കുവൈത്തിലെ മലയാളി നഴ്‌സ് ദമ്പതികളുടെ മരണം; ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കിയതായി പൊലീസ്‌

അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളിന് സമീപത്തെ ഫ്ളാറ്റിലാണ് മലയാളി നഴ്‌സ് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.;

Update: 2025-05-02 11:03 GMT

കുവൈറ്റ് സിറ്റി: കുവൈത്തിലെ മലയാളി നഴ്‌സ് ദമ്പതികളുടെ മരണത്തില്‍ പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി എന്നാണ് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണ് കുവൈത്തിനെ നടുക്കിയ മലയാളി നഴ്‌സ് ദമ്പതികളുടെ മരണം പുറംലോകമറിയുന്നത്.

അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളിന് സമീപത്തെ ഫ്ളാറ്റിലാണ് മലയാളി നഴ്‌സ് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. എറണാകുളം സ്വദേശികളായ സൂരജ്, ബിന്‍സി ദമ്പതികളാണ് മരിച്ചത്. കുവൈറ്റ് ആരോഗ്യമന്ത്രാലയത്തിലെ ജീവനക്കാരായിരുന്നു ഇരുവരും.

പൊലീസ് റിപ്പോര്‍ട്ട് പ്രകാരം, അയല്‍ക്കാര്‍ സംശയത്തെ തുടര്‍ന്ന് ഫ് ളാറ്റ് സെക്യൂരിറ്റിയെ വിവരം അറിയിക്കുകയും തുടര്‍ന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷന്‍സ് റൂമിലേക്ക് വിവരം ലഭിക്കുകയും ചെയ്തു. തുടര്‍ന്നാണ് ഫര്‍വാനിയ പൊലീസ് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തെത്തിയത്. പൊലീസ് അബ്ബാസിയയിലെ ഫ് ളാറ്റില്‍ പോയി ഡോറില്‍ മുട്ടിയെങ്കിലും ആരും വാതില്‍ തുറന്നില്ല. തുടര്‍ന്ന് പബ്ലിക് പ്രോസിക്യൂട്ടറുടെ അനുമതി വാങ്ങി ഡോര്‍ തകര്‍ത്ത് അപ്പാര്‍ട്ട് മെന്റില്‍ പ്രവേശിച്ചപ്പോഴാണ് മുറിക്കകത്ത് രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

കഴുത്തറുത്ത നിലയില്‍ ഒരു സ്ത്രീയുടെ മൃതദേഹമായിരുന്നു ആദ്യം കണ്ടെത്തിയത്. അവരുടെ രക്തം ഹാളില്‍ തളംകെട്ടി നിന്നിരുന്നു. തിരച്ചിലിനു ശേഷം, മറ്റൊരു മൃതദേഹവും കണ്ടെത്തി എന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു എന്നാണ് നിഗമനമെന്നും പൊലീസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

രാത്രിയില്‍ ദമ്പതികള്‍ തമ്മില്‍ വഴക്കിടുന്നതിന്റെയും, സ്ത്രീ നിലവിളിക്കുന്നതിന്റെയും ശബ്ദം കേട്ടതായി അയല്‍ക്കാര്‍ മൊഴി നല്‍കി. എന്നാല്‍ വാതില്‍ അടച്ചിരുന്നതിനാല്‍ ഇടപെടാന്‍ സാധിച്ചില്ലെന്നും അയല്‍ക്കാരുടെ മൊഴിയില്‍ പറയുന്നു. പൊലീസും പബ്ലിക് പ്രോസിക്യൂട്ടറും രണ്ട് മൃതദേഹങ്ങളും പരിശോധിച്ച ശേഷം, അപകടസ്ഥലത്ത് വിരലടയാളം എടുക്കാനും രണ്ട് മൃതദേഹങ്ങളും ഫോറന്‍സിക് മെഡിസിന്‍ വകുപ്പിലേക്ക് മാറ്റാനും ഉത്തരവിടുകയായിരുന്നു.

ദിവസങ്ങള്‍ക്ക് മുന്‍പാണ് രണ്ടുപേരും മക്കളായ ഈവ് ലിന്‍, എയ് ഡന്‍ എന്നിവരെ നാട്ടിലാക്കി ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്ക് ശേഷം കുവൈത്തില്‍ തിരിച്ചെത്തിയത്. രണ്ടുപേരും കുവൈത്തിലെ ജോലി അവസാനിപ്പിച്ച് ഓസ്ട്രേലിയയിലേക്ക് പോകാനായി നടപടികള്‍ പൂര്‍ത്തിയാക്കി യാത്രക്കൊരുങ്ങുന്നതിനിടയാണ് ദാരുണ സംഭവം.

ഇതിന്റെ ഭാഗമായി ഏഴും നാലും വയസുള്ള മക്കളെ നാട്ടിലെ സ്‌കൂളില്‍ ചേര്‍ത്താണ് ഇരുവരും മടങ്ങിയത്. മരിച്ച സൂരജ് ആരോഗ്യ മന്ത്രാലയത്തിലെ ജാബര്‍ ആശുപത്രിയിലും ബിന്‍സി പ്രതിരോധ മന്ത്രാലയത്തിലെ സ്റ്റാഫ് നഴ്സുമായിരുന്നു. മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.

Similar News