വൃത്തിയും വെടിപ്പും അടുക്കും ചിട്ടയും

Update: 2025-05-05 10:42 GMT

ഓരോ മുറിയിലും വെച്ചിട്ടുള്ള സാധനങ്ങള്‍ മുഴുവന്‍ അവിടെ വേണ്ടതാണോ എന്ന് ആദ്യം തീരുമാനിക്കുക. ആവശ്യമുള്ളതും ഇല്ലാത്തതുമായ സാധനങ്ങളുടെ ഒരു ലിസ്റ്റ് തയ്യാറാക്കുക. കാലഹരണപ്പെട്ടതും അനാവശ്യവുമായ വസ്തുക്കള്‍ എടുത്തുമാറ്റാം. ഭാവിയില്‍ ഉപയോഗത്തിന് സാധ്യതയുണ്ട് എന്ന് തോന്നുന്ന സാധനങ്ങള്‍ എവിടെയെങ്കിലും കെട്ടിവെക്കണം. പ്രധാനപ്പെട്ട വസ്തുക്കള്‍ ഒഴിവാക്കപ്പെട്ടിട്ടില്ല എന്ന് ഉറപ്പാക്കണം. നിരന്തരം ആവശ്യമുള്ളവ എളുപ്പത്തില്‍ കിട്ടാവുന്ന തരത്തില്‍ സൂക്ഷിക്കണം.

ഒരു വൃത്തിയും മെനയും ഇല്ലാത്ത വീട്. ചിലര്‍ പറയുന്നത് കേള്‍ക്കാറുണ്ട്. എത്ര ശ്രമിച്ചിട്ടും വീടിന് അടുക്കും ചിട്ടയും കൈവരുന്നില്ല എന്ന് തോന്നാറുണ്ട്. ചില വീടുകള്‍ അങ്ങനെയാണ്. എത്ര വൃത്തിയാക്കിയാലും അടുക്കി പെറുക്കി വെച്ചാലും തൃപ്തി കിട്ടാത്തതുപോലെ. മുറികള്‍ കാണുമ്പോഴേ ശ്വാസംമുട്ടും. അലമാരകളും ഷെല്‍ഫുകളും നിറയെ അടുക്കും ചിട്ടയും ഇല്ലാത്ത സാധനസാമഗ്രികള്‍. മുറി നിറയെ അങ്ങിങ്ങായി ചിതറികിടക്കുന്ന വീട്ടുപകരണങ്ങള്‍. കുറെ കഴിയുമ്പോള്‍ എല്ലാം കൂടി നിറഞ്ഞ കൊച്ചു ഗോള്‍ഡന്‍ പോലെ ഉണ്ടാകും. എല്ലാം ഒന്ന് അടുക്കി പെറുക്കി മുറികള്‍ വൃത്തിയായി സൂക്ഷിക്കണമെന്ന് അതിയായ ആഗ്രഹമുണ്ട്. എന്നാല്‍ ഒന്നിനും കഴിയാറില്ല. ജീവിതത്തിന്റെ തിരക്കിനിടയില്‍ ഒന്നിനും സമയമില്ലാത്ത പോലെ. തിരക്കോട് തിരക്ക്. ഇതൊക്കെയാണ് നമ്മുടെ പരാതികള്‍. പക്ഷേ ഇത് സമയമില്ലായ്മയോ തിരക്കോ അല്ല. അതിനായി മനസ്സ് വെക്കാത്തതാണ്. ദിവസവും അല്‍പം സമയവും മനസ്സും നീക്കി വെക്കാന്‍ ഉണ്ടെങ്കില്‍ ഈ പ്രശ്‌നം അലട്ടുകയില്ല.

വീട്ടില്‍ അടുക്കും ചിട്ടയും എങ്ങനെ ഉണ്ടാകും എന്നതിന് ചില നിര്‍ദ്ദേശങ്ങള്‍ നോക്കാം... ഓരോ മുറിയിലും വെച്ചിട്ടുള്ള സാധനങ്ങള്‍ മുഴുവന്‍ അവിടെ വേണ്ടതാണോ എന്ന് ആദ്യം തീരുമാനിക്കുക. ആവശ്യമുള്ളതും ഇല്ലാത്തതുമായ സാധനങ്ങളുടെ ഒരു ലിസ്റ്റ് തയ്യാറാക്കുക. കാലഹരണപ്പെട്ടതും അനാവശ്യവുമായ വസ്തുക്കള്‍ എടുത്തുമാറ്റാം. ഭാവിയില്‍ ഉപയോഗത്തിന് സാധ്യതയുണ്ട് എന്ന് തോന്നുന്ന സാധനങ്ങള്‍ എവിടെയെങ്കിലും കെട്ടിവെക്കണം. പ്രധാനപ്പെട്ട വസ്തുക്കള്‍ ഒഴിവാക്കപ്പെട്ടിട്ടില്ല എന്ന് ഉറപ്പാക്കണം. നിരന്തരം ആവശ്യമുള്ളവ എളുപ്പത്തില്‍ കിട്ടാവുന്ന തരത്തില്‍ സൂക്ഷിക്കണം. വീടിന്റെയും വാഹനത്തിന്റെയും ബാങ്ക് അക്കൗണ്ട് രേഖകള്‍, എ.ടി.എം കാര്‍ഡ്, വീട്ടുപകരണങ്ങളുടെ ഗ്യാരണ്ടി സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയവ വീട്ടിലെ മുതിര്‍ന്ന അംഗങ്ങള്‍ക്ക് പെട്ടെന്ന് കിട്ടുന്ന രീതിയില്‍ വെക്കണം. വീട്ടിലെ അംഗങ്ങള്‍ എന്നും ഉപയോഗിക്കാറുള്ള വസ്ത്രങ്ങളും പുസ്തകങ്ങളും അലമാരകളിലം ഷെല്‍ഫുകളിലും അടുക്കി വെച്ചാല്‍ ഒരുപാട് സ്ഥലം ലാഭിക്കാം. അലക്കാനുള്ള വസ്തുക്കള്‍ പല ഇടങ്ങളിലായി ചിതറിയിടാതെ പ്രത്യേകം ബക്കറ്റിലോ കാര്‍ഡ് ബോര്‍ഡ് പെട്ടിയിലോ സൂക്ഷിക്കണം. അവിചാരിതമായി ഒരു അതിഥി വീട്ടില്‍ വന്നേക്കാം. വേഗം മുറികള്‍ അടിച്ചുവാരി ബെഡ്‌റൂം വരെ ഒരുവിധം മിനുക്കി എടുക്കും. പിന്നെ മുഷിഞ്ഞ തുണികള്‍ എല്ലാം ചുരുട്ടിക്കൂട്ടി ബാത്‌റൂമില്‍ കൊണ്ടിടും. മറ്റുള്ളവര്‍ കാണുന്ന ഇടങ്ങള്‍ വൃത്തിയാക്കുന്നത് പോലെ തന്നെ പ്രാധാന്യമുള്ളതാണ് ആരുടെയും ശ്രദ്ധ പെട്ടെന്ന് പോവാത്ത സ്ഥലം അടുക്കി വെക്കുന്നതും. ഒന്ന് മനസ്സ് വെച്ചാല്‍ ദിവസവും അരമണിക്കൂര്‍ മതി അടുക്കും ചിട്ടയും കൊണ്ടുവരാന്‍. ചില വീടുകളില്‍ വീട്ടമ്മ വീട് വൃത്തിയാക്കും. മറ്റുള്ളവര്‍ അത് നോക്കി നില്‍ക്കും. അത് നല്ല രീതിയല്ല. ഓരോരുത്തരും അവരവര്‍ ഉപയോഗിക്കുന്ന സ്ഥലം വൃത്തിയാക്കി വെക്കണം. വൃത്തിയെ കുറിച്ച് പ്രസംഗിച്ചത് കൊണ്ടായില്ല, പ്രവര്‍ത്തിയില്‍ കൊണ്ടുവരണം. വീട്ടിലെ കുട്ടികള്‍ മുതിര്‍ന്ന വരെ കണ്ടാണ് ഓരോന്നും പഠിക്കുക എന്ന കാര്യം ഓര്‍മ്മയില്‍ ഉണ്ടാവണം. അടുക്കളയും ഭക്ഷണം കഴിക്കുന്ന മുറിയും ഒക്കെ അതാത് ദിവസം തന്നെ വെടിപ്പാക്കി വെക്കാം. പാചകം ചെയ്യുമ്പോഴും വൃത്തിയും ചിട്ടയും ഉണ്ടാവണം. ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍ പാത്രങ്ങള്‍ അപ്പോള്‍ തന്നെ കഴുകി അടുക്കി വയ്ക്കാം. നേരം വെളുത്തിട്ട് ആവട്ടെ എന്ന് കരുതരുത്. അടുക്കളയും ഡൈനിംഗ് റൂമുമൊക്കെ അന്ന് വൃത്തിയാക്കണം. വീട്ടിലെ അടുക്കള വേസ്റ്റുകള്‍ കെട്ടിവെക്കാതെ കളയണം. പൊടിഞ്ഞുപോയ പഴയ സാധനങ്ങള്‍ എടുത്തു കളയണം. അതുപോലെ കറണ്ട് ബില്ല്, ടെലിഫോണ്‍ ബില്ല് തുടങ്ങിയവ കുറെ കാലത്തേക്ക് സൂക്ഷിച്ച് വെയ്‌ക്കേണ്ടതില്ല. ഉപയോഗിക്കാത്ത ചീപ്പുകള്‍, പൊട്ടിയ കണ്ണാടികള്‍, തീര്‍ന്ന മരുന്നു കുപ്പികള്‍, സോപ്പിന്റെയും പേസ്റ്റിന്റെയും കവറുകള്‍ ഇവയൊന്നും സൂക്ഷിച്ചു വയ്‌ക്കേണ്ടതില്ല. ചില വീടുകള്‍ നമ്മളെ വല്ലാതെ മോഹിപ്പിക്കും. കാരണം വൃത്തിയും വെടിപ്പും അടുക്കും ചിട്ടയും തന്നെ. വീട് അതില്‍ താമസിക്കുന്നവരുടെ മനസ്സിന്റെ കണ്ണാടിയാണ്. വീട്ടിലെ ഓരോ അംഗവും ഇക്കാര്യം ഓര്‍മ്മയില്‍ വെക്കണം.

Similar News