ദുബായില്‍ ആണ്‍കുട്ടികള്‍ക്ക് ആദ്യമായി കെയര്‍ ഷെല്‍ട്ടര്‍; അതിക്രമങ്ങളില്‍ നിന്ന് സംരക്ഷണം ലക്ഷ്യം

Update: 2025-05-13 07:42 GMT

ദുബായ്: ചൂഷണങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും പീഡനങ്ങള്‍ക്കും വിധേയരായ 18 വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടികളെ സംരക്ഷിക്കുന്നതിനായി ദുബായിലെ ആദ്യ കെയര്‍ ഷെല്‍ട്ടര്‍ തുറന്നു. ദുബായ് പൊലീസ് ആന്‍ഡ് പബ്ലിക് സെക്യൂരിറ്റി ഡെപ്യൂട്ടി ചീഫ് ലഫ്റ്റനന്റ് ജനറല്‍ ദാഹി ഖല്‍ഫാന്‍ തമീം പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു.

സുരക്ഷിത സ്ഥലവും സ്വകാര്യത സംരക്ഷണവും ലക്ഷ്യമിട്ടാണ് സ്ത്രീകക്കും കുട്ടികള്‍ക്കുമായി പ്രവര്‍ത്തിക്കുന്ന ദുബായ് ഫൗണ്ടേഷന്‍ പുതിയ സംവിധാനം തുറന്നിരിക്കുന്നത്. 12 വയസ്സിന് മുകളിലുള്ള ആണ്‍കുട്ടികള്‍ക്ക് നേരത്തെ ഇത്തരത്തിലൊരു സുരക്ഷാസംവിധാനം ഉണ്ടായിരുന്നില്ല. 14 പുരുഷ ജീവനക്കാരാണ് കെയര്‍ ഷെല്‍ട്ടറിലുള്ളത്. ഒരേ സമയം 20 കുട്ടികളെ ഉള്‍ക്കൊള്ളാനാവും. സാമൂഹ്യ സാംസ്‌കാരിക അന്തരീക്ഷം ഉറപ്പാക്കും. സാമൂഹ്യ പ്രവര്‍ത്തകര്‍, മനശ്ശാസ്ത്രജ്ഞര്‍, ഗാര്‍ഹിക സൂപ്പര്‍വൈസേഴ്‌സ്, സപ്പോര്‍ട്ട സ്റ്റാഫ് എന്നിവരുള്‍പ്പെടുന്നതാണ് ടീം. കമ്യൂണിറ്റി ഡെവലപ്‌മെന്റ് അതോറിറ്റിയാണ് ജീവനക്കാര്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നത്. ഇവര്‍ക്ക് ട്രെയിനിംഗും ഉറപ്പാക്കിയിട്ടുണ്ട്.


കിടപ്പുമുറി, പഠനമുറി, അടുക്കള, ജിം, പ്രാര്‍ത്ഥനാമുറി, കലാമികവ് പുറത്തെടുക്കാനുള്ള സ്ഥലം, ലിവിംഗ് റൂം, കൗണ്‍സിലിംഗ് സ്‌പേസസ്, എന്നിവയാണ് കെട്ടിടത്തില്‍ സജ്ജീകരിച്ചിരിക്കുന്നത്. അടിയന്തിര സാഹചര്യങ്ങളില്‍ 24 മണിക്കൂറിനുള്ളില്‍ കുട്ടികളെ എത്തിക്കാവുന്നതാണ്. കുട്ടികള്‍ നേരിട്ട അനുഭവങ്ങള്‍ തിരിച്ചറിഞ്ഞ് സുരക്ഷ ഉറപ്പാക്കും.


Similar News