പ്രസന്നകുമാരിയുടെ സ്വപ്നസാഫല്യം

Update: 2025-04-08 10:42 GMT

വിദ്യാര്‍ത്ഥി ആയിരിക്കെ അങ്കുരിച്ച മോഹമായിരിക്കും പ്രസന്ന കുമാരിക്കും ഇപ്പോള്‍ സാധിച്ചത്. മോഹമുകുളം വിടര്‍ന്നു. പ്രിയതമന്റെ പിന്തുണയോടെ പ്രസന്ന കുമാരിക്ക് സ്വപ്നസാഫല്യം. മാക്കരംകോട്ട് ഇല്ലത്തിന്റെ മുറ്റത്ത് പ്രസന്ന കുമാരിയും ആറ് കൂട്ടുകാരികളും അരങ്ങേറ്റം കുറിച്ചു

'ഇന്ദുലേഖയ്ക്ക് ഭ്രാന്തുണ്ടോ?'

സൂരി നമ്പൂതിരിപ്പാടിന്റെ ചോദ്യം കേട്ട് ഇന്ദുലേഖ ഞെട്ടി. 'ഭ്രാന്തോ? എനിക്കോ?' തിരിച്ചു ചോദിച്ചു.

'അടിയന്‍' എന്ന് പറയാത്തതില്‍ അരിശം തോന്നിയെങ്കിലും തല്‍ക്കാലം മാറ്റിവെച്ച് നമ്പൂതിരിപ്പാട് പറഞ്ഞു. 'നമുക്ക് ഭ്രാന്തുണ്ട്; കലശലായ ഭ്രാന്ത്. അതാണ് ഇന്നലെ വരാന്‍ വൈകിയത്.' നമ്പൂതിരിപ്പാട് തനിക്ക് 'ഉണ്ട്' എന്ന് പറഞ്ഞ ഭ്രാന്ത് കഥകളി ഭ്രാന്താണ്. ഇന്ദുലേഖയെ കാണാന്‍ പുറപ്പെടാന്‍ നേരത്താണ് കഥകളിക്കാര്‍ ഇല്ലത്തെത്തിയത്. കളിഭ്രാന്തനായ നമ്പൂതിരിപ്പാട് യാത്ര തല്‍ക്കാലം നീട്ടിവെച്ചു; കഥകളി കണ്ടു. അര്‍ദ്ധരാത്രി കഴിഞ്ഞു പുറപ്പെടാന്‍.

ചന്തുമേനോന്റെ ഇന്ദുലേഖയില്‍ നിന്ന് ഉദ്ധരിക്കുകയാണ്. (തെറ്റുപറ്റിയെങ്കില്‍ ക്ഷമിക്കണം യുവര്‍ ഓണര്‍!) ചെണ്ടക്കാരന്റെ നിലവാരം അറിയാന്‍ വേണ്ടി കോടതിയില്‍ ചെണ്ട കൊട്ടിച്ച ന്യായാധിപനായിരുന്നു ഒയ്യാരത്ത് ചന്തുമേനോന്‍.

കഥകളി ഭ്രാന്ത് അങ്ങനെയാണ്. ഒരു ഒഴിയാബാധ. കഥകളി കാണണം; പഠിക്കണം; അരങ്ങേറണം... എന്ന മോഹം. അതും കൊണ്ട് നടന്ന കാലം, എന്റെ കുട്ടിക്കാലം. ഇരിയ വാഴുന്നോറുടെ ഇല്ലത്ത് കൊല്ലംതോറും മൂന്ന് ദിവസം കഥകളി. കോട്ടയ്ക്കല്‍ കഥകളി സംഘത്തിന്റെ. വാഴേങ്കട കുഞ്ചു നായരാശാന്‍, കലാമണ്ഡലം കൃഷ്ണന്‍ നായര്‍ തുടങ്ങിയവരുടെ കലാപ്രകടനം കണ്ടിട്ടുണ്ട്. കാഞ്ഞങ്ങാട് ചില ജന്മിമാരുടെ മാളിക വീടുകളില്‍ കളി നടത്താറുണ്ടായിരുന്നു. നേരം വെളുക്കുവോളം കളി കണ്ട് പിറ്റേന്ന് ക്ലാസില്‍ ഉറക്കം തൂങ്ങിയ കാലം! കളിഭ്രാന്ത് എന്നെ കേരള കലാമണ്ഡലത്തിലും എത്തിച്ചു. പക്ഷേ, അവധിക്കാലത്തായി ഞാന്‍ അവിടെ എത്തിയത്. കളരി അടഞ്ഞുകിടന്നു. എങ്കിലും കഥകളിക്കോപ്പുകള്‍ കണ്ട് തൃപ്തിപ്പെടേണ്ടിവന്നു.

ഈ പഴങ്കഥകള്‍ ഇപ്പോള്‍ ഓര്‍ക്കാനിടയാക്കിയത് ഒരു പത്രവാര്‍ത്തയാണ്: 'അമ്പത്തേഴാം വയസില്‍ പ്രസന്ന കുമാരിക്ക് സ്വപ്നസാഫല്യം. കഥകളിക്കാരിയായി അരങ്ങേറി'. മാക്കനംകോട്ട് ഇല്ലത്ത് നിന്നുള്ള റിപ്പോര്‍ട്ട്. (മാതൃഭൂമി 24.03.2025) ഒരു കൊല്ലത്തെ പഠനത്തിന് ശേഷം മാക്കരംകോട്ട് ഇല്ലത്തിന്റെ മുറ്റത്ത് പ്രസന്ന കുമാരിയും ആറ് കൂട്ടുകാരികളും അരങ്ങേറ്റം കുറിച്ചു. ബഹുഭാഷാ പണ്ഡിതനും പ്രഭാഷകനുമായ ഡോ. എ.എം ശ്രീധരന്‍ മാസ്റ്ററുടെ സഹധര്‍മ്മിണിയാണ് പ്രസന്ന കുമാരി.

സ്‌കൂള്‍, കോളേജ് കലോത്സവങ്ങളില്‍ മത്സര ഇനങ്ങളുടെ കൂട്ടത്തില്‍ കഥകളിയും ഉള്‍പ്പെടുത്തിയിട്ടുണ്ട്- ഒറ്റയായും സംഘമായും. പരിമിതമായ ദൈര്‍ഘ്യം മാത്രം. കഥകളി എന്നാല്‍ എന്തെന്ന് പരിചയപ്പെടാന്‍ സഹായിക്കും. കഥകളി എന്ന 'ആട്ടക്കല'യോട് (ആട്ടക്കഥയോടും) നീതി കാണിക്കാന്‍ അതുപോരാ. എങ്കിലും നമ്മുടെ വിദ്യാഭ്യാസ വകുപ്പ് അതെങ്കിലും ചെയ്യുന്നുണ്ടല്ലോ.

വിദ്യാര്‍ത്ഥി ആയിരിക്കെ അങ്കുരിച്ച മോഹമായിരിക്കും പ്രസന്ന കുമാരിക്കും ഇപ്പോള്‍ സാധിച്ചത്. മോഹമുകുളം വിടര്‍ന്നു. പ്രിയതമന്റെ പിന്തുണയോടെ

പ്രസന്ന കുമാരിക്ക് സ്വപ്നസാഫല്യം. നമുക്ക് ആഹ്ലാദ മുഹൂര്‍ത്തം. വാര്‍ത്ത വായിച്ച ഉടനെ ഞാന്‍ പ്രിയ സുഹൃത്തിനെ വിളിച്ചു, സന്തോഷം അറിയിക്കാന്‍.

Similar News