18 വ്യാജ സൗന്ദര്യവര്‍ദ്ധക, ശരീരഭാരം കുറയ്ക്കല്‍ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി അബുദാബി ആരോഗ്യ വകുപ്പ്

Update: 2025-03-16 10:16 GMT

അബുദാബി: 18 വ്യാജ സൗന്ദര്യവര്‍ദ്ധക, ശരീരഭാരം കുറയ്ക്കല്‍ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി അബുദാബി ആരോഗ്യ വകുപ്പ്. 2025 ന്റെ തുടക്കം മുതല്‍ തന്നെ 18 ഓളം വ്യാജ ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തിയതായുള്ള വിവരവും അബുദാബി ആരോഗ്യ വകുപ്പ് അറിയിച്ചു.

വ്യാജ മരുന്നുകള്‍, ഭക്ഷണ സപ്ലിമെന്റുകള്‍, സൗന്ദര്യവര്‍ദ്ധക ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ പട്ടിക പുതുക്കിയതായും വകുപ്പ് അറിയിച്ചു. ഒരു പ്രസ്താവനയിലൂടെ വകുപ്പ് ഇക്കാര്യങ്ങള്‍ പൊതുജനങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഇതോടെ വകുപ്പിന്റെ മുന്നറിയിപ്പ് പട്ടികയിലുള്ള വ്യാജ ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങളുടെ ആകെ എണ്ണം 3,142 ആയി.

ഈ ഉല്‍പ്പന്നങ്ങളില്‍ ഭൂരിഭാഗവും പ്രകൃതിദത്ത സ്രോതസ്സുകളില്‍ നിന്ന് ഉരുത്തിരിഞ്ഞ ഹെര്‍ബല്‍ മരുന്നുകളായി വിപണനം ചെയ്യപ്പെടുന്നതായും ആരോഗ്യ വകുപ്പ് ചൂണ്ടിക്കാട്ടി. പലപ്പോഴും ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകള്‍ വഴി നിയമവിരുദ്ധമായി ഇവ വില്‍ക്കുകയും ചെയ്യുന്നു.

ബോഡി ബില്‍ഡിംഗ് സപ്ലിമെന്റുകള്‍, ലൈംഗിക ഉത്തേജകങ്ങള്‍, സൗന്ദര്യ ചികിത്സകള്‍ എന്നിവയുടെ ഉപയോഗം അതീവ അപകടകരമാണെന്ന് ആരോഗ്യ വകുപ്പ് ചൂണ്ടിക്കാട്ടുന്നു. ഈ ഉല്‍പ്പന്നങ്ങള്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ഇത് ഉപയോഗിക്കുന്നതിനെതിരെ പ്രാദേശിക, അന്തര്‍ദേശീയ ആരോഗ്യ അധികൃതര്‍ മുന്നറിയിപ്പുമായി രംഗത്തെത്തിയിട്ടുണ്ട്.

വകുപ്പ് പുറത്തുവിട്ട വ്യാജ ഉല്‍പ്പന്നങ്ങളുടെ കണക്കുകള്‍ അറിയാം:

1. 269 ബോഡി ബില്‍ഡിംഗ്, പേശി വര്‍ദ്ധിപ്പിക്കുന്ന സപ്ലിമെന്റുകള്‍

2. 341 സൗന്ദര്യവര്‍ദ്ധക ഉല്‍പ്പന്നങ്ങള്‍

3. 582 ശരീരഭാരം കുറയ്ക്കുന്നതിനും സ്ലിമ്മിംഗ് ചെയ്യുന്നതിനുമുള്ള ഉല്‍പ്പന്നങ്ങള്‍

4. 1,503 ലൈംഗിക ഉത്തേജക ഉല്‍പ്പന്നങ്ങള്‍

5. 447 മറ്റ് വിവിധ വ്യാജ ഉല്‍പ്പന്നങ്ങളും ആരോഗ്യ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇവയില്‍ മറ്റ് വിഭാഗങ്ങളില്‍ പെടാത്ത മരുന്നുകളും സപ്ലിമെന്റുകളും ഉള്‍പ്പെടുന്നു.

ഈ വ്യാജ ഉല്‍പ്പന്നങ്ങളുടെ പേരുകള്‍ അടക്കമുള്ള വിവരങ്ങള്‍ ആരോഗ്യ വകുപ്പ് ഔദ്യോഗിക വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇത്തരം ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നതുവഴി ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകാം. അവ എന്തൊക്കെയാണെന്ന് അറിയാം

ഫോഴ്‌സ്, ബ്ലാക്ക് ഹോഴ്‌സ്, റോയല്‍ ഹണി, ഹണി എക്‌സ്ട്രാ സ്‌ട്രെങ്ത്, സ്റ്റിഫ് റോക്ക് ഗോള്‍ഡ്, റേജിംഗ് ബുള്‍ 50000, സൂപ്പര്‍ റൈനോ ഗോള്‍ഡ്, റൈനോ 25 ഹണി, ഫ് ളവര്‍ പവര്‍, ക്വാഡ്രാഗന്‍ ടെസ്റ്റോലോണ്‍, സ്റ്റെനബോളിക്, പിങ്ക്‌സ് ഫാഷന്‍ ഫെയര്‍ ക്രീം, ഹാഡോ ലാബോ ഗോക്യുജുന്‍ ഹതോമുഗി, നിയോപ്രോസോണ്‍ ക്രീം തുടങ്ങിയ നിരവധി ഉല്‍പ്പന്നങ്ങള്‍ വ്യാജ മരുന്നുകളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു. ഈ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകാമെന്നാണ് അബുദാബി ആരോഗ്യ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്.

ഹൃദയാഘാതം, പക്ഷാഘാതം, കരള്‍ തകരാറ്, ചര്‍മ്മത്തില്‍ അലര്‍ജിയും തിണര്‍പ്പും, ശരീരത്തില്‍ അസാധാരണമായ നീര്‍ക്കെട്ട്, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, കേള്‍വി അല്ലെങ്കില്‍ കാഴ്ച നഷ്ടം ഇവയെല്ലാം ഇതിന്റെ ഗുരുതരമായ പാര്‍ശ്വഫലങ്ങളാണ്. അതുകൊണ്ടുതന്നെ ഇത്തരം ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതില്‍ ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഗുണനിലവാരമില്ലാത്ത ഉത്പാദനവും സംഭരണവും:

ഈ വ്യാജ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുകയും സംഭരിക്കുകയും ചെയ്യുന്നത് പലപ്പോഴും അംഗീകൃത മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ടാണെന്നും ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നു. ഇവയുടെ നിര്‍മ്മാണം സുരക്ഷിതമല്ലാത്തതും വൃത്തിഹീനവുമായ സാഹചര്യങ്ങളിലാണ്.

അതുകൊണ്ടുതന്നെ ബാക്ടീരിയ, ഫംഗസ്, ഹെവി മെറ്റല്‍സ് തുടങ്ങിയ ഹാനികരമായ വസ്തുക്കളാല്‍ മലിനീകരിക്കപ്പെടാനുള്ള സാധ്യതയും കൂടുന്നു. ഈ ഉല്‍പ്പന്നങ്ങളില്‍ ലേബലില്‍ രേഖപ്പെടുത്താത്തതും ആരോഗ്യത്തിന് ഹാനികരവുമായ ഫാര്‍മസ്യൂട്ടിക്കല്‍ ചേരുവകളും അടങ്ങിയിട്ടുണ്ട്. ഇത് ഉപഭോക്താക്കള്‍ അറിയാതെ തന്നെ രാസവസ്തുക്കള്‍ ശരീരത്തില്‍ കടന്നുചെല്ലാന്‍ ഇടയാകുന്നു.

വ്യാജ സപ്ലിമെന്റുകളുടെ അപകടം:

പേശി വളര്‍ച്ച, ലൈംഗിക ഉത്തേജനം, ശരീരഭാരം കുറയ്ക്കല്‍, സൗന്ദര്യം എന്നിവയ്ക്കായി ആകര്‍ഷകമായ വാഗ്ദാനങ്ങളുമായി വിപണനം ചെയ്യുന്ന ഡയറ്ററി സപ്ലിമെന്റുകളും ഈ മുന്നറിയിപ്പ് പട്ടികയില്‍ ഉള്‍പ്പെടുന്നു. ആരോഗ്യ വകുപ്പിന്റെ വെബ് സൈറ്റില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള ഒരു ഉല്‍പ്പന്നവും ഒരു കാരണവശാലും വാങ്ങുകയോ ഉപയോഗിക്കുകയോ ചെയ്യരുതെന്ന മുന്നറിയിപ്പും ആരോഗ്യ വകുപ്പ് നല്‍കുന്നു.

ഏതെങ്കിലും ഡയറ്ററി സപ്ലിമെന്റ് ഉപയോഗിക്കുന്നതിന് മുമ്പ് അംഗീകൃത ആരോഗ്യ വിദഗ്ധരില്‍ നിന്ന് ഉപദേശം തേടണമെന്നും പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. സ്വന്തം ഇഷ്ടപ്രകാരം ഇത്തരം സപ്ലിമെന്റുകള്‍ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ദോഷകരമാണെന്ന മുന്നറിയിപ്പും നല്‍കുന്നുണ്ട്.

നിയന്ത്രിതമല്ലാത്ത സപ്ലിമെന്റുകളുടെ ഉപയോഗം:

മരുന്നുകളുടെയും ഡയറ്ററി സപ്ലിമെന്റുകളുടെയും ക്രമരഹിതമായ ഉപയോഗത്തിനെതിരെ ആരോഗ്യ വകുപ്പ് വീണ്ടും മുന്നറിയിപ്പ് നല്‍കുന്നു. പല ഉപഭോക്താക്കളും ഇത്തരം ഉല്‍പ്പന്നങ്ങള്‍ സുരക്ഷിതവും പ്രകൃതിദത്തവുമാണെന്ന് തെറ്റിദ്ധരിക്കുന്നു. എന്നാല്‍, ഇവയില്‍ പലതും അപകടകരമായ രാസവസ്തുക്കള്‍ അടങ്ങിയതും അംഗീകൃതമല്ലാത്തതുമായ രീതിയില്‍ നിര്‍മിച്ചവയായിരിക്കാം.

കൂടാതെ, ഈ ഉല്‍പ്പന്നങ്ങള്‍ മറ്റ് മരുന്നുകളുമായി ചേര്‍ത്ത് ഉപയോഗിക്കുമ്പോള്‍ ഉണ്ടാകാവുന്ന ദൃശ്യഫലങ്ങളെക്കുറിച്ച് പലര്‍ക്കും അറിവുണ്ടായിരിക്കില്ല. അതിനാല്‍, ഏതൊരു മരുന്നും സപ്ലിമെന്റും ഉപയോഗിക്കുന്നതിന് മുമ്പ് ഡോക്ടറുടെ ഉപദേശം തേടേണ്ടത് അത്യാവശ്യമാണ്.

ശരീരഭാരം കുറയ്ക്കുന്നതിനുള്ള ശരിയായ മാര്‍ഗം:

ആരോഗ്യകരമായ ഭക്ഷണക്രമവും കൃത്യമായ ശാരീരിക പ്രവര്‍ത്തനവുമാണ് ശരീരഭാരം കുറയ്ക്കുന്നതിനുള്ള ഏറ്റവും ഫലപ്രദവും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതുമായ മാര്‍ഗങ്ങള്‍. അവയുടെ ചേരുവകളെയും അപകടസാധ്യതകളെയും കുറിച്ച് മതിയായ അറിവില്ലാതെ ഡയറ്ററി സപ്ലിമെന്റുകളെ മാത്രം ആശ്രയിക്കുന്നത് സുരക്ഷിതമായ സമീപനമല്ല.

വ്യാജ സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍:

വ്യാജ സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകാം. അതുകൊണ്ടുതന്നെ അവ പൂര്‍ണമായും ഒഴിവാക്കേണ്ടതാണെന്നും ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. സൗന്ദര്യവര്‍ദ്ധക ഉല്‍പ്പന്നങ്ങളിലെ തട്ടിപ്പ് രീതികളില്‍ പലപ്പോഴും ഉല്‍പ്പന്നത്തിലെ ചേരുവകളെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ നല്‍കുകയോ വ്യാജ ലേബലുകള്‍ ഉപയോഗിക്കുകയോ ചെയ്യുന്നു. ഇത് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുകയും ആരോഗ്യത്തിന് ഹാനികരമായ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാന്‍ അവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നു.

Similar News