2025ലെ ആ 5 നിയമങ്ങള്‍ ഏതൊക്കെ.. അറിയാം യു.എ.ഇയിലെ മാറ്റങ്ങള്‍

Update: 2024-12-03 06:23 GMT

2025 നെ വരവേല്‍ക്കാന്‍ യു.എ.ഇ ഒരുങ്ങിക്കഴിഞ്ഞു. 2025ല്‍ യു.എ.ഇയില്‍ നടപ്പാവാന്‍ പോവുന്ന അഞ്ച് നിയമങ്ങളെ കുറിച്ചും ബോധവാന്‍മാരാവാം. 17 വയസ്സ് പൂര്‍ത്തിയായ താമസക്കാര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കുന്നത് മുതല്‍ തലസ്ഥാനത്ത് ഭക്ഷണത്തിന് ലേബലുകള്‍ നിര്‍ബന്ധിതമാക്കുന്നതുവരെ യു.എ.ഇയിലെ നിത്യജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഉതകുന്നതാണ് പുതിയ നിയമങ്ങള്‍ എന്നാണ് ഭരണാധികാരികള്‍ അവകാശപ്പെടുന്നത്.

ഗതാഗത രംഗത്ത് പുത്തന്‍ മാറ്റം കൊണ്ടുവരാന്‍ ന്യൂ ഫെഡറല്‍ ഡിക്രി ലോ 2025 മാര്‍ച്ച് 29ന് നിലവില്‍ വരും. ഡ്രൈവിംഗ് ലൈസന്‍സ് നേടാനുള്ള കുറഞ്ഞ പ്രായം 18ല്‍ നിന്ന് 17 ആവും. ഹോണ്‍ മുഴക്കി ശബ്ദ മലിനീകരണം ഉണ്ടാക്കുന്ന ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കും. ഒപ്പം അടിയന്തിര ഘട്ടങ്ങളില്‍ ഹോണ്‍ മുഴക്കാത്തവര്‍ക്കു നേരെയും നടപടികള്‍ സ്വീകരിക്കും. മണിക്കൂറില്‍ 80 കിലോ മീറ്റര്‍ വേഗത രേഖപ്പെടുത്തിയ ഇടങ്ങളില്‍ കാല്‍നടയാത്രക്കാര്‍ റോഡ് മുറിച്ച് കടക്കാന്‍ പാടില്ല. നിയമം തെറ്റിക്കുന്നവര്‍ക്ക് നേരെ സിവില്‍ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കും. മദ്യം മയക്കു മരുന്നുകള്‍ ഉപയോഗിച്ച് ഡ്രൈവിംഗ് നടത്തുന്നവര്‍ക്ക് ഇനി രക്ഷയുണ്ടാവില്ല. നിയമം ലംഘിച്ച് ഗുരുതര അപകടം ഉണ്ടാക്കുന്നവര്‍ക്ക് പിന്നെ വാഹനം ഓടിക്കാനാവില്ല.

2025 ജൂണ്‍ 1 മുതല്‍ അബുദാബിയിലെ കടകളില്‍ വിറ്റഴിക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ക്ക് അടുത്ത വര്‍ഷം ജൂണ്‍ 1 മുതല്‍ പോഷകാഹാര ഗ്രേഡിംഗ് നിര്‍ബന്ധമാക്കും. പാല്‍ ഉല്‍പ്പന്നങ്ങള്‍, എണ്ണകള്‍, പാനീയങ്ങള്‍, ബേക്ക് ചെയ്തവ , കുട്ടികള്‍ക്കുള്ള

ഭക്ഷണങ്ങള്‍ എന്നിവയ്ക്കാണ് ആദ്യഘട്ടത്തില്‍ ഗ്രേഡിംഗ് ഏര്‍പ്പെടുത്തുക. ഭക്ഷണത്തിന്റെ പോഷക മൂല്യം അനുസരിച്ച് ഇംഗ്ലീഷ് അക്ഷരമാല എ മുതല്‍ ഇ വരെ ഗ്രേഡ് നല്‍കും. ഗ്രേഡിംഗ് നല്‍കാന്‍ വിസമ്മതിക്കുന്ന ഉല്‍പ്പന്നങ്ങളെ വിപണിയില്‍ നിന്ന് പിന്‍വലിക്കും. നിലവിലുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് പാക്കറ്റ് മാറ്റാന്‍ ആറ് മാസത്തെ സമയം നല്‍കി.

സ്വകാര്യ ജോയിന്റ് സ്‌റ്റോക്ക് കമ്പനികളിലെ ഡയറക്ടര്‍ ബോര്‍ഡില്‍ വനിതാ പങ്കാളിത്തം നിര്‍ബന്ധമാക്കിക്കൊണ്ടുള്ള യു.എ.ഇ സാമ്പത്തിക മന്ത്രാലയത്തിന്റെ ഉത്തരവ് ജനുവരി ഒന്നിന് പ്രാബല്യത്തില്‍ വരും. പുതിയ തീരുമാന പ്രകാരം കുറഞ്ഞത് ഒരാളെങ്കിലും നിര്‍ബന്ധമായും ഉണ്ടാവണം.

ജനുവരി 1 മുതല്‍ വിവാഹിതരാകാന്‍ ഉദ്ദേശിക്കുന്ന എല്ലാ എമിറാത്തി പൗരന്മാര്‍ക്കും വിവാഹത്തിനു മുമ്പുള്ള സ്‌ക്രീനിംഗുകളില്‍ ജനിതക പരിശോധന നിര്‍ബന്ധമാക്കാനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം. നേരത്തെ വിവാഹത്തിന് മുമ്പുള്ള പരിശോധന നിര്‍ബന്ധമായിരുന്നെങ്കിലും ജനിതക പരിശോധന നിര്‍ബന്ധമായിരുന്നില്ല.

2025ല്‍ 20 മുതല്‍ 49 വരെ തൊഴിലാളികളുള്ള സ്വകാര്യ മേഖലാ കമ്പനികള്‍ കുറഞ്ഞത് രണ്ട് എമിറാത്തി പൗരന്മാരെയെങ്കിലും നിയമിക്കണം. മുമ്പ്, ഈ ഉത്തരവ് 50 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ ജീവനക്കാരുള്ള കമ്പനികള്‍ക്ക് മാത്രമായിരുന്നു ബാധകം. ഇതില്‍ വീഴ്ച വരുത്തുന്ന കമ്പനികളില്‍ നിന്ന് പിഴ ഈടാക്കും.

Similar News