സമൂഹത്തിനും അവനവനു തന്നെയും സല്‍പ്രവര്‍ത്തികള്‍ ചെയ്യുകയും ദരിദ്രനും അധ:സ്ഥിതനും പീഡിതനുമൊപ്പം നില്‍ക്കുകയും ചെയ്യുന്നതോടൊപ്പം ഒരു നിശ്ചിത സമയം വരെ അന്ന-പാനീയങ്ങള്‍ വര്‍ജ്ജിക്കുകയും ചെയ്യുന്നവര്‍ക്കുള്ളതാണ് ഈദുല്‍ ഫിത്വര്‍. ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, ഇന്ന് എല്ലാ ആഘോഷങ്ങളും സമൂഹത്തിലെ ചില അര്‍ബുദ വിത്തുകളുടെ കൈകളിലോ നിയന്ത്രണത്തിലോ ആണെന്ന് വേദനയോടെയും ഉത്ക്കണ്ഠയോടെയും പറയേണ്ടിവരുന്നു!
ലോകത്തെ ഇസ്ലാം മതവിശ്വാസികള്‍ക്ക് പ്രധാനപ്പെട്ട രണ്ട് ആഘോഷങ്ങളേ ഉള്ളൂ. ഒരു മാസത്തെ വ്രതാനുഷ്ഠാനത്തിന് ശേഷം വന്നെത്തുന്ന ഈദുല്‍ ഫിത്വറും പ്രവാചകന്‍ ഇബ്രാഹിമിന്റെയും പുത്രന്‍ ഇസ്മാഈലിന്റെയും പ്രതീകാത്മക ബലിയെ അനുസ്മരിപ്പിക്കുന്ന ഈദുല്‍ അദ്ഹായും. രണ്ടു ഈദുകള്‍ക്കും അതാതിന്റെ പവിത്രതയും വിശ്വാസ ദൃഢതയുമുണ്ട്.
ഒരു മാസക്കാലത്തെ പകല്‍ നേരത്തെ അന്നപാനീയ വര്‍ജ്ജനത്തോടൊപ്പം തനുവും മനവും വിമലീകരിച്ചവര്‍ക്കുള്ളതാണ് ഈദുല്‍ ഫിത്വര്‍ അഥവാ, ചെറിയ പെരുന്നാള്‍. 30 നോമ്പുകളെ (ചിലപ്പോള്‍ 29 ആവാം) മൂന്നു ഖണ്ഡങ്ങളായി തിരിച്ചിരിക്കുന്നു. ആദ്യത്തെ പത്തു ദിവസം ഓരോ നിസ്‌കാരാനന്തരവും 'അല്ലാഹുവേ, എന്നോട് കാരുണ്യം കാണിക്കണേ, കരുണാമയനേ' എന്നു പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കും ഓരോ വിശ്വാസിയും. കാരുണ്യമെന്നത് വെറും അധരവ്യായാമമല്ല. ദൈവത്തിന്റെ കാരുണ്യം ലഭിക്കുക എന്നാല്‍, ഒരാള്‍ എല്ലാ അര്‍ത്ഥത്തിലും വിജയിച്ചു എന്നാണര്‍ത്ഥം. ഭൂമിയില്‍ തന്റെ സഹജീവികളോട് കരുണ കാണിക്കുന്നവന് മാത്രമേ വാനലോകത്തുള്ളവന്‍ കാരുണ്യം വര്‍ഷിക്കുകയുള്ളൂ. അല്ലാത്തവന്റെ പട്ടിണി കേവല പട്ടിണിയായി മാത്രമേ പര്യവസാനിക്കുകയുള്ളൂ.
രണ്ടാമത്തെ പത്തില്‍ ഒരു വിശ്വാസി ഇരക്കുന്നത് 'പ്രപഞ്ചത്തിന്റെ രക്ഷിതാവായ അല്ലാഹുവേ, നീ എന്റെ തെറ്റുകുറ്റങ്ങളെല്ലാം പൊറുത്തു തരേണമേ' എന്നാണ്. ചെയ്തുപോയ പാപങ്ങളില്‍ പശ്ചാത്തപിക്കാതിരിക്കുകയും മോക്ഷം അര്‍ത്ഥിക്കാതിരിക്കുകയും ചെയ്യുന്നവന്റെ വിശന്നിരിക്കല്‍ വൃഥാവിലായിരിക്കും.
മൂന്നാം ഖണ്ഡത്തില്‍ 'അല്ലാഹുവേ, തീര്‍ച്ചയായും നീ മാപ്പു നല്‍കുന്നവനും മാപ്പിരക്കുന്നവരെ ഇഷ്ടപ്പെടുകയും ചെയ്യുന്നവനുമാകയാല്‍ എന്നോടും മാപ്പ് ചെയ്യേണമേ' എന്ന പ്രാര്‍ത്ഥനയോടൊപ്പം 'അല്ലാഹുവേ, നരകത്തില്‍ നിന്നും നീ എന്നെ രക്ഷപ്പെടുത്തുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്യേണമേ എന്നു കൂടി ദുആ ചെയ്യുന്നു. കൂടാതെ, 'അല്ലാഹുവല്ലാതെ മറ്റൊരു ആരാധ്യനുമില്ലെന്ന് ഞാന്‍ സാക്ഷ്യം പറയുന്നു, അല്ലാഹുവിനോടു ഞാന്‍ മാപ്പ് ചോദിക്കുന്നു, പറുദീസ ചോദിക്കുകയും നരകത്തില്‍ നിന്നും രക്ഷ ചോദിക്കുന്നു' എന്നും ഒരു മാസം മുഴുവന്‍ പറയുകയും ചെയ്യുന്നു.
ഇത്തരം ഏറ്റുപറച്ചിലുകള്‍ക്കും സമൂഹത്തിനും അവനവനു തന്നെയും സല്‍പ്രവര്‍ത്തികള്‍ ചെയ്യുകയും ദരിദ്രനും അധസ്ഥിതനും പീഡിതനുമൊപ്പം നില്‍ക്കുകയും ചെയ്യുന്നതോടൊപ്പം ഒരു നിശ്ചിത സമയം വരെ അന്ന-പാനീയങ്ങള്‍ വര്‍ജ്ജിക്കുകയും ചെയ്യുന്നവര്‍ക്കുള്ളതാണ് ഈദുല്‍ ഫിത്വര്‍. അല്ലാതെ, റജബും ശഅബാനും റമദാനും പിറന്നതും കടന്നുപോയതും ഒന്നുമറിയാതെ മനുഷ്യരാശിയെ തന്നെ നാശത്തിന്റെ പടിവാതില്‍ക്കലേക്ക് നയിക്കുന്ന കഞ്ചാവും മറ്റിതര രാസലഹരി വിഷങ്ങളും മദ്യവും വിറ്റ് തീര്‍ത്തും ഹറാമായ (നിഷിദ്ധമായ) പണം സമ്പാദിച്ചു കൂട്ടുകയും അത്തരം ലഹരിയുടെ ഉപയോഗത്തിലൂടെ സ്വന്തം മാതാപിതാക്കളെയും സഹോദരങ്ങളെയും കൊന്നുകളയുകയും ചെയ്യുന്ന നരാധമന്മാര്‍ക്കുള്ളതല്ല ഒരു പെരുന്നാളും. പക്ഷേ, ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, ഇന്ന് എല്ലാ ആഘോഷങ്ങളും സമൂഹത്തിലെ അത്തരം അര്‍ബുദ വിത്തുകളുടെ കൈകളിലോ നിയന്ത്രണത്തിലോ ആണെന്ന് വേദനയോടെയും ഉത്ക്കണ്ഠയോടെയും പറയേണ്ടിവരുന്നു!
രാത്രിയിലെ ഇരുട്ടിലും പകലിലെ സൂര്യ പ്രകാശത്തിലും ഒരുപോലെ മദിച്ചു പാഞ്ഞ് അനധികൃതവും നിയമവിരുദ്ധവുമായ എല്ലാ വഴികളിലൂടെയും ധനം സമ്പാദിച്ച് താല്‍ക്കാലിക പളപളപ്പിലേക്കും സമൂഹത്തിലെ ആഢംബരങ്ങളിലേക്കും കണ്ണും മൂക്കുമില്ലാതെ കുതിക്കുന്ന ഈ സാമൂഹ്യവിരുദ്ധരുടെ അരികില്‍ കൂടിപ്പോലും 'അല്ലാഹുമ്മര്‍ഹംനീ യാ അര്‍ഹമര്‍റാഹിമീന്‍' എന്ന, 'അല്ലാഹുമ്മഗ്ഫിര്‍ ലീ സുനൂബീ യാ റബ്ബല്‍ ആലമീന്‍' എന്ന, 'അല്ലാഹുമ്മ ഇന്നക അഫുവ്വുന്‍ തുഹിബ്ബുല്‍ അഫ്വ ഫഹ്ഫു അന്നീ' എന്ന പ്രാര്‍ത്ഥനകള്‍ കടന്നു പോയിട്ടില്ലെങ്കിലും ഒരുപക്ഷേ, ശവ്വാല്‍ പിറവി ദിനത്തില്‍ പള്ളികളിലേയ്ക്കും ഈദ്ഗാഹുകളിലേയ്ക്കും നീങ്ങുന്ന വിശ്വാസികളുടെ ഏറ്റവും മുന്നില്‍ ഈ കപട വിശ്വാസികളായിരിക്കും; അന്നും കഞ്ചാവും എം.ഡി.എം.എയും വിറ്റു എന്തിനെന്ന് അവര്‍ക്കു തന്നെ തിട്ടമില്ലാത്ത പണം സമ്പാദിക്കുന്ന തിരക്കില്‍ ആയിരിക്കും, കുറെപ്പേരെങ്കിലും! കഞ്ചാവ്, രാസലഹരികള്‍ എന്നിവയുടെ കള്ളക്കടത്തിലും വില്‍പ്പനയിലും മുസ്ലിം നാമധാരികളായവരാണ് തൊണ്ണൂറു ശതമാനവും എന്നത് പറയാന്‍ ലജ്ജയുണ്ടെങ്കിലും പറയാതിരിക്കാനാവില്ല. അത്താഴമോ നോമ്പുതുറയോ എന്തെന്നു പോലുമറിഞ്ഞിട്ടില്ലാത്തവര്‍ക്ക് നാട്ടിലെ എല്ലാ ജവുളിക്കടകളും ചെരിപ്പുകടകളും സമൂസ സ്റ്റാളുകളും ഇറച്ചി-കോഴിക്കടകളും വളര സുപരിചിതമാണ്. രായ്ക്കുരാമാനം പൊങ്ങിയ കൊട്ടാര സദൃശ വീടുകളിലെ പോര്‍ച്ചുകളില്‍ തരംതരം കാറുകള്‍! വിശന്നു വീണുപോയവനെ കാണാന്‍ പറ്റാത്ത കണ്ണുകളില്‍ ലഹരി തേടുന്നവര്‍ എന്നും നിറഞ്ഞുനിന്നു. ഒരു നേരത്തെ ഭക്ഷണത്തിനായി നീട്ടപ്പെട്ട കൈകള്‍ നിഷ്‌കരുണം തട്ടിനീക്കിയവന്റെ കീശകള്‍ കൈക്കൂലിക്കായി നീട്ടപ്പെടുന്ന കൈകളും മനസ്സും നിറയ്ക്കാന്‍ എന്നും വല്ലാതെ ത്രസിച്ചുനിന്നു! ആണ്ടിലൊരു പെരുന്നാള്‍ കോടിക്ക് വല്ലാതെ ആശിച്ച് നടക്കുന്നവരുടെ മുന്നില്‍ അവര്‍ ഓരോ കള്ളക്കടത്തിലും ഓരോ പുത്തന്‍ കോടിയും ധരിച്ചുനടന്നു. ഇസ്ലാം നഖശിഖാന്തം എതിര്‍ക്കുകയും നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്ന വ്യാപാരമാണ് മദ്യവും മയക്കുമരുന്നും. നിരാശാജനകമെന്നു പറയട്ടെ, അതേ വ്യാപാരത്തില്‍ തന്നെയാണ് ഇന്നത്തെ യുവാക്കളില്‍ നല്ലൊരു ശതമാനവും ആകണ്ഠം മുഴുകിയിരിക്കുന്നത്. അത്തരം സാമൂഹ്യദ്രോഹികളാല്‍ ഹൈജാക്ക് ചെയ്യപ്പെട്ടുപോയിരിക്കുന്നു നമ്മുടെ ആഘോഷങ്ങളും ഉത്സവങ്ങളും! ശുഭോദര്‍ക്കമായ ഒരു വാര്‍ത്തയും ലോകത്തിന് സമ്മാനിക്കാന്‍ കഴിയാത്ത ഈ സാത്താന്റെ അനുചരന്മാര്‍ക്കിടയില്‍ എന്താഘോഷിക്കാനാണ്, നാം? ഒരിക്കലും തിരിച്ചു ലഭിക്കാന്‍ ഇടയില്ലാത്ത വിധം എല്ലാ ആഘോഷങ്ങളില്‍ നിന്നും മുഴുവന്‍ ചൈതന്യവും മനുഷ്യത്വവും എവിടെയോ എന്നോ ചോര്‍ന്നുപോയിരിക്കുന്നു. ആര്‍ക്കും ആരെയും വിശ്വസിക്കാന്‍ കഴിയാത്തവിധം മാറിപ്പോയ ഒരു കാലത്തിലൂടെയും ലോകത്തിലൂടെയുമാണ് നാം കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്! എന്നത്തേയും പോലെ സൂര്യന്‍ ഉദിക്കുന്നു. എല്ലാ മാസാദ്യത്തിലും എന്ന പോലെ ചന്ദ്രനും. പക്ഷേ, ഒരു സൂര്യ, ചന്ദ്ര, താരകങ്ങളും മനുഷ്യനില്‍ പുതിയ വെളിച്ചം കൊണ്ടുവരുന്നില്ല. പകരം, കൃത്രിമ ദീപാലങ്കാരങ്ങളില്‍ ഇരുട്ടു പരക്കുകയാണ്, പരത്തുകയാണ് ചുറ്റും! ഒരു നേരത്തെ അന്നത്തിന് കേഴുന്ന കോടിക്കണക്കിന് മനുഷ്യക്കുഞ്ഞുങ്ങള്‍ ഇന്നും ഭൂമിയിലുണ്ട്. ഒരു കീറത്തുണിക്കു പകരം മറ്റൊരു കീറത്തുണി മാറ്റി ഉടുക്കാനില്ലാത്തവരും. അവയ്ക്കും മീതേയാണ് പലസ്തീന്‍ പോലുള്ള നാടുകളില്‍ സ്വന്തം ഭൂമിയിലെ കൂരകളില്‍ സ്വസ്ഥമായൊന്നു തലചായ്ക്കാന്‍ അവസരം നിഷേധിക്കപ്പെട്ട്, ഏതു നിമിഷത്തിലാണ് തലയ്ക്കു മീതെ സയണിസ്റ്റുകളുടെ ബോംബ് വര്‍ഷം ഉണ്ടാവുക എന്ന കൊടും ഭീതിയില്‍ ദശകങ്ങളോ നൂറ്റാണ്ടുകളോ ആയി തെളിയും മുമ്പേ അണഞ്ഞുപോകുന്ന ഹതഭാഗ്യര്‍!
സഹജീവികളുടെ ഒരു രോദനവും കേള്‍ക്കാനുള്ള കാതും ദൈന്യത കാണാനുള്ള കണ്ണുമില്ലാത്ത ഒരു കൂട്ടര്‍ താല്‍ക്കാലിക നേട്ടങ്ങള്‍ക്കും അത്യാഢംബരങ്ങള്‍ക്കുമായി മാനുഷികതയുടെ എല്ലാ അടയാളങ്ങളും തച്ചുടച്ചു മുന്നേറവേ... ഇല്ല, ഒന്നിലും അങ്ങ് മുഴുകാന്‍ പറ്റുന്നില്ല...!