IFTAR MEALS | നോമ്പുതുറക്കാന്‍ വൈകിയെന്ന് കരുതി അമിത വേഗം വേണ്ട; ഇഫ്താര്‍ പാക്കറ്റുകളുമായി നിങ്ങളെ തേടി ദുബൈ പൊലീസ് വണ്ടിക്കരികില്‍ എത്തും
ദുബൈ: നോമ്പുതുറക്കാന്‍ വൈകിയെന്ന് കരുതി അമിത വേഗം വേണ്ട, ഇഫ്താര്‍ പാക്കറ്റുകളുമായി നിങ്ങളെ തേടി പൊലീസ് വണ്ടിക്കരികില്‍ എത്തും. അപകടം ഒഴിവാക്കാനായി റമദാന്‍ മാസത്തിന്റെ തുടക്കം മുതല്‍ വാഹന യാത്രക്കാര്‍ക്കായി മൂന്ന് ലക്ഷത്തിലേറെ ഇഫ്താര്‍ പാക്കറ്റുകള്‍ ആണ് ദുബൈ പൊലീസ് വിതരണം ചെയ്തത്. റമദാന്റെ 25-ാം ദിവസം വരെ ഇത്തരത്തില്‍ 325,250 ഇഫ്താര്‍ പാക്കറ്റുകളാണ് ദുബൈ പൊലീസ് വിതരണം ചെയ്തത്. റമദാന്‍ വാഹനാപകടങ്ങള്‍ ഇല്ലാതാക്കുക എന്ന ക്യാമ്പയിനിന്റെ ഭാഗമായാണിത്.
കൃത്യസമയത്ത് നോമ്പുതുറക്കാനായി തിരക്കിട്ട് വാഹനം ഓടിക്കുമ്പോള്‍ പലപ്പോഴും അമിതവേഗം മൂലവും അശ്രദ്ധ മൂലവും അപകടങ്ങള്‍ ഉണ്ടാകാറുണ്ട്. ഇതൊഴിവാക്കാനാണ് റമദാന്‍ വിതൗട്ട് ആക്‌സിഡന്റ്‌സ് എന്ന ക്യാമ്പയിന്‍ ദുബൈ പൊലീസ് തുടങ്ങിയത്.
സുരക്ഷിതമായി വാഹനമോടിക്കേണ്ടത് സംബന്ധിച്ച അവബോധം വര്‍ധിപ്പിക്കാനാണ് ക്യാമ്പയിന്‍ ലക്ഷ്യമിടുന്നത്. നോമ്പുതുറക്കായി തിരക്കിട്ട് പോകുമ്പോള്‍ ഉണ്ടാകുന്ന വാഹനാപകടങ്ങള്‍ കുറയ്ക്കാനായി സിഗ്‌നലുകളില്‍ വാഹനം നിര്‍ത്തിയിടുമ്പോള്‍ യാത്രക്കാര്‍ക്ക് ഇഫ്താര്‍ പാക്കറ്റുകള്‍ വിതരണം ചെയ്യുകയാണ് ദുബൈ പൊലീസ്.
അബുദാബി ഉള്‍പ്പെടെ യുഎഇയിലെ വിവിധ എമിറേറ്റുകളിലെ പൊലീസും ഇത് തുടരുന്നുണ്ട്. നോമ്പുതുറക്കാന്‍ വൈകുമെന്ന് കരുതി അമിതവേഗം വേണ്ട, പൊലീസ് വിതരണം ചെയ്യുന്ന ഇഫ് താര്‍ പാക്കറ്റുകളിലെ വെള്ളം കുടിച്ചും ഭക്ഷണം കഴിച്ചും കൃത്യസമയത്ത് തന്നെ നോമ്പുതുറക്കാനാകും.
റോഡ് സ് ആന്‍ഡ് ട്രാന്‍സ് പോര്‍ട്ട് അതോറിറ്റി, ദുബായ് സിവില്‍ ഡിഫന്‍സ്, സുപ്രീം ലെജിസ്ലേഷന്‍ കമ്മിറ്റി, എമിറേറ്റ് സ് റെഡ് ക്രസന്റ്, ദുബായ് ചാരിറ്റി അസോസിയേഷന്‍, ദുബായ് ഹെല്‍ത്ത് അതോറിറ്റി, ദുബായ് ഡിജിറ്റല്‍ അതോറിറ്റി, ദുബായ് കോര്‍പ്പറേഷന്‍ ഫോര്‍ ആംബുലന്‍സ് സര്‍വീസസ്, ഹെമയ ഇന്റര്‍നാഷണല്‍ സെന്റര്‍, എമറാത്ത് അല്‍ യൂം, ആസ്റ്റര്‍ ഗ്രൂപ്പ്, ലിസ്റ്ററിന്‍ ഗ്രൂപ്പ്, മെഡ് 7 ഫാര്‍മസി, ലൈഫ് ഫാര്‍മസി എന്നിവയുള്‍പ്പെടെ ഒന്നിലധികം പങ്കാളികളുമായി സഹകരിച്ചാണ് ട്രാഫിക് ബോധവല്‍ക്കരണ വകുപ്പ് ഈ സംരംഭം നടപ്പിലാക്കിയതെന്ന് ജനറല്‍ ഡിപ്പാര്‍ട്ട് മെന്റ് ഓഫ് ട്രാഫിക് ഡയറക്ടര്‍ മേജര്‍ ജനറല്‍ സെയ് ഫ് മുഹൈര്‍ അല്‍ മസ്രൂയി വിശദീകരിച്ചു. 375 ഓളം വളണ്ടിയര്‍മാരാണ് ഡ്രൈവില്‍ പങ്കെടുത്തത്.