കടത്തുന്നതിനും ഇതിന്റെ നടപടിക്രമങ്ങള്‍ ത്വരിതപ്പെടുത്താനും മാനുഷിക പരിഗണനകള്‍ ഉറപ്പാക്കാനും വകുപ്പ് പ്രവര്‍ത്തിക്കുന്നതായി അധികൃതര്‍ വ്യക്തമാക്കി.

റസിഡന്‍സി നിയമം ലംഘിക്കുന്നവരെ നാടുകടത്താനുള്ള തയ്യാറെടുപ്പിനായി അവരെ അറസ്റ്റ് ചെയ്യുന്നതിനും ആവശ്യമായ എല്ലാ നിയമ നടപടികളും സ്വീകരിക്കുന്നതിനുമായി ആഭ്യന്തര മന്ത്രാലയം സുരക്ഷാ വകുപ്പുകള്‍ മുഖേന ക്യാമ്പെയ്നുകള്‍ തുടരുമെന്ന് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

Similar News