കൊറിയന്‍ ബാംബൂ സാള്‍ട്ട് ചില്ലറക്കാരനല്ല; ശരീരത്തിന് മികച്ച സംരക്ഷണം

Update: 2025-02-04 11:22 GMT

മുംബൈ: ആഹാരം പാകം ചെയ്യാന്‍ ഏറ്റവും അത്യാവശ്യമായ ഘടകമാണല്ലോ ഉപ്പ്. വെളുത്ത ഉപ്പ്, കറുത്ത ഉപ്പ്, പിങ്ക് ഉപ്പ്, കോഷര്‍ ഉപ്പ്, റോക്ക് സോള്‍ട്ട് എന്നിങ്ങനെ പല തരത്തിലുണ്ട് ഉപ്പ്. ഏറ്റവും വില കൂടിയ ഉപ്പാണ് 'കൊറിയന്‍ ബാംബൂ സാള്‍ട്ട്'. 'ജുഗ്യോം' എന്നും ഇത് അറിയപ്പെടുന്നു. ഇതിന് ഒരു കിലോയ്ക്ക് അന്‍പതിനായിരം രൂപ വരെ വിലവരും. ലോകത്തിലെ ഏറ്റവും വിലയേറിയ ഉപ്പാണ് ഇത്. ഏറെ പ്രത്യേകതകളും ഉണ്ട്.

ആയിരം വര്‍ഷം പഴക്കമുള്ള കൊറിയന്‍ ബുദ്ധ സന്യാസി പാരമ്പര്യമനുസരിച്ച് ശ്രദ്ധാപൂര്‍വം തയാറാക്കിയ, ഉയര്‍ന്ന പരിശുദ്ധിയും ക്ഷാരത്വവുമുള്ള ധാതു സമ്പുഷ്ടമായ ഒരു ഉപ്പാണ് ജുഗ്യോം. മനോഹരമായ പര്‍പ്പിള്‍ നിറമാണ് ഇതിന്. കൊറിയന്‍ വീടുകളില്‍ പാചകത്തിന് പുറമെ ഔഷധമായും ഇത് ഉപയോഗിച്ചുവരുന്നു.

ഏകദേശം അമ്പതു ദിവസത്തോളം നീളുന്ന പ്രക്രിയ വഴി വളരെ കഷ്ടപ്പെട്ടാണ് ഈ ഉപ്പ് ഉണ്ടാക്കുന്നത്. പൊള്ളയായ മുള കുഴലുകളില്‍ കടല്‍ ഉപ്പ് നിറച്ച് ഉയര്‍ന്ന തീയില്‍ വറുത്തെടുത്ത് മുളയില്‍ നിന്നുള്ള ധാതുക്കള്‍ ഉപ്പിലേക്ക് സന്നിവേശിപ്പിക്കുന്നു. 800 മുതല്‍ 1,500 ഡിഗ്രി സെല്‍ഷ്യസ് വരെയുള്ള താപനിലയിലാണ് ഈ പ്രക്രിയ ചെയ്യുന്നത്.

ഉയര്‍ന്ന ചൂട് കാരണം, ഉപ്പ് ദ്രാവക രൂപത്തില്‍ ഉരുകുകയും തണുക്കുമ്പോള്‍ വീണ്ടും ദൃഢമാകുകയും ചെയ്യുന്നു. ഈ മുഴുവന്‍ പ്രക്രിയയും ഒമ്പത് തവണ ആവര്‍ത്തിക്കുന്നു, അതിനാലാണ് ഇത് ഉല്‍പ്പാദിപ്പിക്കുന്നതിന് ഇത്രയും സമയം എടുക്കുന്നത്. ഇരുപതാം നൂറ്റാണ്ടില്‍, പ്രശസ്ത കൊറിയന്‍ ഹെര്‍ബലിസ്റ്റും രോഗശാന്തിക്കാരനുമായ കിം ഇല്‍ ഹൂണ്‍ ആണ് ഈ രീതിയില്‍ ഉപ്പുണ്ടാക്കുന്നത് ആദ്യം കണ്ടുപിടിച്ചതെന്നാണ് പറയപ്പെടുന്നത്.

ഈ ഉപ്പില്‍ ഇരുമ്പ്, കാല്‍സ്യം, പൊട്ടാസ്യം, മഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങിയ അവശ്യ ധാതുക്കള്‍ അടങ്ങിയിട്ടുണ്ട്. കടല്‍ മലിനീകരണം മൂലം, സാധാരണ നാം ഉപയോഗിക്കുന്ന ഉപ്പില്‍, മൈക്രോപ്ലാസ്റ്റിക് പോലുള്ള വസ്തുക്കളും ലെഡ്, കാഡ്മിയം, മെര്‍ക്കുറി, ആര്‍സെനിക് എന്നിവയുള്‍പ്പെടെയുള്ള ഘന ലോഹങ്ങളും അടങ്ങിയിട്ടുണ്ട്. ഇവയുടെ സാന്നിധ്യം ആരോഗ്യത്തിന് ഹാനികരമായ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുന്നത്. എന്നാല്‍ ബാംബൂ സാള്‍ട്ടിന്റെ ഉല്‍പാദന പ്രക്രിയയില്‍ ഈ വിഷവസ്തുക്കള്‍ നീക്കം ചെയ്യുന്നു. ഉയര്‍ന്ന താപനിലയില്‍ ഉണ്ടാക്കുമ്പോള്‍, ഉപ്പിലെ ഘന ലോഹങ്ങള്‍, മൈക്രോ പ്ലാസ്റ്റിക്കുകള്‍, മറ്റ് ദോഷകരമായ സംയുക്തങ്ങള്‍ എന്നിവ ബാഷ്പീകരിച്ച് പോകുന്നു.

മറ്റ് ലവണങ്ങളെ അപേക്ഷിച്ച്, ദോഷകരമായ വൈറസുകളെയും ബാക്ടീരിയകളെയും ഇല്ലാതാക്കാന്‍ ഈ ഉപ്പ് കൂടുതല്‍ ഫലപ്രദമാണ്. അങ്ങനെ ശരീരത്തിന്റെ രോഗപ്രതിരോധ പ്രവര്‍ത്തനവും മെച്ചപ്പെടുത്തുന്നു. വിവിധ ആന്റിഓക്‌സിഡന്റ് എന്‍സൈമുകളെ സജീവമാക്കുന്നതിലൂടെ ഈ ഉപ്പ് ഒരു ആന്റിഓക്‌സിഡന്റായി പ്രവര്‍ത്തിക്കുന്നു. മാത്രമല്ല, കാന്‍സര്‍ പോലുള്ള അവസ്ഥകളിലേക്ക് നയിക്കുന്ന ഫ്രീ റാഡിക്കലുകളെ ഇല്ലാതാക്കാന്‍ ഇത് ശരീരത്തെ സഹായിക്കുമെന്നും പഠനങ്ങള്‍ പറയുന്നു.

Similar News