കുവൈത്തില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത; കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത. വ്യാഴാഴ്ച വരെ അസ്ഥിരമായ കാലാവസ്ഥ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നുമുതല്‍ രാജ്യത്ത് ഒറ്റപ്പെട്ട നേരിയ മഴ അനുഭവപ്പെടും. ക്രമേണ ശക്തി പ്രാപിക്കുമെന്നും വ്യാഴാഴ്ച രാവിലെ വരെ തുടരുമെന്നുമാണ് വകുപ്പ് ഡയറക്ടര്‍ ധരാര്‍ അല്‍-അലിയെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
ചില സമയങ്ങളില്‍ മഴയോടൊപ്പം ഇടിമിന്നലുണ്ടാകാമെന്നും മുന്നറിയിപ്പുണ്ട്. തെക്കുകിഴക്കന്‍ കാറ്റിനൊപ്പം മഴ പെയ്യുമെന്നും, ചില സമയങ്ങളില്‍ ഇത് സജീവമാകുമെന്നും റിപ്പോര്‍ട്ടുണ്ട്. ബുധനാഴ്ച വൈകുന്നേരം കനത്ത മൂടല്‍മഞ്ഞ് രൂപപ്പെടും. ചില പ്രദേശങ്ങളില്‍ ദൃശ്യപരത ഗണ്യമായി കുറയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഉയര്‍ന്ന മര്‍ദ്ദ സംവിധാനം തിരിച്ചെത്തുന്നതോടെ മേഘങ്ങള്‍ കുറയുകയും മഴയുടെ സാധ്യത കുറയുകയും ചെയ്യും. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് കാലാവസ്ഥ മെച്ചപ്പെടുമെന്നാണ് അറിയിച്ചിരിക്കുന്നത്.