ജങ്ക് ഫുഡുകള്‍ക്ക് ബൈ; അബുദാബിയില്‍ സ്‌കൂളുകള്‍ക്കും കാന്റീനുകള്‍ക്കും പുതിയ മാര്‍ഗനിര്‍ദേശം

Update: 2025-01-20 07:09 GMT

അബുദാബി: വിദ്യാര്‍ത്ഥികള്‍ക്കും ജീവനക്കാര്‍ക്കും ഭക്ഷണങ്ങള്‍ നല്‍കുന്ന സ്‌കൂളുകള്‍ ആരോഗ്യകരവും പോഷക സമൃദ്ധവുമായ ഭക്ഷണം നല്‍കണമെന്ന് അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് (അഡെക്) ഉത്തരവിറക്കി. സ്‌കൂളുകള്‍ ഇതിനുള്ള ലൈസന്‍സുകള്‍ നേടണമെന്നും പരിശോധനകളും രേഖകളും അറിയിപ്പുകളും കൃത്യമായി പിന്തുടരണമെന്നും വകുപ്പ് അറിയിച്ചു.

2024/25 അധ്യയന വര്‍ഷത്തില്‍ വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ പുതിയ നയം അനുസരിച്ച് സ്‌കൂളുകള്‍ പോഷകസമൃദ്ധമായ ഭക്ഷണങ്ങളായിരിക്കണം തിരഞ്ഞെടുക്കേണ്ടത്. ഇത്തരം ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കുമ്പോഴും സ്‌കൂളുകള്‍ സുരക്ഷിതവും ആരോഗ്യകരവുമാണെന്ന് ഉറപ്പുവരുത്തണം. സുസ്ഥിരവും ആരോഗ്യകരവുമായ ഭക്ഷണങ്ങള്‍ നല്‍കുന്നതിന് വകുപ്പ് വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശ നയങ്ങളാണ് മുന്നോട്ടുവെക്കുന്നത്.

സ്‌കൂളുകള്‍ ലഘുഭക്ഷണ/ഭക്ഷണ സമയങ്ങളില്‍ വിദ്യാര്‍ത്ഥികളെ നിരീക്ഷിക്കാനുള്ള നടപടികളും സ്വീകരിക്കണമെന്ന് നയത്തില്‍ വ്യക്തമാക്കുന്നതുണ്ട്.

വിദ്യാര്‍ത്ഥികള്‍ സ്വീകാര്യമായ ഭക്ഷണങ്ങള്‍ കഴിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക
എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും എല്ലാ ദിവസവും ഭക്ഷണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക
ഭക്ഷണവുമായി ബന്ധപ്പെട്ട പെരുമാറ്റത്തെക്കുറിച്ച് ജാഗ്രത പാലിക്കുക
പരിപാടികള്‍ നടക്കുമ്പോള്‍, മദ്യം, കാര്‍ബണേറ്റഡ് പാനീയങ്ങള്‍, പന്നിയിറച്ചി, അലര്‍ജിയുണ്ടാക്കുന്ന ഭക്ഷണങ്ങള്‍ എന്നിവ പോലുള്ള ഭക്ഷ്യവസ്തുക്കള്‍ നിരോധിച്ചിട്ടുണ്ടെന്ന് സ്‌കൂളുകള്‍ ഉറപ്പാക്കണം.
ആരോഗ്യകരമായ ഒരു ഭക്ഷണ സംസ്‌കാരം സൃഷ്ടിക്കുമ്പോള്‍, അലര്‍ജിയുണ്ടാക്കുന്ന (ഉദാ. പരിപ്പ്) പോലുള്ള സുരക്ഷിതമല്ലാത്ത ഭക്ഷ്യവസ്തുക്കള്‍ വ്യക്തിഗത ഉപഭോഗത്തിനോ സ്‌കൂള്‍ പരിസരത്ത് വിതരണം ചെയ്യുന്നതിനോ അനുവാദമില്ലെന്നും ഇവ നിരോധിച്ചിട്ടുണ്ടെന്നും സ്‌കൂള്‍ ഉറപ്പാക്കണം.
വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ആരോഗ്യകരമായ ഭക്ഷണശീലം ഉറപ്പാക്കാന്‍ രക്ഷിതാക്കളുടെ ഇടപെടല്‍ പ്രധാനമാണ്. ഭക്ഷണ നിയന്ത്രണങ്ങള്‍ ഉള്‍പ്പെടെ ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണത്തെക്കുറിച്ചുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സ്‌കൂളുകള്‍ രക്ഷിതാക്കളുമായി പങ്കിടണം. ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണ ഇനങ്ങള്‍ ഒഴിവാക്കുന്നത് പ്രത്യേകം എടുത്തുപറയണം. ഇത് സ്‌കൂളിലേക്ക് കൊടുത്തുവിടുന്നതില്‍ നിന്ന് രക്ഷിതാക്കളെ പിന്തിരിപ്പിക്കും.

പൊണ്ണത്തടി, ഉയര്‍ന്ന കൊളസ്‌ട്രോള്‍, ടൈപ്പ് 2 പ്രമേഹം തുടങ്ങിയ ദീര്‍ഘകാല ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഈ ഭക്ഷ്യവസ്തുക്കള്‍ കാരണമാവുമെന്ന് ബോധ്യപ്പെടുത്തണമെന്നും നിര്‍ദേശത്തിലുണ്ട്.

Similar News