പ്രശസ്ത സാഹിത്യകാരന്മാരെ അനുസ്മരിക്കുക, സാഹിത്യകൃതികളെ പരിചയപ്പെടുത്തുകയും വിലയിരുത്തുകയും ചെയ്യുക -ഇതൊക്കെയാണല്ലോ സാധാരണയായി സാഹിത്യ വേദികളില്‍ നടക്കാറുള്ളത്. എന്നാല്‍ ഇതില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു പരിപാടിയാണ് കഴിഞ്ഞദിവസം കാസര്‍കോട് സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ പുലിക്കുന്നിലെ ലൈബ്രറി ഹാളില്‍ നടന്നത്.
അയിത്താചരണത്തിനെതിരെ നിരന്തരം പോരാടിയ, അതിന്റെ പേരില്‍ കൊടിയ മര്‍ദ്ദനങ്ങള്‍ക്കിരയായ -സ്വാമി ആനന്ദതീര്‍ത്ഥനെ അനുസ്മരിക്കുക, പുതിയ തലമുറയ്ക്ക് കേട്ടുകേള്‍വി മാത്രമുള്ള ആ ചരിത്ര സംഭവങ്ങളില്‍ നേരിട്ട് ഭാഗഭാക്കായിരുന്ന ചിലരുടെ ഓര്‍മ്മകള്‍ അയവിറക്കുന്നതിന് സാക്ഷ്യം വഹിക്കുക -തികച്ചും സുകൃതാനുഭവങ്ങള്‍.
പിറ്റേന്ന് അത് സംബന്ധിച്ച 'ഉത്തരദേശം' റിപ്പോര്‍ട്ടില്‍ ചില പിശകുകള്‍, തെറ്റിദ്ധാരണ ഉളവാക്കുന്നതായി തോന്നിയതുകൊണ്ട് ഈ തിരുത്തല്‍ കുറിപ്പ്. 'അയിത്തോച്ചാടനത്തിനെതിരെ സമരം നയിച്ച...' അയിത്തോച്ചാടനത്തിനെതിരെ ആയിരുന്നില്ല അയിത്താചരണം ഉച്ചാടനം ചെയ്യാനായിരുന്നു സ്വാമിയുടെ സമരം. 'ഉച്ചാടനം' എന്നാല്‍ 'ഉന്മൂലനം ചെയ്യല്‍' അതായത് 'വേരോടെ പിഴുതുകളയല്‍' എന്നാണ് അര്‍ത്ഥം. അയിത്തം എന്ന ദുരാചാരത്തെ, ആചരണത്തെ ഉച്ചാടനം ചെയ്യാന്‍ സ്വാമി ആനന്ദതീര്‍ത്ഥന്‍ പോരാടി.
'മാനവധര്‍മ്മശാസ്ത്രം' എന്ന് വാഴ്ത്തപ്പെടുന്ന 'മനുസ്മൃതി' അനുശാസിക്കുന്നു: അസ്പൃശ്യത -തൊട്ടുകൂടായ്മ- അയിത്താചരണം -ദൈവികം, അലംഘനീയം. മനുഷ്യരെല്ലാം ഒന്നല്ല, തുല്യരല്ല, ഉയര്‍ന്നവരും താഴ്ന്നവരും ഉണ്ട്. സവര്‍ണ്ണരും അവര്‍ണ്ണരും. അവര്‍ണ്ണരെ അകലെ അകറ്റി നിര്‍ത്തണം. ദൂരത: പരിവര്‍ജ്ജയേത്.
ഈ അന്യായത്തെയാണ് സ്വാമി ചോദ്യം ചെയ്തത്. ജാതി വിവേചനം അനാചാരമാകുന്നു. അത് തിരുത്തണം. അങ്ങനെ പറഞ്ഞതിനാണ് സ്വാമി ജാതി കോമരങ്ങളുടെ, ജാതി ഭ്രാന്തന്മാരുടെ ആക്രമണത്തിന് ഇരയായത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ച് സ്വാമിയെ ക്രൂരമായി മര്‍ദ്ദിച്ചത് ബ്രാഹ്മണര്‍ക്ക് മാത്രം അവകാശപ്പെട്ടത് എന്ന് വാദിച്ച 'നമസ്‌കാരസദ്യ'യില്‍ പങ്കെടുക്കാന്‍ പോയപ്പോഴായിരുന്നു. സദ്യ ഉണ്ണാനുള്ള കൊതികൊണ്ടല്ല സ്വാമി പന്തിയില്‍ ഇരുന്നത്. ജാതി വിവേചനം അന്യായമാണ്, പാടില്ലാത്തതാണ് എന്ന് പ്രഖ്യാപിക്കാന്‍, ബോധ്യപ്പെടുത്താന്‍ വേണ്ടി ആയിരുന്നു. ദേവസ്വം കിങ്കരന്മാര്‍ സ്വാമിയെ ക്രൂരമായി മര്‍ദ്ദിച്ചു, കാല്‍മുട്ട് തകര്‍ത്തു. ദേവസ്വം വക ആസ്പത്രിയില്‍ പ്രഥമ ശുശ്രൂഷ പോലും നല്‍കിയില്ല. മനുഷ്യപ്പറ്റുള്ള ആരോ 'ചാവക്കാട്' സര്‍ക്കാര്‍ വക ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മാതൃഭൂമി പത്രത്തില്‍ വാര്‍ത്ത വന്നു. അത് കണ്ടിട്ടാണ് കേരള യുക്തിവാദി സംഘം പ്രവര്‍ത്തകരായ ഞങ്ങള്‍ സ്വാമിയെ കാണാന്‍ പോയത്.
ഞങ്ങള്‍ ഗുരുവായൂരില്‍ വെച്ച് മര്‍ദ്ദനത്തിനിരയായത് മറ്റൊരു സന്ദര്‍ഭത്തില്‍ ആയിരുന്നു.
ദേവസ്വത്തിന് സര്‍ക്കാര്‍ ഖജനാവില്‍ നിന്നും നല്‍കുന്ന തുകയില്‍ നിന്നും ഒരു പങ്ക് പാവങ്ങള്‍ക്ക് വീട് വെക്കാന്‍ നല്‍കണമെന്ന ആവശ്യത്തിന് എതിരെ ഭക്തന്മാര്‍ നിലപാടെടുത്തപ്പോള്‍ അതില്‍ പ്രതിഷേധിച്ചായിരുന്നു യുക്തിവാദി സംഘത്തിന്റെ സത്യഗ്രഹം. ദേവസ്വം ഓഫീസിന് മുമ്പില്‍ ഞങ്ങള്‍ എത്തിയപ്പോള്‍ തന്നെ ഒരു സംഘം ആളുകള്‍ ഞങ്ങളെ മര്‍ദ്ദിച്ചു. പലരും പരിക്കുപറ്റി ആസ്പത്രിയിലായി. പവനന്‍, കലാനാഥന്‍, കെ.എസ്.ആര്‍ പല്ലിശ്ശേരി, മാതൃഭൂമി കൃഷ്ണന്‍കുട്ടി നായര്‍ തുടങ്ങിയവരും ഞാനും. അതില്‍ പ്രതിഷേധിച്ച് പിറ്റേന്ന് പൊതുയോഗം നടത്തിയത് മാനാഞ്ചിറയിലല്ല.
തേക്കിന്‍കാട് മൈതാനത്ത് ആയിരുന്നു. സി. അച്യുതമേനോന്‍ അധ്യക്ഷത വഹിച്ച, ഫാദര്‍ വടക്കന്‍ ഉദ്ഘാടനം നടത്തിയ പ്രതിഷേധയോഗം 'ഗുരുവായൂരില്‍ ഒരു ദിവസം' എന്ന പേരില്‍ പവനന്‍ തയ്യാറാക്കിയ പുസ്തകത്തില്‍ ആ ചരിത്രം വിവരിച്ചിട്ടുണ്ട്. ഞങ്ങളുടെ സമരത്തെക്കുറിച്ച് സുഗതകുമാരി 'ഗുരുവായൂരപ്പന് ഒരു തുറന്ന കത്ത്' എഴുതുകയുണ്ടായി. മര്‍ദ്ദന വിവരം അറിഞ്ഞ സ്വാമി ഞങ്ങളെ ബന്ധപ്പെടുകയും ചില പ്രതിഷേധ യോഗങ്ങളില്‍ പ്രസംഗിക്കുകയും ചെയ്തു.
നമ്മുടെ ജില്ലയില്‍ സ്വാമി നടത്തിയ അയിത്തോച്ചാടന പ്രവര്‍ത്തനങ്ങളെക്കുറിച്ച് പി.വി കൃഷ്ണന്‍ മാഷ് എഴുതിയിട്ടുണ്ട് -ഫോട്ടോ സഹിതം. മുഖ്യമന്ത്രി കെ. കരുണാകരന്‍ 'കൊറഗ'നോട് മുട്ടിയുരുമ്മി ഇരുന്ന് ഭക്ഷണം കഴിക്കുന്നു - കൊറഗന്റെ മറ്റേ ഭാഗത്ത് സ്വാമിയായിരുന്നു- ഫോട്ടോ തെളിവ്. അതുകൊണ്ടാണ് 'സ്വാമി ആനന്ദതീര്‍ത്ഥ -മറവി -ചരിത്രം' എന്ന പരിപാടിയില്‍ കൃഷ്ണന്‍ മാസ്റ്ററുടെ ഓര്‍മ്മ ശബ്ദ സന്ദേശം വഴി നാം കേട്ടത്. തികച്ചും അഭൂതപൂര്‍വ്വം -അവിസ്മരണീയം -ആയി സാഹിത്യവേദിയുടെ പരിപാടി. സ്വാമിയെ കുറിച്ചുള്ള സുകൃത സ്മരണകള്‍ പങ്കിടാന്‍ ഉള്ളവര്‍ ഇനിയുമുണ്ട്. ഉത്തരദേശത്തിന്റെ താളുകള്‍ അവസരം ഒരുക്കാതിരിക്കില്ല. സ്വാമിയെ തൊട്ടുരുമ്മി നടന്ന ഒരാളാണല്ലോ അഹ്മദ് മാഷ്. പരിപാടിയില്‍ മാഷിന്റെ 'അദൃശ്യസാന്നിധ്യം' ഉണ്ടായിരുന്നല്ലോ.