അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; 48 കോടിയുടെ വിജയിയെ തിരഞ്ഞെടുത്തത് 'മലയാളിയുടെ കരങ്ങള്‍'
അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഇത്തവണ വിജയിയായത് ദുബായില്‍ കപ്പല്‍ നിര്‍മാണ മേഖലയില്‍ ജോലി ചെയ്യുന്ന ബംഗ്ലാദേശ് സ്വദേശി ജഹാംഗീര്‍ ആലവും(44) അദ്ദേഹത്തിന്റെ 14 സുഹൃത്തുക്കളും. 48 കോടിയോളം രൂപ (20 ദശലക്ഷം ദിര്‍ഹം) യാണ് സമ്മാനമായി ലഭിച്ചത്.
കഴിഞ്ഞ തവണ 20 ദശലക്ഷം ദിര്‍ഹത്തിന്റെ സമ്മാനം നേടിയ കോഴിക്കോട് സ്വദേശി ആഷിഖ് പടിഞ്ഞാറത്തിന്റെ സാന്നിധ്യമായിരുന്നു കഴിഞ്ഞദിവസം നടന്ന നറുക്കെടുപ്പിന്റെ പ്രധാന ആകര്‍ഷണം. അദ്ദേഹം തന്നെയാണ് വിജയിയെ തിരഞ്ഞെടുത്ത ടിക്കറ്റ് എടുത്തതും.
ഫെബ്രുവരി 11ന് എടുത്ത 134468 എന്ന ടിക്കറ്റിനാണ് ജഹാംഗീര്‍ ആലത്തിനും സുഹൃത്തുക്കള്‍ക്കും സമ്മാനം ലഭിച്ചത്. കഴിഞ്ഞ ആറ് വര്‍ഷമായി യുഎഇയില്‍ താമസിക്കുന്ന ജഹാംഗീര്‍ ആലം കഴിഞ്ഞ മൂന്ന് വര്‍ഷമായി സുഹൃത്തുക്കളുമായി ചേര്‍ന്ന് നറുക്കെടുപ്പില്‍ പങ്കെടുക്കുന്നുണ്ട്.
സമ്മാനവിവരം അറിയിച്ചുകൊണ്ടുള്ള ഫോണ്‍ കോള്‍ വരുമ്പോള്‍ താന്‍ പ്രാര്‍ഥനയിലായിരുന്നുവെന്ന് ജഹാംഗീര്‍ പറഞ്ഞു. പ്രാര്‍ഥന കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ സുഹൃത്തുക്കള്‍ സന്തോഷവാര്‍ത്തയുമായി കാത്തിരിക്കുകയായിരുന്നു. ഈ സമ്മാനം തനിക്ക് മാത്രമല്ല, കൂടെയുള്ള 14 പേര്‍ക്കും കൂടിയുള്ളതാണെന്നത് ഏറ്റവും സന്തോഷം നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സമ്മാനത്തുക ഉപയോഗിച്ച് സുഹൃത്തുക്കളുമായി ചേര്‍ന്ന് ചെറിയ ബിസിനസ് ആരംഭിക്കാനാണ് ആഗ്രഹമെന്നും ജഹാംഗീര്‍ പറഞ്ഞു. ഇദ്ദേഹത്തിന്റെ കുടുംബം ബംഗ്ലാദേശിലാണ്.