അബുദാബി; സര്‍ഗാത്മകതയ്ക്കും വിജയത്തിനും പ്രായം ഒരു തടസമല്ലെന്ന് തെളിയിച്ചുകൊണ്ട് സാഹിത്യ അരങ്ങേറ്റത്തിലൂടെ ശ്രദ്ധ നേടിയിരിക്കുകയാണ് അബുദാബി ഇന്ത്യന്‍ സ്‌കൂള്‍ മുറൂറിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായ അയാന്‍ മജീദ്. ഒമ്പതാം വയസ്സില്‍ ആദ്യ പുസ്തകം പ്രസിദ്ധീകരിച്ച് കഴിഞ്ഞു ഈ കുഞ്ഞുഎഴുത്തുകാരന്‍. 'ദി അഡ്വഞ്ചേഴ്‌സ് ഓഫ് മൈക്ക് ആന്റ് ഡിന്‍' എന്ന പുസ്തകമാണ് പുറത്തിറക്കിയത് . സുഹൃത്തുക്കളായ മൈക്കും ഡിനും അവരുടെ ശക്തികള്‍ കണ്ടെത്തുകയും തിന്മയോട് പോരാടാനും അവരുടെ നഗരത്തെ സംരക്ഷിക്കാനും ആവേശകരമായ സാഹസികതകളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നതിനെ പിന്തുടരുന്ന ഒരു സൂപ്പര്‍ഹീറോ ഫിക്ഷനാണ്. അവിശ്വസനീയമായ ഭാവനയിലൂടെയുള്ള അയാന്റെ കഥ പറച്ചില്‍ എല്ലാ പ്രായത്തിലുമുള്ള വായനക്കാരെയും ആകര്‍ഷിക്കുന്നതാണ്. കഥ എല്ലാവരും ഇഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി അയാന്‍ പറയുന്നു. അയാന്റെ കുടുംബത്തിന്റെയും അധ്യാപകരുടെയും മാസങ്ങളുടെ കഠിനാധ്വാനത്തിനും പ്രോത്സാഹനത്തിനും മാര്‍ഗനിര്‍ദ്ദേശത്തിനും ശേഷമാണ് പുസ്തകത്തിന്റെ പ്രകാശനം. പുസ്തകം എഴുതാന്‍ അവന്‍ വളരെയധികം പരിശ്രമിക്കുന്നത് സന്തോഷിപ്പിച്ചതായും അതിന്റെ പൂര്‍ണതക്ക് നല്ല പിന്തുണ നല്‍കിയതായും അയാന്റെ അമ്മ തസ്‌നീം പറഞ്ഞു. അയാന്‍ പുസ്തകങ്ങള്‍ വായിക്കുന്നതും കോമിക്‌സ് വരയ്ക്കുന്നതും സുഹൃത്തുക്കളുമായി പങ്കിടുന്നതും പലപ്പോഴും കാണാറുണ്ട്. കഥപറച്ചിലിനോട് അയാന്‍ താല്‍പര്യം കാണിക്കുന്നത് ശ്രദ്ധിച്ചിരുന്നതായും അധ്യാപിക ഷമീന സജു പറഞ്ഞു. എഴുത്തുകാരിയും അയാന്റെ മുത്തശ്ശിയുമായ ജാസ്മിന്‍ അഷ്‌റഫ്, ഇതേ സ്‌കൂളിലെ സീനിയര്‍ അധ്യാപികയാണ്. അവരുടെ പ്രോത്സാഹനവും ഉണ്ടായിരുന്നു. ഈ പുസ്തകം ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലും ആമസോണിലും ലഭ്യമാണ്.