ARTICLE | ലഹരിക്കെതിരെയുള്ള പ്രതിജ്ഞ മുഴങ്ങട്ടെ, ഈ പെരുന്നാളില്‍

Update: 2025-03-29 10:59 GMT

വിശുദ്ധ റമദാന്‍ വിശ്വാസികള്‍ക്ക് അനുഗ്രഹങ്ങളും പാപമോചനത്തിന്റെയും നരകമോചനത്തിന്റെയും പ്രതീക്ഷകള്‍ നല്‍കി വിട പറയുകയാണ്. സത്യ വിശ്വാസികള്‍ സര്‍വ്വസ്രഷ്ടാവായ അല്ലാഹുവിനോട് റഹ്മത്തിനെ ചോദിച്ചും പാവങ്ങള്‍ അവന്റെ മുന്നില്‍ ഏറ്റുപറഞ്ഞും പശ്ചാതപിച്ചും ദാനധര്‍മ്മങ്ങളും ഇഫ്താര്‍ സംഗമങ്ങളും നടത്തിയും വിശുദ്ധ റമദാനിനെ നന്മകളെ കൊണ്ട് അലങ്കരിച്ച് ആത്മസംസ്‌കരണം നേടി യാത്ര അയക്കുകയാണ്.

ശവ്വാല്‍ പൊന്നമ്പിളി മാനത്ത് തെളിഞ്ഞ് കാണുന്നതോടെ മുസ്ലിം ലോകം ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു. പുത്തനുടപ്പ് ധരിച്ചും ഫിത്വര്‍ സക്കാത്ത് നല്‍കിയും കുടുംബബന്ധം ചേര്‍ത്തും ചെറിയ പെരുന്നാളിനെ വരവേല്‍ക്കുന്ന സന്തോഷ നിമിഷങ്ങളാണ് ഇനി.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഏറെ സന്തോഷം നല്‍കുന്ന ആഘോഷമാണ് പെരുന്നാള്‍. 30 ദിവസത്തെ വ്രതാനുഷ്ഠാനവും അതിന്റെ രാവുകളിലെ തറാവീഹ് നിസ്‌കാരവും സത്യവും അസത്യവും വേര്‍തിരിച്ച് ലോകത്തിന് കാണിച്ച ബദരിയങ്ങളുടെ റമദാന്‍ 17ലെ ബദര്‍യുദ്ധ വിജയത്തെ സ്മരിച്ചും ഒരു പുണ്യപ്രവൃത്തിക്ക് ആയിരം മാസം പുണ്യം ചെയ്ത കൂലി ലഭ്യമാവുന്ന ലൈലത്തുല്‍ ഖദ്‌റിനെ പ്രതീക്ഷിച്ച് പൂര്‍ണസമയവും ആരാധനകളില്‍ മുഴുകിയും റമദാന്‍ മാസത്തെ ചൈതന്യവത്താക്കിയ വിശ്വാസികള്‍ ഏറെ സന്തോഷത്തോടെയാണ് ചെറിയ പെരുന്നാളിനെ വരവേല്‍ക്കുന്നത്. ഈ സന്തോഷ നിമിഷങ്ങള്‍ മറ്റുള്ളവരുടെ സന്തോഷത്തെ ഹനിക്കുന്ന തരത്തില്‍ തിന്മകളൊന്നും ചെയ്യാതെ വലിയ ആഹ്ലാദത്തോടെ കൊണ്ടാടപ്പെടാന്‍ കഴിയണം. സ്‌നേഹസന്ദേശങ്ങള്‍ കൈമാറിയും പരസ്പരം സ്‌നേഹപ്രകടനം നടത്തിയും നമ്മുടെ നാടിനെ കാര്‍ന്നുതിന്നുകൊണ്ടിരിക്കുന്ന, നമ്മുടെ കുഞ്ഞനുജന്‍മാരെ വശീകരിച്ച് നശിപ്പിച്ച് കൊണ്ടിരിക്കുന്ന ലഹരി മാഫിയക്കെതിരെയുള്ള പ്രതിജ്ഞ ഉള്‍ക്കൊണ്ടും ചെറിയ പെരുന്നാളിനെ ആഘോഷിക്കാന്‍ നമുക്ക് കഴിയണം.

ഇന്ന് ഏറെ ചര്‍ച്ചയായി കൊണ്ടിരിക്കുന്ന, അതിലുപരി ഉപയോഗം കൊണ്ട് ഉടയവര്‍ക്കും ഉറ്റവര്‍ക്കും ജീവന്‍ നഷ്ടമായിക്കൊണ്ടിരിക്കുന്ന ഒന്നാണ് ഈ കാലത്തിന്റെ വലിയ ശാപമായിത്തീര്‍ന്ന രാസലഹരി. നൊന്ത് പ്രസവിച്ച മാതാവിനെയും സ്‌നേഹിച്ച് വളര്‍ത്തിയ പിതാവിനെയും കൂടപിറപ്പായ സഹോദരങ്ങളെയും വെട്ടിയും കുത്തിയും കൊലപ്പെടുത്തി കൊണ്ടിരിക്കുന്ന വാര്‍ത്തകളാണ് ചുറ്റുനിന്നും കേട്ടുകൊണ്ടിരിക്കുന്നത്. എം.ഡി.എം.എ എന്ന വാക്ക് കേള്‍ക്കാത്ത ദിവസങ്ങളില്ല.

സ്‌കൂള്‍ കുട്ടികള്‍ മുതല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ വരെ ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ പലരും ലഹരിയുടെ അടിമകളായി മാറിക്കൊണ്ടിരിക്കുന്നുവെന്ന വാര്‍ത്തകള്‍ നമ്മെ ദിവസവും ഞെട്ടിച്ച് കൊണ്ടിരിക്കുന്നു. ഈ നടുക്കുന്ന വാര്‍ത്തകള്‍ക്കിടയിലാണ് ഇത്തവണ റമദാന്‍ മാസവും ചെറിയ പെരുന്നാളും വന്നെത്തിയത്.

ഇത്തവണത്തെ പെരുന്നാള്‍ ലഹരിക്കെതിരെയുള്ള സന്ദേശമായി മാറട്ടെ. സമാധാനത്തിന്റെയും സ്‌നേഹത്തിന്റെയും ചെറിയ പെരുന്നാളാഘോഷം വിശുദ്ധമാസത്തില്‍ നാം കൊയ്‌തെടുത്ത ആത്മസംസ്‌ക്കരണം നഷ്ടപ്പെടാതെ, തെറ്റായ രീതികളില്‍ നിന്നെല്ലാം പൂര്‍ണമായി മാറി നിന്ന് ആഘോഷിക്കാന്‍ നമുക്ക് സാധിക്കട്ടെ.

Similar News