റമദാന്‍: പ്രവാസികള്‍ നാട്ടിലേയ്ക്ക് അയയ്ക്കുന്ന പണത്തിന്റെ തോതില്‍ വര്‍ധന പ്രതീക്ഷിച്ച് ഖത്തറിലെ പണവിനിമയ വിപണി

Update: 2025-03-06 05:32 GMT

ദോഹ: റമദാന്‍ മാസം എത്തിയതോടെ പ്രവാസികള്‍ നാട്ടിലേയ്ക്ക് അയയ്ക്കുന്ന പണത്തിന്റെ തോതില്‍ വര്‍ധന പ്രതീക്ഷിച്ച് ഖത്തറിലെ പണവിനിമയ വിപണി. സാധാരണ മാസങ്ങളെ അപേക്ഷിച്ച് റമദാനില്‍ കൂടുതല്‍ ചെലവ് വേണ്ടിവരുമെന്നതിനാല്‍ നാട്ടിലെ കുടുംബത്തിന് കൂടുതല്‍ പണം അയയ്ക്കുന്നവരാണ് പ്രവാസികളില്‍ അധികവും.

അതുകൊണ്ടുതന്നെ അയക്കുന്ന പണത്തില്‍ 5 മുതല്‍ 7 ശതമാനം വരെ വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഈ വര്‍ധനവ് ഉണ്ടായിരുന്നു. വിദേശ കറന്‍സിയ്ക്കും ഇത്തവണ ആവശ്യക്കാരേറും. വീട്ടുചെലവിന് പുറമെ വസ്ത്രം, കുടുംബ സന്ദര്‍ശനങ്ങള്‍ ഉള്‍പ്പെടെ പല കാര്യങ്ങളിലും ചെലവേറുമെന്നതിനാലാണ് വിശേഷാവസരങ്ങളില്‍ പ്രവാസികള്‍ നാട്ടിലേക്ക് സാധാരണയേക്കാള്‍ കൂടുതല്‍ തുക അയയ്ക്കുന്നത്. തൊഴിലാളികളും ഇടത്തരം വരുമാനക്കാരുമാണ് നാട്ടിലേക്ക് പണം അയയ്ക്കുന്നവരില്‍ ഭൂരിഭാഗവും.

ബാങ്കിങ് മേഖലയിലെ പുരോഗതി, നാട്ടിലേക്ക് പണം അയയ്ക്കല്‍, വിദേശ കറന്‍സികള്‍ക്കുള്ള ഡിമാന്‍ഡ് എന്നിവയുടെ കാര്യത്തിലാണ് വര്‍ധന പ്രതീക്ഷിക്കുന്നത്. ദോഹയിലെ അല്‍ദാര്‍ എക്‌സ്‌ചേഞ്ച് വര്‍ക്ക്‌സ് സിഇഒ ജുമ അല്‍ മാദദിയെ ഉദ്ധരിച്ച് ഖത്തര്‍ ന്യൂസ് ഏജന്‍സിയാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഉംറ സീസണ്‍ സമാഗതമാകുന്നതിനാല്‍ ഖത്തറിലെ പണ വിനിമയസ്ഥാപനങ്ങളില്‍ ഏറ്റവും കൂടുതല്‍ ഡിമാന്‍ഡുള്ള വിദേശ കറന്‍സികളിലൊന്ന് സൗദി റിയാല്‍ ആണ്.

നാട്ടിലേക്ക് പണം അയയ്ക്കുന്നവരെ കൂടുതല്‍ ആകര്‍ഷിക്കാന്‍ മിക്ക പണവിനിമയ സ്ഥാപനങ്ങളും സ്‌പെഷല്‍ പ്രമോഷനോ ഡിസ്‌ക്കൗണ്ട് ഓഫറുകളോ നല്‍കാറുണ്ട്. തിരക്ക് കണക്കിലെടുത്ത് റമദാനില്‍ ഖത്തറിലെ പണവിനിമ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയവും നീട്ടിയിട്ടുണ്ട്.

സമീപ വര്‍ഷങ്ങളിലെല്ലാം റമദാന്‍ നാളുകളില്‍ വിദേശ പണവിനിമയ സ്ഥാപനങ്ങളില്‍ ഗണ്യമായ തിരക്കാണ് അനുഭവപ്പെടാറുള്ളത്. ഇടപാടുകളുടെ മൂല്യത്തില്‍ വലിയ വര്‍ധനയും രേഖപ്പെടുത്തിയിട്ടുണ്ട്. പണം അയക്കുന്നതിലെ ഉയര്‍ന്ന തോതും മൂല്യവും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് കരുത്തേകുന്നുണ്ട്. നാട്ടിലെ കുടുംബത്തിന് പണം അയയ്ക്കുന്നതിലൂടെ ഖത്തറിന്റെ ആഭ്യന്തര സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയിലേക്കുമാണ് പ്രവാസികള്‍ സംഭാവന നല്‍കുന്നത്. ഖത്തറില്‍ നിന്ന് പുറത്തേക്ക് പണം അയയ്ക്കുന്നവരില്‍ ഏഷ്യക്കാരാണ് മുന്‍പില്‍.

Similar News