HONORS | യാ ഹല റാഫിള്‍ തട്ടിപ്പ് വെളിപ്പെടുത്തിയ ഉദ്യോഗസ്ഥനെ ആദരിച്ച് ആക്ടിംഗ് പ്രധാനമന്ത്രി

Update: 2025-03-26 10:59 GMT

കുവൈത്ത് സിറ്റി: യാ ഹല റാഫിള്‍ നറുക്കെടുപ്പ് ഫലങ്ങളില്‍ കൃത്രിമം കാണിച്ച തട്ടിപ്പ് ശൃംഖലയെ കുടുക്കിയ സുരക്ഷാ മേഖലയിലെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് നവാഫ് അല്‍ നസാറിന് ആക്ടിംഗ് പ്രധാനമന്ത്രിയുടെ ആദരം. ആക്ടിംഗ് പ്രധാനമന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അല്‍-സബാഹ് ആണ് ആദരിച്ചത്. ചൊവ്വാഴ്ച നടന്ന ചടങ്ങില്‍ സ്വകാര്യ സുരക്ഷാ മേഖലയിലെ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ അബ്ദുല്ല സഫാ അല്‍-മുള്ളയും പങ്കെടുത്തു.

തത്സമയ സംപ്രേക്ഷണത്തിനിടെ വീഡിയോ തെളിവുകള്‍ പകര്‍ത്തി റാഫിള്‍ നറുക്കെടുപ്പിലെ കൃത്രിമങ്ങള്‍ തുറന്നുകാട്ടുന്നതില്‍ ഡെപ്യൂട്ടി ചീഫ് അല്‍-നാസര്‍ പ്രധാന പങ്ക് വഹിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. നറുക്കെടുപ്പ് പ്രക്രിയയിലെ ക്രമക്കേടുകള്‍ ദൃശ്യങ്ങളില്‍ നിന്ന് വെളിപ്പെടുത്തി, ഇത് വഞ്ചനാപരമായ ശൃംഖലയെ തിരിച്ചറിയുന്നതിനും പൊളിച്ചുമാറ്റുന്നതിനും കാരണമായെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

സുതാര്യത നിലനിര്‍ത്തുന്നതിലും പൊതുജന വിശ്വാസം സംരക്ഷിക്കുന്നതിലും സുരക്ഷാ ഉദ്യോഗസ്ഥരുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട് അല്‍-നാസറിന്റെ ജാഗ്രതയെയും നീതി ഉയര്‍ത്തിപ്പിടിക്കുന്നതിനുള്ള പ്രതിബദ്ധതയെയും ഷെയ്ഖ് ഫഹദ് യൂസഫ് അല്‍-സബാഹ് പ്രശംസിച്ചു. സമഗ്രതയ്ക്കും ഉത്തരവാദിത്തത്തിനുമുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധതയെ ശക്തിപ്പെടുത്തുന്നതാണ് ഇത്തരമൊരു അംഗീകാരമെന്നും അദ്ദേഹം എടുത്തുപറഞ്ഞു.

ബഹുമതിക്ക് നന്ദി പറഞ്ഞ നവാഫ് അല്‍ നസാര്‍ സത്യസന്ധതയോടും ഉത്തരവാദിത്തത്തോടും കൂടി രാജ്യത്തെ സേവിക്കുന്നതിനുള്ള തന്റെ സമര്‍പ്പണം ആവര്‍ത്തിച്ചു. നീതി ഉറപ്പാക്കുകയും പൊതുതാല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുകയും ചെയ്യുന്നത് തന്റെ മുന്‍ഗണനകളാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. തട്ടിപ്പ് വെളിപ്പെടുത്തുന്ന വീഡിയോ പുറത്തുവിട്ട ഇദ്ദേഹം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരമാണ്.

Similar News