ദുബായിൽ മലയാളി യുവതിയെ കൊലപ്പെടുത്തിയത് ആൺ സുഹൃത്ത്: പ്രതി കസ്റ്റഡിയിൽ

Update: 2025-05-14 02:02 GMT

ദുബായ് : തിരുവനന്തപുരം വിതുര ബോണക്കാട് സ്വദേശിനി ആനിമോള്‍ ഗില്‍ഡ(26)യെ കൊലപ്പെടുത്തിയത് ആൺസുഹൃത്ത് അബിൻ ലാൽ മോഹൻലാൽ(28) ആണെന്ന് തിരിച്ചറിഞ്ഞു. അബുദാബിയിലെ സ്വകാര്യാശുപത്രിയിൽ ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശി അബിൻ ലാൽ കുറ്റം സമ്മതിച്ചു. സംഭവശേഷം ഇന്ത്യയിലേയ്ക്ക് രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ എഐ ക്യാമറ ഉപയോഗിച്ചാണ് തിരിച്ചറിഞ്ഞതും പൊലീസ് അറസ്റ്റ് ചെയ്തതും.

ദുബായ് കരാമയിൽ ഈ മാസം നാലിന് വൈകിട്ട് നാല് മണിക്കായിരുന്നു കൊല നടന്നത്. കരാമ മത്സ്യമാർക്കറ്റിന് പിൻവശത്തെ കെട്ടിടത്തിലെ ഫ്ലാറ്റിൽ ഷെയറിങ് മുറിയിലായിരുന്നു ആനിമോൾ കൂട്ടുകാരോടൊപ്പം താമസിച്ചിരുന്നത്. അബുദാബിയിൽ നിന്ന് ആനിമോളെ കാണാൻ എല്ലാ ഞായറാഴ്ചയും അബിൻ ലാൽ ഇവിടെ വരാറുണ്ടായിരുന്നു. സംഭവദിവസം വൈകിട്ട് കൂട്ടുകാരോടൊത്ത് ചായ കുടിച്ച ശേഷം ഇരുവരും ബാൽക്കണിയിൽ വച്ച് വഴക്കുണ്ടാവുകയും പെട്ടെന്ന് ആനിമോളെയും കൂട്ടി അബിൻലാൽ മുറിയിലേയ്ക്ക് കയറുകയും വാതിലടക്കുകയും ചെയ്തു.

തുടർന്ന് ആനിമോളുടെ നിലവിളി കേട്ട് മറ്റുള്ളവർ ഓടിക്കൂടിയപ്പോഴേയ്ക്കും അബിൻ ലാൽ മുറിയിൽ നിന്ന് ഇറങ്ങിയോടി. കത്തിക്കുത്തേറ്റ് ചോരവാർന്ന് പിടയുന്ന ആനിമോളെയാണ് കൂട്ടുകാർ കണ്ടത്. ഉടൻ പൊലീസിൽ വിവരമറിയിക്കുകയും അബിൻ ലാലിന്റെ ഫോട്ടോ കൈമാറുകയും ചെയ്തു. തുടർന്നായിരുന്നു ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാൾ പിന്നീട് പൊലീസിനോട് കുറ്റം സമ്മതിച്ചു.

Similar News