ഉത്തരദേശം ഓണ്‍ലൈന്‍ ഇപ്പോള്‍ കൂടുതല്‍ മികവോടെ; ഗള്‍ഫ് ലോഞ്ചിംഗ് ഷാര്‍ജയില്‍ നടന്നു

'ഉത്തരദേശം' ഓണ്‍ലൈനിന്റെയും ഇ പേപ്പര്‍ എഡിഷന്റെയും ഗള്‍ഫ് ലോഞ്ചിംഗ് യു.എ.ഇയിലെ കാസര്‍കോട്ടുകാരുടെ കൂട്ടായ്മയായ കെസെഫ് (കാസര്‍കോട് എക്സ്പാട്രിയേറ്റ്സ് സോഷ്യോ എക്കണോമിക് ഫോറം) കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ നിര്‍വ്വഹിച്ചു.;

Update: 2025-05-17 08:03 GMT

 'ഉത്തരദേശം' ഓണ്‍ലൈന്റെ പുതിയ ലോഗോ കെസെഫ് ചെയര്‍മാനും ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ടുമായ നിസാര്‍ തളങ്കര പ്രകാശനം ചെയ്യുന്നു 

ഷാർജ : നാടിനെ വളര്‍ത്തി, നാടിനൊപ്പം മുന്നേറുക എന്ന മുദ്രാവാക്യവുമായി 43 വര്‍ഷമായി വായനക്കാര്‍ക്കൊപ്പം സഞ്ചരിക്കുന്ന 'ഉത്തരദേശം' വളര്‍ച്ചയുടെ പുതിയ പടവുകള്‍ താണ്ടുകയാണ്. പുതിയ കാലത്തിന്റെ അഭിരുചികള്‍ ഉള്‍ക്കൊണ്ട് സജ്ജമാക്കിയ 'ഉത്തരദേശം' ഓണ്‍ലൈനിന്റെയും ഇ പേപ്പര്‍ എഡിഷന്റെയും ഗള്‍ഫ് ലോഞ്ചിംഗ് യു.എ.ഇയിലെ കാസര്‍കോട്ടുകാരുടെ കൂട്ടായ്മയായ കെസെഫ് (കാസര്‍കോട് എക്സ്പാട്രിയേറ്റ്സ് സോഷ്യോ എക്കണോമിക് ഫോറം) കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ നിര്‍വ്വഹിച്ചു.

ലോകത്തെമ്പാടും പരന്നു കിടക്കുന്ന വായനക്കാര്‍ക്ക് ഞൊടിയിടയില്‍ പത്രം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് 'ഉത്തരദേശം' ഓണ്‍ലൈന്‍ പുതിയ രൂപത്തില്‍ സാങ്കേതിക മികവോടെ വായനക്കാരിലെത്തിക്കുന്നത്. മാറ്റങ്ങളുടെ വിളംബരമായി പ്രശസ്ത ഡിസൈനര്‍ സൈനുല്‍ ആബിദ് രൂപകല്‍പന നടത്തിയ 'ഉത്തരദേശം' ഓണ്‍ലൈന്റെ പുതിയ ലോഗോ കെസെഫ് ചെയര്‍മാനും ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ടുമായ നിസാര്‍ തളങ്കര പ്രകാശനം ചെയ്തു.

നാടിന്റെ വികസന സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയെടുക്കാന്‍ പ്രതിജ്ഞാബദ്ധതയോടെ പ്രവര്‍ത്തിക്കുന്ന 'ഉത്തരദേശം' മാധ്യമ ലോകത്ത് സവിശേഷമായ സ്ഥാനം അടയാളപ്പെടുത്തിയിട്ടുണ്ടെന്ന് നിസാര്‍ തളങ്കര പറഞ്ഞു. മൂല്യാധിഷ്ടിത പത്രപ്രവര്‍ത്തനം മുറുകെ പിടിച്ച്, മത-രാഷ്ട്രീയ സംഘടനാ ചിന്തകള്‍ക്കതീതമായി എല്ലാവരെയും ഉള്‍ക്കൊണ്ട് സ്നേഹത്തിന്റെ പ്ലാറ്റ്ഫോമായി പ്രവര്‍ത്തിക്കുന്ന 'ഉത്തരദേശം' വളരേണ്ടത് കാലത്തിന്റെ അനിവാര്യതയാണെന്ന് അദ്ദേഹം കൂട്ടിച്ചര്‍ത്തു.

ഉത്തരദേശം മാനേജിംഗ് എഡിറ്റര്‍ മുജീബ് അഹ്‌മദ് ഓണ്‍ലൈന്‍ സംവിധാനങ്ങളുടെ പുതിയ മാറ്റങ്ങള്‍ പരിചയപ്പെടുത്തി. കെസെഫ് സെക്രട്ടറി മുരളീധരന്‍ നമ്പ്യാര്‍, ട്രഷറര്‍ എം.സി. ഹനീഫ, ഫൗണ്ടര്‍ ചെയര്‍മാന്‍ ബേവിഞ്ച അബ്ദുല്ല, ദുബായ് ഡ്യൂട്ടി ഫ്രീ ഫിനാന്‍സ് വൈസ് പ്രസിഡണ്ട് റാഫി പട്ടേല്‍, ഉത്തരദേശം ഡയറക്ടർ ഷിഫാനി മുജീബ്, ഇന്ത്യാന ഹോസ്പിറ്റൽ ഡയറക്ടര്‍ ബഷീര്‍ കിന്നിംഗാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ഇന്ത്യയിലെ മുന്‍നിര പത്രങ്ങളുടെ ഇ-പേപ്പര്‍ പ്ലാറ്റ്ഫോം ഒരുക്കിയ റീഡ്വേര്‍ കമ്പനിയുമായി സഹകരിച്ചാണ് ഇ പേപ്പര്‍ സേവനം നല്‍കി വരുന്നത്. ഇ പേപ്പറിന്റെ എല്ലാ പേജുകളും കളറിലാണ് ലഭ്യമാക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. വാര്‍ത്തകള്‍ സൂം ചെയ്ത് വായിക്കുന്നതിനും ഡൗണ്‍ലോഡ് ചെയ്യുന്നതിനും സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പങ്കുവെക്കുന്നതിനും അനായാസം സാധിക്കും.

ഇ-പേപ്പര്‍ സംവിധാനം സബ്സ്‌ക്രിപ്ഷന്‍ വ്യവസ്ഥയിലായിരിക്കും വായനക്കാര്‍ക്ക് ലഭ്യമാകുക. മൂന്ന് മാസത്തെ ഇ-പേപ്പര്‍ സബ്സ്‌ക്രിപ്ഷന് 299 രൂപയും ഒരു വര്‍ഷത്തേക്ക് 999 രൂപയുമാണ് നിരക്ക്.

ഉത്തരദേശം ഇ പേപ്പര്‍ സബ്‌സ്‌ക്രൈബ് ചെയ്യാനുള്ള വിലാസം: https://epaper.utharadesam.com/

Similar News