കുറഞ്ഞ വിമാനനിരക്കില്‍ നാട്ടില്‍ പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് സുവര്‍ണാവസരം

Update: 2025-02-09 15:02 GMT

അബുദാബി/ ദുബായ്: കുറഞ്ഞ വിമാനനിരക്കില്‍ നാട്ടില്‍ പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇപ്പോള്‍ സുവര്‍ണാവസരം. സമയം വളരെ കുറവായതിനാല്‍ ഈ അവസരം മുതലാക്കാന്‍ യാത്രക്കാര്‍ പരമാവധി ശ്രമിക്കുന്നുണ്ട്. ഈ മാസം പകുതിയോടെ ഒരാള്‍ക്ക് ദുബായില്‍ നിന്ന് കൊച്ചിയിലെത്തി മാര്‍ച്ച് 15ഓടെ തിരിച്ചുവരാന്‍ ശരാശരി 700 ദിര്‍ഹം മതി. നാലംഗ കുടുംബത്തോടൊപ്പമാണ് യാത്രയെങ്കില്‍ 2800 ദിര്‍ഹത്തിന് ടിക്കറ്റ് ലഭിക്കും.

ഇതേ സെക്ടറില്‍ മാര്‍ച്ചില്‍ പോയി ഏപ്രിലില്‍ തിരിച്ചുവരാന്‍ വേണ്ടത് ഇരട്ടി തുകയാണ്. അതുപോലെ യുഎഇയില്‍ വേനല്‍ അവധിക്കാലമായ ജൂലൈയില്‍ പോയി ഓഗസ്റ്റ് അവസാനത്തോടെ തിരിച്ചുവരാന്‍ നാലിരട്ടിയാണ് വിമാനക്കമ്പനിക്കാര്‍ ഈടാക്കുന്നത്. ടിക്കറ്റ് ബുക്ക് ചെയ്യാന്‍ വൈകുകയും ആവശ്യക്കാരുടെ എണ്ണം കൂടുകയും ചെയ്താല്‍ നിരക്ക് അഞ്ചും പത്തും ഇരട്ടിയായി വര്‍ധിക്കും.

മാര്‍ച്ച്-ഏപ്രിലില്‍ നിരക്ക് ഇരട്ടി

കെ ജി മുതല്‍ 9 വരെയുള്ള കുട്ടികള്‍ക്ക് മാര്‍ച്ചിലെ വാര്‍ഷിക പരീക്ഷ കഴിഞ്ഞ് യുഎഇയില്‍ 3 ആഴ്ചത്തെ അവധിയുണ്ട്. മാര്‍ച്ച് 14നാണ് പരീക്ഷ അവസാനിക്കുന്നത്. ഇതോടെ നാട്ടിലേക്ക് പോകുന്നവരുടെ എണ്ണം കൂടുമെന്ന് മുന്‍കൂട്ടി കണ്ടാണ് എയര്‍ലൈനുകള്‍ ടിക്കറ്റ് നിരക്ക് രണ്ടിരട്ടി ഉയര്‍ത്തിയിരിക്കുന്നത്. മാര്‍ച്ച് 15ന് നാട്ടില്‍ പോയി ഏപ്രില്‍ 5ന് തിരിച്ചുവരാന്‍ ഒരാള്‍ക്ക് 1300 ദിര്‍ഹവും നാലംഗ കുടുംബത്തിന് 5200 ദിര്‍ഹവും വേണം. കഴിഞ്ഞദിവസം ബുക്ക് ചെയ്യുമ്പോഴുള്ള നിരക്കാണിത്. ഇന്നും നാളെയുമൊക്കെ പരിശോധിക്കുമ്പോള്‍ ഈ നിരക്കില്‍ വ്യത്യാസമുണ്ടാകും.

ജൂലൈ-ഓഗസ്റ്റ് നാലിരട്ടി

മധ്യവേനല്‍ അവധിക്കാലമായ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ് കൂടുതല്‍ പ്രവാസി കുടുംബങ്ങള്‍ നാട്ടിലേക്ക് തിരിക്കുക. ഈ അവസരം പരമാവധി ഉപയോഗിക്കാന്‍ എയര്‍ലൈനുകള്‍ ഇപ്പോഴേ നിരക്ക് കൂട്ടിത്തുടങ്ങി. നിരക്ക് വര്‍ധനയില്‍ സ്വദേശി-വിദേശി എയര്‍ലൈനുകള്‍ മത്സരത്തിലാണ്.

5 മാസം മുന്‍പ് ബുക്ക് ചെയ്യുമ്പോള്‍ പോലും ഒരാള്‍ക്ക് 2500 ദിര്‍ഹവും നാലംഗ കുടുംബത്തിന് 10,000 ദിര്‍ഹവും വേണ്ടിവരുന്നു. ബുക്ക് ചെയ്യാന്‍ വൈകുന്നതിന് അനുസരിച്ച് നിരക്കിന്റെ ഗ്രാഫ് കുതിക്കുകയാണ്.