ഷൈന്‍ ടോം ചാക്കോക്കൊപ്പം
2019ല്‍ കൊച്ചിയിലേക്ക് വണ്ടി കയറുമ്പോള്‍ അബ്ദുല്‍ സാബിത്തിന്റെ മനസ്സ് നിറയെ ഫുട്‌ബോളായിരുന്നു. കാസര്‍കോട് നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ താരമായി ജില്ലയിലെ കളിക്കളങ്ങളിലെല്ലാം നിറഞ്ഞു കളിച്ച സാബിത്ത് കാസര്‍കോട് ജില്ലാ സീനിയര്‍ ടീമിന്റെ ക്യാപ്റ്റനായിരിക്കെയാണ് കൊച്ചിയിലെത്തുന്നത്. കേരള പ്രീമിയര്‍ ലീഗില്‍ എഫ്.സി. കൊച്ചിന് വേണ്ടി ജേഴ്‌സി അണിയുകയായിരുന്നു വിംഗ് ബാക്ക് പ്ലെയറായ സാബിത്തിന്റെ ലക്ഷ്യം. ഐ.എം. വിജയനെപ്പോലെ നാടാകെ അറിയുന്ന ഫുട്‌ബോള്‍ താരമാവണം. ഇന്ത്യന്‍ ടീമിന് വേണ്ടി കളിക്കണം- ഇങ്ങനെ ഒത്തിരി സ്വപ്നങ്ങള്‍... കൊച്ചിയിലെ ഫുട്‌ബോള്‍ ഗ്രൗണ്ടുകളില്‍ വിവിധ മത്സരങ്ങളില്‍ കളിക്കുന്നതിനിടെ കോസ്റ്റ്യൂം ഡിസൈനിങ്ങിലും തല്‍പരനായി ഒരു കൈനോക്കി. അപ്പോഴാണ് ഒരു ദിവസം അപ്രതീക്ഷിതമായി സുഹൃത്തിന്റെ ഫോണ്‍ കോള്‍ വരുന്നത്. 'ഞാന്‍ കുറച്ചു ദൂരെയാണ്. ഒരാള്‍ക്ക് സിഗരറ്റ് എത്തിച്ച് കൊടുക്കണം...പെട്ടന്ന് വേണം...' ആര്‍ക്കാണെന്ന് സുഹൃത്ത് പറഞ്ഞില്ല. സിഗരറ്റിന്റെ ബ്രാന്റും ഹോട്ടലിന്റെ പേരും റൂം നമ്പറും മാത്രം പറഞ്ഞു. 'ഗോകുലം പാര്‍ക്ക് ഹോട്ടലിലെ 100 നമ്പര്‍ റൂമില്‍ എത്തിച്ചാല്‍ മതി. അവിടെ ഒരാള്‍ കാത്തിരിക്കുന്നുണ്ടാവും...'
സാബിത്ത് മമ്മൂട്ടിക്കൊപ്പം
സാബിത്ത് സിഗരറ്റുമായി ഹോട്ടലിലെത്തി. മുറിയുടെ കോളിംഗ് ബെല്ലടിച്ചപ്പോള്‍, തൊട്ടുമുന്നില്‍ ഷര്‍ട്ടില്ലാതെ, പാന്റ്‌സ് മാത്രം ധരിച്ച് പ്രിയ താരം-ഷൈന്‍ ടോം ചാക്കോ.
സാബിത്തൊന്ന് ഞെട്ടി. അകത്ത് കയറി ഇരിക്കാന്‍ ഷൈന്‍ ആവശ്യപ്പെട്ടു. അതായിരുന്നു ആദ്യത്തെ കൂടിക്കാഴ്ച. അഭിനയ മികവ് കൊണ്ട് മലയാള സിനിമാ പ്രേമികള്‍ക്ക് പ്രിയങ്കരനായ ഷൈന്‍ ടോം ചാക്കോ സാബിത്തിന് ആദ്യ കൂടിക്കാഴ്ച്ചയില്‍ തന്നെ മലയാള സിനിമയുടെ ഭാഗമാവാനുള്ള വാതില്‍ തുറന്നിടുകയായിരുന്നു.
ഷൈനുമായി സാബിത്ത് വളരെ പെട്ടന്ന് തന്നെ അടുത്തു. സിനിമാ രംഗത്ത് പ്രവര്‍ത്തിക്കാന്‍ സാബിത്തിന് താല്‍പര്യമുണ്ടെന്നറിഞ്ഞപ്പോള്‍ 'സിനിമയില്‍ നീ എന്ത് ചെയ്യാനാ...' എന്നായി ഷൈന്‍ ടോം. കോസ്റ്റ്യൂം ഡിസൈനിങ്ങില്‍ ഒരു കൈ നോക്കാമെന്ന് സാബിത്ത്. 'എന്നാല്‍ നീ എനിക്ക് കുറച്ച് വസ്ത്രം ഉണ്ടാക്ക്' എന്നായി ഷൈന്‍. ആദ്യമൊക്കെ ആശങ്കകളുണ്ടായിരുന്നു. ഷൈന്‍ മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ്. അദ്ദേഹത്തിന് വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യുക എന്നത് നിസ്സാര കാര്യമല്ല. എങ്കിലും ഒരു കൈ നോക്കാന്‍ തന്നെ തീരുമാനിച്ചു. കുറച്ച് വസ്ത്രങ്ങള്‍ ഷൈനിന് വേണ്ടി തയ്യാറാക്കി. 'നീ കൊള്ളാമല്ലോടാ സാബിത്തേ....'- ഷൈനിന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റ്. സാബിത്ത് സന്തോഷംകൊണ്ട് വീര്‍പ്പ്മുട്ടി. ഇരുവരും അടുത്ത കൂട്ടുകാരായി. ഷൈന്‍ ചെല്ലുന്നിടത്തൊക്കെ സാബിത്തിനെയും കൂട്ടും. ഇന്റര്‍വ്യൂകളിലും സാബിത്ത് ഒന്നിച്ചുണ്ടാവും. ഷൈനിന് വേണ്ട തൊപ്പിയും സണ്‍ഗ്ലാസും ടീ ഷര്‍ട്ടുമൊക്കെ സാബിത്ത് തിരഞ്ഞെടുക്കും. ഭീഷ്മപര്‍വം എന്ന സിനിമക്ക് ശേഷം സാബിത്തിനെ കൂടാതെ ഷൈന്‍ എത്തുന്ന ചടങ്ങുകള്‍ കുറവായി. ഒരു താരം തന്റെ കൂടെ നില്‍ക്കുന്ന ഒരാള്‍ക്ക് നല്‍കുന്ന പിന്തുണകള്‍ക്കെല്ലാം അപ്പുറമായിരുന്നു ഷൈന്‍ സാബിത്തിനെ ചേര്‍ത്തു പിടിച്ചത്. ഇന്റര്‍വ്യൂകള്‍ക്കിടയില്‍ ഓരോ കാര്യങ്ങള്‍ പറഞ്ഞ് അടുത്ത നിമിഷം ഷൈന്‍ തിരക്കും. 'അല്ലേ സാബിത്തേ...'
അമലാ പോളിനൊപ്പം
ഷൈന്‍ ടോമിന്റെ ചിറകിലേറി മലയാള സിനിമാ കോസ്റ്റ്യൂമിന്റെ വഴികളില്‍ സാബിത്ത് പറക്കാന്‍ തുടങ്ങി. അതോടെ അബ്ദുല്‍ സാബിത്ത് സാബി ക്രിസ്റ്റി എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി. ആ പേര് ഇപ്പോള്‍ മലയാള സിനിമാ കോസ്റ്റ്യൂം ഡിസൈന്‍ മേഖലയില്‍ വളരെ പ്രശസ്തമാണ്. അമല പോള്‍ അടക്കമുള്ള സെലിബ്രിറ്റികള്‍ക്ക് വേണ്ടി സാബി ക്രിസ്റ്റി കോസ്റ്റ്യൂം ചെയ്തു. ഇന്റര്‍നാഷണല്‍ മോഡലുകള്‍ വരെ സാബിയുടെ കോസ്റ്റ്യൂമില്‍ തിളങ്ങിയിട്ടുണ്ട്.
പ്രഭുദേവക്കൊപ്പം
സിനിമയും സ്റ്റൈലും വളരെ അടുത്ത് നില്‍ക്കുന്ന കലയാണ്. വ്യക്തികളുടെ ആത്മവിശ്വാസം വെട്ടിത്തിളങ്ങാനും സ്റ്റൈല്‍ ഉപകരിക്കുന്നു. സ്റ്റൈലും വസ്ത്ര ചേര്‍ച്ചയും എല്ലാവരെയും സുന്ദരമാക്കുന്നു. സ്റ്റൈല്‍ ആര്‍ക്ക്, എങ്ങനെ ഇണങ്ങുന്നു എന്നതും പ്രധാനമാണ്. ഇത് തിരിച്ചറിയാനുള്ള കഴിവ് ചെറിയ സമയംകൊണ്ട് തന്നെ സ്വായത്തമാക്കാന്‍ കഴിഞ്ഞതാണ് സാബിയുടെ മിടുക്ക്. സ്റ്റൈലിംഗ് എന്ന കലയ്ക്ക് അത് തുന്നിച്ചേര്‍ക്കേണ്ട ആളുടെ കഴിവ് കൂടി തെളിയിക്കപ്പെടേണ്ടതുണ്ട് എന്ന തിരിച്ചറിവില്‍ നിന്നാണ് ഓരോ താരങ്ങള്‍ക്കും വേണ്ട മികച്ച കോസ്റ്റ്യൂമുകള്‍ തയ്യാറാക്കാന്‍ സാബിയെ നിര്‍ബന്ധിതനാക്കിയത്. ഇത് ചെറിയ പണിയല്ല. കഠിനാധ്വാനം വേണം ഓരോ ഡിസൈനും ഒരുക്കുമ്പോള്‍. സിനിമാ താരങ്ങള്‍ അവരുടെ സ്റ്റൈലില്‍ തിളങ്ങി നില്‍ക്കുമ്പോള്‍ അതിന് പിന്നില്‍ ഒരു കലയുടെ മികവ് ഒളിച്ചിരിപ്പുണ്ട് എന്നതാണ് സത്യം. ആ കലയാണ് ഷൈന്‍ ടോം അടക്കമുള്ള താരങ്ങളുടെ വസ്ത്രാലങ്കാരത്തിലൂടെ സാബി അടയാളപ്പെടുത്തുന്നത്.
സ്വാസികയും സാബിത്തും
കുട്ടിക്കാലം മുതല്‍ക്കുള്ള ആഗ്രഹമായിരുന്നു ഒരു ഡിസൈനര്‍ ആവുക എന്നത്. ഫുട്‌ബോളിലൂടെ കൊച്ചിയിലെത്തി മലയാള സിനിമാ രംഗത്തെ വസ്ത്രാലങ്കാര മേഖലയില്‍ തന്റെതായ ചുവടുറപ്പിച്ചിരിക്കയാണ് സാബി ഇപ്പോള്‍. ഒരു ഗോഡ് ഫാദറുമില്ലാതെ കഠിനാധ്വാനത്തിലൂടെയാണ് സാബി ക്രിസ്റ്റി നിറമുള്ള തന്റെ സ്വപ്നങ്ങളിലേക്ക് നടന്നടുത്തത്.
വിക്രമിനൊപ്പം
ഫാഷനെയും വസ്ത്രധാരണത്തെയും കുറിച്ചൊക്കെ സാബി ക്രിസ്റ്റിക്ക് നല്ല ധാരണയുണ്ട്. 'നമ്മുടെ വസ്ത്രം നമ്മുടെ ഇഷ്ടത്തിന് അനുസരിച്ച് ധരിക്കണം. മറ്റുള്ളവരുടെ അഭിപ്രായം നോക്കി വസ്ത്രം തിരഞ്ഞെടുക്കാന്‍ പോയാല്‍ ഒരിക്കലും ശരിയാവില്ല. മറ്റുള്ളവര്‍ എന്ത് വിചാരിക്കും എന്ന് ചിന്തിച്ച് തുടങ്ങിയാല്‍ നമ്മുടെ താല്‍പര്യങ്ങള്‍ എന്നും മാറ്റി വെക്കേണ്ടി വരും. നമ്മുടെ സന്തോഷത്തിന്റെ താക്കോല്‍ മറ്റൊരാളുടെ കൈയില്‍ കൊടുക്കരുത് എന്ന് പറയുന്നത് പോലെ നമ്മുടെ ഇഷ്ടങ്ങളും മറ്റുള്ളവരുടെ താല്‍പര്യം അനുസരിച്ച് ആവരുത്.'- സാബി ക്രസ്റ്റിയുടെ തറം വന്ന വാക്കുകള്‍.
ശിവ കാര്‍ത്തികേയനും സാബിത്തും
ഒരു സിനിമ ഇറങ്ങിക്കഴിഞ്ഞാല്‍ അതിന്റെ നായകന്റെയോ നായികയുടെയോ സ്റ്റൈല്‍ അതേപടി പകര്‍ത്താന്‍ ശ്രമിക്കുന്നവരുണ്ട്. അതിനെ ഒരു അനുകരണമെന്ന് പറഞ്ഞ് അവഗണിക്കാന്‍ പറ്റില്ല. സ്റ്റൈല്‍ എന്നത് അങ്ങനെയാണ്. അത് ആര്‍ക്ക്, എങ്ങനെ വഴങ്ങുന്നു എന്നത് പ്രധാനപ്പെട്ട കാര്യമാണ്-സാബിത്തിന്റെ വാക്കുകള്‍. മലയാള സിനിമയ്ക്കാകെ ഇപ്പോള്‍ സുപരിചിതനാണ് ഈ കാസര്‍കോട്ടുകാരന്‍. മമ്മൂട്ടിയും വിക്രമും പ്രഭുദേവയും ശ്വേതമേനോനും ശിവകാര്‍ത്തികേയനും അടക്കമുള്ള താരങ്ങള്‍ സാബിയുടെ കോസ്റ്റ്യൂമിനെക്കുറിച്ച് അഭിപ്രായം രേഖപ്പെടുത്തിയവരാണ്.
കാസര്‍കോട് നായന്മാര്‍മൂല ഐ.ടി റോഡിലെ അബ്ദുല്ലയുടെയും സുലൈഖയുടെയും മകനാണ്. ഇപ്പോള്‍ കൊച്ചിയിലാണ് താമസം.