TOMOTO RAVA DOSA | പ്രഭാത ഭക്ഷണത്തിന് തക്കാളിയും റവയും ഉപയോഗിച്ച് അടിപൊളി സ്വാദില്‍ ദോശ തയാറാക്കാം
പലഹാരം ഉണ്ടാക്കുന്നതും അത് വീട്ടുകാരെ കൊണ്ട് കഴിപ്പിക്കുന്നതും വീട്ടമ്മമാരെ സംബന്ധിച്ച് വലിയ പ്രയാസമാണ്. പലര്‍ക്കും രാവിലെ എന്ത് ഭക്ഷണം ഉണ്ടാക്കും എന്നായിരിക്കും ചിന്ത. എല്ലാവരേയും കയ്യിലെടുക്കുന്ന ഭക്ഷണം ഉണ്ടാക്കുകയും വേണം.
എന്നാല്‍ ചിന്തിച്ച് സമയം കളയേണ്ടതില്ല, കുറഞ്ഞ ചേരുവകളില്‍ കുറഞ്ഞ സമയം കൊണ്ട് അടിപൊളി രുചിയില്‍ റവ തക്കാളി ദോശ ഉണ്ടാക്കാം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടമാകുകയും ചെയ്യും. വെറും പത്ത് മിനിറ്റിനുള്ളില്‍ നല്ല കിടിലന്‍ റവ തക്കാളി ദോശ തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.
ചേരുവകള്‍:
വലിയ തക്കാളി - 2, ഉണക്കമുളക് - 4, ഇഞ്ചി - 1 ചെറിയ കഷണം, റവ - 1 കപ്പ്, ഗോതമ്പ് മാവ് - 1/4 കപ്പ്, ഉപ്പ് - രുചിക്കാവശ്യം, വെള്ളം - 1 കപ്പ്, അപ്പക്കാരം- 1/4 ടീസ് പൂണ്‍.
പാചകം ചെയ്യുന്ന വിധം:
ആദ്യം മിക്‌സിയില്‍ തക്കാളി നല്ലതുപോലെ അരച്ചെടുക്കുക. അതിലേക്ക് ഇഞ്ചി, ഉണക്കമുളക് എന്നിവ ചേര്‍ത്ത് നല്ലതുപോലെ അരച്ചെടുക്കുക. ഒരു കപ്പ് റവ, 1/4 കപ്പ് ഗോതമ്പ് മാവ്, ഉപ്പ്, 1 കപ്പ് വെള്ളം ഒഴിച്ച് നന്നായി അരച്ച് എടുക്കണം.
ഒരു പാത്രത്തില്‍ അരച്ച മാവ് ഒഴിച്ച് 10 മിനിറ്റ് അടച്ച് വെയ്ക്കണം. 10 മിനിറ്റ് കഴിഞ്ഞ്, മൂടി തുറന്ന്, അതില്‍ 1/4 ടീസ്പൂണ്‍ അപ്പക്കാരം ചേര്‍ക്കുക, വേണമെങ്കില്‍ അല്പം വെള്ളവും ഒഴിച്ച് നന്നായി ദോശ മാവ് പരുവത്തില്‍ കലക്കിയെടുക്കുക. ദോശക്കല്ല് അടുപ്പില്‍ വെച്ച് ദോശമാവ് ഒഴിച്ച് തക്കാളി റവ ദോശ ചുട്ടെടുക്കാം. ചൂടോടെ കഴിച്ചാല്‍ രുചി കൂടും.